ഓപ്പറേഷന്‍ ഒളിംപിയ; കേരളം ആക്ഷന്‍പ്ലാന്‍ സമര്‍പ്പിച്ചു
തിരുവനന്തപുരം: കേരളത്തിന്റെ 'ഓപ്പറേഷന്‍ ഒളിംപിയ പദ്ധതി'യുടെ ആക്ഷന്‍ പ്ലാന്‍ ഒളിംപിക്‌സ് ടാസ്‌ക് ഫോഴ്‌സിന് മുന്നില്‍ കേരളം സമര്‍പ്പിച്ചു. ഒളിംപിക്‌സ് ലക്ഷ്യമിട്ടുള്ള സംസ്ഥാനത്തെ തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ സംഘടിപ്പിച്ച വര്‍ക്ക്‌ഷോപ്പിലാണ് ആക്ഷന്‍ പ്ലാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒളിംപിക്‌സ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ ഓം പഥകിന് കൈമാറിയത്. കായിക യുവജനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസഥരും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളും വിദ്യാഭ്യാസ വകുപ്പിലെ കായിക വിഭാഗം പ്രതിനിധികളും പരിശീലകരും കായിക താരങ്ങളും വിവിധ അസോസിയേഷന്‍ പ്രതിനിധികളും ഏകദിന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തു.
ഓം പഥക്കുമായി പ്രതിനിധികള്‍ വിശദമായ ചര്‍ച്ച നടത്തി. കേരളം സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ജൂലൈയില്‍ നടക്കുന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുമെന്ന് ഓം പഥക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിന്റെ നിര്‍ദേശങ്ങളില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ ഇനങ്ങളാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതി തയ്യാറാക്കിയെങ്കിലും ഓപ്പറേഷന്‍ ഒളിംപിയ എന്ന് തുടങ്ങുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. സ്‌കൂള്‍ തലത്തിലും താഴെത്തട്ടിലും മികച്ച താരങ്ങളെ കണ്ടെത്തി വളര്‍ത്തി കൊണ്ടു വരാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
ദേശീയ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളുടെ പട്ടിക തയാറാക്കിയാണ് ഓപ്പറേഷന്‍ ഒളിംപിയ പദ്ധതിയിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നതെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ പറഞ്ഞു. ദേശീയ തലത്തില്‍ മികവു തെളിയിക്കുന്ന കായിക താരങ്ങള്‍ക്ക് ഏഴു മുതല്‍ പത്തു ലക്ഷം രൂപ വരെ വാര്‍ഷിക ഫെലോഷിപ്പും സംസ്ഥാനതലം വരെ എത്തിയവര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ വാര്‍ഷിക ഫെലോഷിപ്പും നല്‍കുന്ന പദ്ധതി നടപ്പാക്കണമെന്ന നിര്‍ദേശവും കേരളം, ടാസ്‌ക് ഫോഴ്‌സിനു മുന്നില്‍ സമര്‍പ്പിച്ചു. പരുക്കേറ്റ് കരിയര്‍ അവസാനിച്ച താരങ്ങള്‍ക്കായും പ്രത്യേക പദ്ധതി നടപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് പുറമേ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനും ജോലി ലഭ്യത ഉറപ്പു വരുത്താനുമുള്ള ശ്രമങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍കുമാര്‍, വൈസ് പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."