അരീക്കരക്കുന്ന് ബി.എസ്.എഫ് കേന്ദ്രം നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്ക്
പാറക്കടവ്: അരീക്കരക്കുന്ന് ബി.എസ്.എഫ് കേന്ദ്രത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്ക്. കേന്ദ്രത്തില്‍ 137 പേരടങ്ങുന്ന ഒരു കമ്പനി സേന കൂടിയെത്തി. കഴിഞ്ഞമാസം ഒരു കമ്പനി സേന ഇവിടെ എത്തിയിരുന്നു. ഇപ്പോള്‍ 270ലധികം സേനാംഗങ്ങള്‍ ക്യാംപിലുണ്ട്. തലശ്ശേരി സ്വദേശി സി. ഷിജു അസി. കമാന്‍ഡന്റായ കമ്പനിയാണ് പുതുതായി എത്തിയത്. നൂറുകോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അരീക്കരക്കുന്നില്‍ പുരോഗമിക്കുന്നത്.
ജവാന്മാര്ക്ക് താമസിക്കാനുള്ള ബാരക്കിന്റെയും എ ക്ലാസ് വണ്‍ ഓഫിസേഴ്സ് ക്വാര്‍ട്ടേഴ്സ്, ഷോപ്പിങ് കോംപ്ലക്സ്, ബാങ്ക്, ആയുധപ്പുര, വാഹനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഗാരേജ് തുടങ്ങിയവയുടെയും നിര്‍മാണം പൂര്‍ത്തിയായി. കുടിവെള്ള സൗകര്യങ്ങളും സേനാ ആസ്ഥാനത്തേക്കുള്ള റോഡുകളുടെ പ്രവൃത്തിയുമാണ് പൂര്‍ത്തിയാക്കാനുള്ളത്. ജില്ലാ അതിര്‍ത്തിയായ കായലോട്ട് താഴ പാലത്തിന് സമീപത്തു നിന്നുള്ള റോഡ് പ്രവൃത്തി നേരത്തേ പൂര്‍ത്തിയായിരുന്നു. അന്ത്യാരി ഭാഗത്തു നിന്ന് ബി.എസ്.എഫ് കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡിന്റെ നിര്‍മാണമാണ് ഇനി തുടങ്ങാനുള്ളത്.
റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് സമീപവാസികളില്‍ നിന്നുണ്ടായ എതിര്‍പ്പിനെ തുടര്‍ന്നാണ് പ്രവൃത്തി നീണ്ടുപോയത്. സേനാ കേന്ദ്രത്തിലേക്ക് കുടിവെള്ളമത്തെിക്കാന്‍ കായലോട്ട് താഴെ പുഴയോരത്ത് സ്ഥലം വാങ്ങി കിണര്‍ നിര്‍മിച്ചിട്ടുണ്ട്.
കുടിവെള്ളം പൈപ്പ് വഴി കേന്ദ്രത്തിലേക്ക് എത്തിക്കാനുള്ള പ്രവൃത്തിയും നടന്നുവരികയാണ്.
സൈനിക ആശുപത്രിയുടെയും കേന്ദ്രീയ വിദ്യാലയത്തിന്റെയും പ്രവൃത്തി തുടങ്ങിയിട്ടില്ല. അന്യാധീനപ്പെട്ട 50 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ബി.എസ്.എഫ് കേന്ദ്രത്തിന് ഏറ്റെടുത്ത് നല്‍കിയത്. അഞ്ച് ഏക്കര്‍ ഭൂമി കേന്ദ്രീയ വിദ്യാലയത്തിനു മാറ്റിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."