പൊന്നാനിയിലെ മറൈന്‍ മ്യൂസിയം നിര്‍മാണം ഇന്ന് തുടങ്ങും
പൊന്നാനി: സിങ്കപ്പൂരിലെ യൂനിവേഴ്സല്‍ സ്റ്റുഡിയോയുടെ മാതൃകയില്‍ ടൂറിസം വകുപ്പ് നിര്‍മിക്കുന്ന മറൈന്‍ മ്യൂസിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നാരംഭിക്കും. പദ്ധതിപ്രദേശം സന്ദര്‍ശിച്ച ശേഷം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയാണ് ഇക്കാര്യം അറിയിച്ചത്. ത്രീഡി ദൃശ്യചാരുതയോടെയുള്ള തത്സമയ അക്വേറിയമാണ് മറൈന്‍ മ്യൂസിയത്തിലെ ആകര്‍ഷകമായ ഇനം.
ത്രീഡി സെന്‍സോടു കൂടിയ രാജ്യത്തെ ആദ്യ മ്യൂസിയമായിരിക്കുമിത്. ചമ്രവട്ടം പ്രോജക്ട് ഓഫിസിനോട് ചേര്‍ന്ന ഭാരതപ്പുഴയോരത്താണ് മ്യൂസിയം നിര്‍മിക്കുന്നത്. ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 5.30 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. 4. 30 കോടി രൂപ ടൂറിസം വകുപ്പും ഒരു കോടി രൂപ എം.പി ഫണ്ടില്‍ നിന്നുമാണ് നല്‍കുക.
നിര്‍മിതികേന്ദ്രക്കാണ് നിര്‍മാണ ചുമതല. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി തുടക്കത്തില്‍ നടന്നിരുന്നുവെങ്കിലും ഇപ്പോഴാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകുന്നത്. 12 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കരാര്‍.
രാജ്യത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ സംരംഭമെന്ന നിലയിലാണ് പൊന്നാനിയില്‍ മറൈന്‍ മ്യൂസിയം വിഭാവനം ചെയ്തിട്ടുള്ളത്. കായല്‍, പുഴ, കടല്‍ എന്നിവടങ്ങളിലെ വൈവിധ്യങ്ങളും ജീവജാലങ്ങളും ഒരു മേല്‍ക്കൂരക്ക് കീഴില്‍ ക്രമീകരിക്കപ്പെടുന്ന പദ്ധതിയാണിത്.
ആഴക്കടലിലെ വിസ്മയങ്ങളെ പ്രദര്‍ശനത്തിനായി ഒരുക്കുന്നതിലൂടെ ടൂറിസ്റ്റുകളുടെയും അക്കാദമിക് യാത്രികരുടെയും ഒഴുക്ക് ഒരു പോലെ മ്യൂസിയത്തിലേക്ക് സാധ്യമാക്കാനാകുമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ സഹായത്തോടെപ്പം സ്വകാര്യ പങ്കാളിത്തവും പദ്ധതിയുടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്ദേശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."