വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കാരത്തൂരും തൃപ്രങ്ങോടും കഞ്ചാവ് വില്‍പ്പന
ബിപി അങ്ങാടി: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് ബിപി അങ്ങാടിയിലും പരിസരങ്ങളിലും കഞ്ചാവ് വില്‍പ്പന സജീവം. ബി പി അങ്ങാടി, കാരത്തൂര്‍ ഭാഗങ്ങളിലാണ് കഞ്ചാവ് വില്‍പ്പന അരങ്ങ് തകര്‍ക്കുന്നത്. കാരത്തൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവാവാണ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നത്. ഇയാളെ കഴിഞ്ഞദിവസം നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്തിരുന്നു. കൈനിക്കര, ചെമ്പാല, ബീരാഞ്ചിറ, കാരത്തൂര്‍, കൊടക്കല്‍ എന്നിവിടങ്ങളിലേക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതും ഈ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ്. വിവിധ കച്ചവടത്തിനെന്ന പേരില്‍ സ്‌കൂട്ടറില്‍ കറങ്ങുന്ന യുവാവിന് സ്ഥിരം ആവശ്യക്കാരുണ്ട്. ഇയാള്‍ക്ക് കഞ്ചാവ് എത്തിക്കുന്നത് മച്ചാന്‍ എന്ന ഇരട്ടപ്പേരുള്ള യുവാവാണ്. മച്ചാന്‍ കുടുംബസമ്മേതം വാടക ക്വാര്‍ട്ടേഴ്‌സുകളിലാണ് താമസം. ഒരു പ്രദേശത്ത് സ്ഥിരമായി താമസിക്കാത്ത യുവാവ് കാല്‍നടയാത്രയാണ് പതിവ്. ഇതുകൊണ്ടുതന്നെ ഇയാളെ ആരും സംശയിക്കാറില്ല. എന്നാല്‍ ഇയാള്‍ എക്‌സൈസ് വിഭാഗത്തിന്റെ നോട്ടപ്പുള്ളിയാണ്. ഇയാളെ തെളിവുസഹിതം പിടികൂടുന്നതിനായി അധികൃതര്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
എക്‌സൈസ് അധികൃതരെത്തുമ്പോള്‍ കഞ്ചാവ് വീട്ടിലെ സ്ത്രീകളെ ഏല്‍പ്പിച്ച് രക്ഷപ്പെടുകയാണ് പതിവ്. തൃപ്രങ്ങോട് വാടക കെട്ടിടം കേന്ദ്രീകരിച്ചും വില്‍പ്പന സജീവമാണ്. ഇവിടേക്ക് കഞ്ചാവെത്തുന്നത് സമീപ ജില്ലയില്‍ നിന്നാണ്. സ്ഥിരം ആവശ്യക്കാര്‍ക്ക് മാത്രം വില്‍പ്പന നടത്തുന്ന യുവാവ് വീട്ടുപേരിന്റെ ഇംഗ്ലീഷ് ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. പ്രദേശത്തെ കെട്ടിടത്തിലെ അന്യ സംസ്ഥാന തൊഴിലാളികളും ഇയാളുടെ സ്ഥിരം ആവശ്യക്കാരാണ്. കഴിഞ്ഞ ദിവസം കഞ്ചാവിനായി ഇവിടെയെത്തിയ യുവാവ് കഞ്ചാവ് ലഭിക്കാത്തതിനാല്‍ പരാക്രമം കാട്ടിയതോടെ നാട്ടുകാര്‍ കൈകാര്യം ചെയ്തു വിട്ടയക്കുകയായിരുന്നു. പച്ച സ്‌കൂട്ടറില്‍ കറങ്ങുന്ന ഇയാളെ അന്വേഷിച്ചും നിരവധി തവണ എക്‌സൈസ് സംഘം എത്തിയിരുന്നെങ്കിലും സ്ത്രീകളെ 'പൊതികളേ'ല്‍പ്പിച്ച് രക്ഷപ്പെടുകയായിരുന്നു. സ്ത്രീകളാകട്ടെ രഹസ്യ ഭാഗങ്ങളില്‍ ഒളിപ്പിച്ച് കൈമലര്‍ത്തുകയാണ് പതിവ്. ഇതേതുടര്‍ന്ന് ഇപ്പോള്‍ മിക്ക സ്ഥലങ്ങളിലേക്കും എക്‌സൈസ് സംഘം വനിതാ ഗാര്‍ഡുമായാണ് പരിശോധനക്കെത്തുന്നത്. പ്രശ്‌നത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപത്തെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് പ്രശ്‌നത്തിലിടപെടാനുള്ള തയാറെടുപ്പിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."