വീണ്ടും ടീച്ചറായി മന്ത്രി
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം അധ്യാപികയായി മന്ത്രി കെ.കെ ശൈലജ. 2018 ബാച്ചിലെ ഐ.എ.എസ് ഓഫിസര്‍മാരുടെ ഫേസ് രണ്ട് ട്രെയിനിങ് പ്രോഗ്രാമില്‍ പ്രത്യേക ക്ഷണിതാവായാണ് മന്ത്രി ക്ലാസെടുത്തത്. മസൂറിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷനല്‍ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ഐ.എ.എസ് ലഭിച്ച് ജോലിയില്‍ പ്രവേശിച്ച 180 ഐ.എ.എസ് ഓഫിസര്‍മാരാണ് പങ്കെടുത്തത്. കാംപസ് ട്രെയിനിങ് പ്രോഗ്രാം ആയി നടത്തിയിരുന്ന പരിപാടി കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനാക്കുകയായിരുന്നു.
'കൊവിഡ് പ്രതിരോധത്തില്‍ സമൂഹപങ്കാളിത്തം' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പവര്‍ പോയിന്റ് പ്രസന്റേഷനോടെ മന്ത്രി ക്ലാസെടുത്തത്. കൊവിഡ് പ്രതിരോധത്തിന്റെ അനുഭവങ്ങള്‍ ആയിരുന്നു ഒന്നര മണിക്കൂര്‍ നീണ്ട ക്ലാസില്‍. കൊവിഡിന്റെ പ്രാദേശിക വ്യാപനം കുറയ്ക്കുന്നതിന് ശക്തമായ നടപടികളാണ് കേരളം സ്വീകരിച്ചുവരുന്നതെന്ന് മന്ത്രി പറഞ്ഞു. ട്രെയ്സിങ്, ക്വാറന്റൈനിങ്, ഐസൊലേഷന്‍, ട്രീറ്റ്മെന്റ് എന്നിവയില്‍ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ സംവിധാനമാണ് ഒരുക്കിയതെന്നും മന്ത്രി ക്ലാസില്‍ വിശദീകരിച്ചു. വിഷയവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്കും മന്ത്രി മറുപടി നല്കി. മുന്‍പ് ശിവപുരം ഹൈസ്കൂള്‍ ആധ്യാപികയായി പ്രവര്‍ത്തിച്ചുവരികയായിരുന്ന കെ.കെ ശൈലജ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി സ്വയം വിരമിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."