ഉടുമ്പിറങ്ങി മലയിലെ ഖനനം ക്രമസമാധാന പ്രശ്‌നമാകുന്നു
വാണിമേല്‍: വിലങ്ങാട് ഉടുമ്പിറങ്ങി മലയില്‍ കരിങ്കല്‍ ഖനനം നടത്താനുള്ള നീക്കം ക്രമസമാധാന പ്രശ്‌നമായി മാറുന്നു. ഖനാനുമതി നല്‍കുന്നത് ക്രമസമാധാനം തകരാന്‍ കാരണമാകുമെന്ന് നേരത്തെ തന്നെ പൊലിസിന്റെ ഭാഗത്തു നിന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് കഴിഞ്ഞ ദിവസം പ്രദേശത്തു നിന്നു സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സംഭവം.
ദിവസങ്ങള്‍ക്ക് മുന്‍പ് ഈ മേഖലയില്‍ മാവോയിസ്റ്റുകളെന്ന് സംശയിക്കുന്ന അപരിചിതരെ നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. ഒരു വര്‍ഷം മുന്‍പ് ഉടുമ്പിറങ്ങിയില്‍ മാവോയിസ്റ്റുകളുടെ പേരില്‍ നിര്‍ദിഷ്ട ഖനന പ്രദേശത്തു വ്യാപകമായി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
ഇതിന് മുന്‍പ് തന്നെ മാവോയിസ്റ്റ് നേതാക്കളുടെ സാന്നിധ്യം വിലങ്ങാട് ഭാഗത്ത് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായ കുഞ്ഞൊത്ത് നിന്നും വനത്തിലൂടെ ഒരു മണിക്കൂര്‍ നടന്നാല്‍ വിലങ്ങാട് എത്താന്‍ കഴിയും. ഇതിനാലാണ് ഉടുമ്പിറങ്ങി വിഷയത്തില്‍ മാവോയിസ്റ്റുകളുടെ ഇടപെടലുണ്ടെന്ന് പൊലിസ് അനുമാനിക്കുന്നത്.
പുതിയ സംഭവത്തോടെ ലൈസന്‍സ് നേടി ഖനനം നടത്താനുള്ള സ്ഥലം ഉടമകളുടെ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്. ഖനനത്തിനെതിരേ വിവിധ യുവജന സംഘടനകള്‍ ശക്തമായി സമര രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."