പഴംപറമ്പ് ലഹരി-ചീട്ടുകളി മാഫിയകളുടെ താവളമാകുന്നു
മുക്കം: കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന പഴംപറമ്പ് ലഹരി-ചീട്ടുകളി മാഫിയകളുടെ താവളമാകുന്നു. വിവിധ ജില്ലകളില്‍ നിന്നായി നിരവധി പേരാണ് ഇവിടെ ഓരോ ദിവസവും വന്നു പോകുന്നത്. ലക്ഷങ്ങള്‍ വച്ച് ചീട്ടുകളിക്കുന്ന വന്‍ സംഘവും ഇവിടെ തമ്പടിച്ചിട്ടുണ്ട്. പ്രദേശത്ത് മൂന്നോളം സ്ഥലങ്ങളിലായി സ്വകാര്യ വ്യക്തിയുടെ പറമ്പുകളിലാണ് ചീട്ടുകളി നടക്കുന്നത്. സ്ഥലം നല്‍കുന്നതിനും സംഘം പതിനായിരം മുതല്‍ പതിനയ്യായിരം വരെ നല്‍കുന്നുണ്ട്. പന്നിക്കോട്, കീഴുപറമ്പ് , മുക്കം, അരീക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളിലും മറ്റും താമസമാക്കിയാണ് സംഘം ചീട്ടുകളിക്ക് നേതൃത്വം നല്‍കുന്നത്. സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരമുണ്ടായിട്ടും പൊലിസിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപം ശക്തമാണ്. നാട്ടുകാര്‍ വിവരം നല്‍കിയാല്‍ യാതൊരു സന്നാഹവുമില്ലാതെ ഒന്നോ രണ്ടോ പൊലിസുകാരെത്തി ഇവരില്‍ നിന്ന് വന്‍തുക വാങ്ങി പോവുകയാണെന്നും ആക്ഷേമമുണ്ട്.
മദ്യ-മയക്കുമരുന്ന് മാഫിയയുടെയും പ്രധാന കേന്ദ്രമവുമാണ് പ്രദേശം. വിവിധ ജില്ലകളിലെ ചെറുകിട കച്ചവടക്കാര്‍ ലഹരി ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഇവിടെയെത്താറുണ്ട്. കഞ്ചാവിന് പുറമെ മറ്റു മയക്കുമരുന്ന് ഉല്‍പന്നങ്ങളും ഇവിടെ വില്‍പന നടക്കുന്നുണ്ടെന്നാണ് വിവരം. പഴംപറമ്പിലെ കാഴ്ചയില്ലാത്തവരുടെ അഗതിമന്ദിരത്തിനു സമീപത്തെ ഒരു വീട് കേന്ദ്രീകരിച്ചാണ് വില്‍പന നടക്കുന്നത്.
ഇവിടെ ദിവസവും ലക്ഷക്കണക്കിന് രൂപയുടെ ലഹരി വില്‍പന നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിനു പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും സൂചനയുണ്ട്.
സര്‍ക്കാരിന്റെ അധീനതയിലുള്ള ദേവസ്വം ഭൂമി കേന്ദ്രീകരിച്ചാണ് ലഹരി മാഫിയയുടെ പ്രവര്‍ത്തനം.
ലഹരി വില്‍പനയെ കുറിച്ച് പൊലിസിനും എക്‌സൈസിനും അറിവുണ്ടങ്കിലും കണ്ടില്ലന്ന് നടിക്കുകയാണെന്ന് പ്രദേശത്തുകാര്‍ പറയുന്നു. ഇവര്‍ക്കാവശ്യമായ പണം ലഹരി മാഫിയ എത്തിച്ചു നല്‍കുന്നുണ്ടെന്നും പറയപ്പെടുന്നു.
പഴം പറമ്പിന്റെ ഭംഗി ആസ്വദിക്കാനായി വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന കുടുംബങ്ങളെയടക്കം ലാത്തിവീശി ഓടിച്ച് ലഹരി-ചീട്ടുകളി മാഫിയക്ക് സഹായം ചെയ്തു കൊടുക്കുകയാണ് അധികൃതര്‍ ചെയ്യുന്നതെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."