അനിശ്ചിതത്വം നീങ്ങി; കാസര്‍കോട് മെഡിക്കല്‍ കോളജിന് അന്തിമാനുമതി
ബദിയഡുക്ക: ഉക്കിനടുക്കയിലെ നിര്‍ദിഷ്ട കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിട നിര്‍മാണ പ്രവൃത്തിക്കുള്ള അനുമതിയായതോടെ അനിശ്ചിത്വത്തിന്റെ കാര്‍മേഘം നീങ്ങി. 85കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആശുപത്രി സമുച്ചയത്തിനാണ് അന്തിമ അനുമതി ലഭിച്ചത്. കാസര്‍കോട് നിയോജക മണ്ഡലം എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിന്റെയും ജനകീയസമര സമിതിയുടെയും നിരന്തരമായ ഇടപെടല്‍ മൂലമാണ് പ്രവൃത്തിക്കുള്ള അനുമതി ലഭിച്ചത്.
നിര്‍മാണ അനുമതി നല്‍കിയ സര്‍ക്കാരിനും ഇതിനായി അക്ഷീണം പ്രയത്‌നിച്ച എം.എല്‍.എയ്ക്കും ജനകീയ സമരസമിതിക്കും അനുമോദനമര്‍പ്പിക്കുകയാണ് കാസര്‍കോട് ജനത.
2015ല്‍ തന്നെ ടെന്‍ഡറിന് അനുമതി ലഭിച്ചെങ്കിലും പിന്നീട് സാങ്കേതിക കാരണം പറഞ്ഞു നീട്ടിക്കൊണ്ടു പോവുകയായിരുന്നു. മെഡിക്കല്‍ കോളജ് അക്കാദമിക് കെട്ടിടം നിര്‍മാണം ആരംഭിച്ച ഘട്ടത്തില്‍ തന്നെ ആശുപത്രി ബ്ലോക്കിനും ടെന്‍ഡര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ടെന്‍ഡര്‍ തുകയിലെ വര്‍ധനവു കാരണം നിര്‍മാണം നീളുകയായിരുന്നു. ഘട്ടംഘട്ടമായാണ് ആശുപത്രി ബ്ലോക്ക് നിര്‍മാണം നടക്കുക.
500 ബെഡ് സൗകര്യമുള്ള അപ്പാര്‍ട്ട്‌മെന്റുകളായാണ് ആശുപത്രി ബ്ലോക്ക് രൂപകല്‍പന ചെയ്തിട്ടുള്ളത്. ഒന്‍പത് ഓപറേഷന്‍ തിയറ്റര്‍, ലേബര്‍ കോംപ്ലക്‌സ്, ഐ.സി.യു, നഴ്‌സറി, ഫാര്‍മസി, സ്റ്റോര്‍സ്, ബ്ലഡ് ബാങ്ക്, ലബോറട്ടറികള്‍, സി.എസ്.എസ്.ഡി ഉള്‍പ്പെട്ട കാഷ്വാലിറ്റി ബ്ലോക്ക്, എക്‌സ്‌റേ, എം.ആര്‍.ഐ സ്‌കാന്‍, സി.ടി സ്‌കാന്‍, അള്‍ട്രാ സൗണ്ട് സ്‌കാനിങ് തുടങ്ങിയവ ഉള്‍പ്പെടുന്ന റേഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവ അടങ്ങിയതാണ് ആശുപത്രി ബ്ലോക്ക്.
ജലത്തിന്റെ ആവശ്യകത ഉറപ്പുവരുത്താനുള്ള ഓവര്‍ഹെഡ് വാട്ടര്‍ ടാങ്കും ഉള്‍ക്കൊള്ളുന്നു. ആശുപത്രി കെട്ടിടത്തിനൊപ്പം 530 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള ഒരു സബ്‌സ്റ്റേഷന്‍ കെട്ടിടവും കണക്കാക്കപ്പെടുന്നു.
2013 നവംബര്‍ 30നാണ് കാസര്‍കോടിന്റെ സ്വപ്ന പദ്ധതിയായ കാസര്‍കോട് മെഡിക്കല്‍ കോളജിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടത്. തുടര്‍ന്ന് അക്കാദമിക്, ആശുപത്രി ബ്ലോക്കുകളുടെ ടെന്‍ഡര്‍ നടപടികള്‍ക്ക് അനുമതിയാവുകയും അക്കാദമിക് ബ്ലോക്കിന്റെ പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തു.
എന്നാല്‍ നിര്‍മാണം മന്ദഗതിയിലാവുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊതുപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ജനകീയ സമരസമിതി രൂപീകരിക്കുകയും സമരപരിപാടികള്‍ നടത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് നിര്‍മാണ പ്രവൃത്തികള്‍ക്ക് ജീവന്‍വച്ചു.
എന്നാല്‍ ആശുപത്രി ബ്ലോക്കിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."