ഒമ്പതുമാസത്തെ അഭയകേന്ദ്രവാസം അവസാനിച്ചു; ലക്ഷ്മി നാട്ടിലേയ്ക്ക് മടങ്ങി
ജിദ്ദ: രണ്ടു വര്‍ഷത്തെ ശമ്പളം കിട്ടാതെ, ഒടുവില്‍ വനിതാ അഭയകേന്ദ്രത്തില്‍ നീണ്ട കാലം കഴിയേണ്ടി വന്ന പ്രവാസി യുവതി ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
ആന്ധ്രാ സ്വദേശിനി ലക്ഷ്മി ദിന്നെപാടുവാണ് ദുരിതങ്ങളുടെ പ്രവാസജീവിതത്തില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലേയ്ക്ക് പോയത്. നാലുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലക്ഷ്മി സഊദിയില്‍ ഒരു വീട്ടില്‍ ജോലിക്കാരിയായി എത്തിയത്. ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞ പ്രവാസജീവിതമാണ് ലക്ഷ്മി അനുഭവിച്ചത്. വിശ്രമമില്ലാതെ ജോലി ചെയ്യിച്ചെങ്കിലും പലപ്പോഴും ശമ്പളം കിട്ടിയില്ല. ശമ്പളകുടിശിക രണ്ടു വര്‍ഷത്തോളമായപ്പോള്‍, ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് ലക്ഷ്മി, ആ വീട്ടില്‍ നിന്ന് ഇറങ്ങി അടുത്തുള്ള പോലിസ് സ്‌റ്റേഷനില്‍ പോയി പരാതി നല്‍കി. തുടര്‍ന്ന് അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് തന്റെ ദുരവസ്ഥ വിവരിച്ച്, സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് സ്‌പോണ്‍സറെ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും, അയാള്‍ സഹകരിയ്ക്കാന്‍ തയ്യാറായില്ല. ഇതോടെ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട്, ലക്ഷ്മിയുടെ കേസില്‍ നിയമപരമായി ഇടപെടാന്‍ അനുമതിപത്രം വാങ്ങി, കേസ് ഏറ്റെടുത്തു. തുടര്‍ന്ന് ലക്ഷ്മി ദമ്മാം ലേബര്‍ കോടതിയില്‍ സ്‌പോണ്‌സര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു.
സ്‌പോണ്‍സര്‍, ലക്ഷ്മിയ്ക്ക് കുടിശികയായ ശമ്പളവും, ഫൈനല്‍ എക്‌സിറ്റും നല്‍കാന്‍ കോടതി വിധിച്ചു. എന്നാല്‍ സ്‌പോണ്‍സര്‍ അത് അനുസരിയ്ക്കാന്‍ തയ്യാറാകാതെ, സമയം നീട്ടികൊണ്ടു പോയി. തുടര്‍ന്ന് മഞ്ജു ലക്ഷ്മിയെകൊണ്ട് സ്‌പോണ്‌സര്‍ക്കെതിരെ സിവില്‍ കോടതിയില്‍ വിധി നടപ്പാക്കാന്‍ ആവശ്യപ്പെട്ട് കേസ് കൊടുപ്പിച്ചു. കോടതി ഉടനെ തന്നെ സ്‌പോണ്‌സറുടെയും, കുടുംബത്തിന്റെയും മൊത്തം സര്‍ക്കാര്‍ സേവനങ്ങളും സിസ്റ്റത്തില്‍ ബ്ലോക്ക് ചെയ്യിച്ചു. തുടര്‍ന്ന് ബുദ്ധിമുട്ടിലായ സ്‌പോണ്‍സര്‍, കോടതിയില്‍ എത്തി ലക്ഷ്മിയ്ക്ക് നല്‍കാനുള്ള കുടിശിക ശമ്പളവും ആനുകൂല്യങ്ങളും പണമായി കെട്ടിവെച്ചു. അങ്ങനെ ഒമ്പത് മാസത്തെ അഭയകേന്ദ്രത്തിലെ കാത്തിരിപ്പിന് ശേഷം, ലക്ഷ്മിയ്ക്ക് രണ്ടു വര്‍ഷത്തെ ശമ്പളവും, ആനുകൂല്യങ്ങളും നല്‍കി ഫൈനല്‍ എക്‌സിറ്റും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."