നിര്‍മാണം പൂര്‍ത്തിയാകും മുന്‍പേ വില്ലനായി തലശേരി-വളവുപാറ റോഡ്
ഇരിട്ടി: തലശേരി-വളവുപാറ റോഡില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി മണ്ണിടിച്ചില്‍. പുന്നാട് മുതല്‍ കൂട്ടുപുഴ വരെ ഭുരന്ത ഭീതി ഉയര്‍ത്തി വ്യാപകമായി കുന്നിടിച്ചില്‍ തുടരുകയാണ്. കനത്ത മഴയില്‍ റോഡില്‍ നിരവധി സ്ഥലങ്ങളിലാണ് കുന്നിടിഞ്ഞ് ഗതാഗതം വഴിതിരിച്ചു വിടേണ്ടി വന്നത്. ഗതാഗത തടസവും കുന്നിടിയലും തുടര്‍ക്കഥയായതോടെ പ്രതിവിധിയറിയാതെ കൈമലര്‍ത്തുകയാണ് അധികൃതര്‍. ആശങ്കയിലായ ജനങ്ങളുടെ ഭീതിയകറ്റാന്‍ ഉന്നതതല യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ രംഗത്തെത്തി.
അന്തര്‍സംസ്ഥാന പാതയുടെ 20 കിലോമീറ്ററോളം വരുന്ന ദൂരത്തില്‍ ഇരുഭാഗങ്ങളിലുമായി നിരവധിയിടങ്ങളില്‍ അപകട ഭീഷണി നിലനില്‍ക്കുകയാണ്. റോഡിന്റെ നിലവിലുള്ള അലൈന്‍മെന്റില്‍ മാറ്റം വന്നപ്പോള്‍ അഞ്ചു മുതല്‍ 25 മീറ്റര്‍ വരെ ഉയരത്തില്‍ കുന്നിടിക്കേണ്ടി വന്നിരുന്നു. റോഡിനായി ഏറ്റെടുത്ത സ്ഥലം പൂര്‍ണമായും പ്രയോജനപ്പെടുത്തിയപ്പോള്‍ കൂറ്റന്‍ പാറക്കെട്ടുകളും മറ്റും നിറഞ്ഞ കുന്നിന്റെ ഭൂരിഭാഗവും അപകടകരമാം വിധം റോഡിന്റെ അരികിലായി. ഇത്തരം സ്ഥലങ്ങളിലാണ് ഇപ്പോള്‍ വന്‍തോതില്‍ കുന്നിടിയുന്നത്. മാടത്തില്‍, കുന്നോത്ത് തുടങ്ങിയ പ്രദേശങ്ങളിലെ കുന്നിടിച്ചിലിന് പിന്നാലെ കീഴൂര്‍കുന്നില്‍ ഇന്നലെ റോഡിനോട് ചേര്‍ന്ന് 25 മീറ്ററോളം ഉയരമുള്ള കുന്നിന്റെ ഒരുഭാഗം റോഡിലേക്ക് ഇടിഞ്ഞുവീണു. മഴ ശക്തമായി തുടരുന്നതിനാല്‍ റോഡരികിലെ കുന്നുകള്‍ വ്യാപകമായി ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് അപകടഭാഗത്ത് ബാരിക്കേഡുകള്‍ തീര്‍ത്ത് ഗതാഗതം പഴയ റോഡിലൂടെ തിരിച്ചുവിട്ടു.
കുന്നോത്ത് കഴിഞ്ഞദിവസം ഇടിഞ്ഞ ഭാഗത്തെ മണ്ണും കല്ലും നീക്കിയെങ്കിലും അപകടഭീഷണി നിലനില്‍ക്കുകയാണ്. ഇവിടെയും ബാരിക്കേഡുകള്‍ തീര്‍ത്ത് പഴയ റോഡിലൂടെ ഗതാഗതം തിരിച്ചു വിട്ടിരിക്കുകയാണ്.
കച്ചേരിക്കടവ് പാലം ജങ്ഷനിവും വളവുപാറയിലും നിരവധിയിടങ്ങളില്‍ ഏതുനിമിഷവും റോഡിലേക്ക് പതിക്കാവുന്ന നിലയിലാണ് കുന്നുകള്‍. കുന്നിന് മുകളിലെ കൂറ്റന്‍ മരങ്ങളും ഭീഷണിയാകുന്നുണ്ട്. കുന്നിടിയുന്ന പ്രദേശങ്ങള്‍ തിരക്കേറിയ വാഹന ഗതാഗതമുള്ളവയാണെങ്കിലും കുന്നിടിയുന്ന സമയങ്ങളില്‍ വാഹനങ്ങളോ ആളുകളോ ഇല്ലാത്തതിനാല്‍ വന്‍ അപകടം മാറിനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."