ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മണലൂറ്റല്‍ വ്യാപകം കണ്ണടച്ച് അധികൃതര്‍
പൊന്നാനി: പുതുപൊന്നാനിയില്‍നിന്ന് വ്യാപകമായി പുഴമണല്‍ കടത്തുന്നു. രാത്രിയിലും പകലും നടക്കുന്ന ഈ മണല്‍ കൊള്ളയ്ക്ക് മാഫിയകള്‍ നിയോഗിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളെ. കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഭാരതപ്പുഴയോരത്തെ വിവിധ അനധികൃത കടവുകളില്‍ നിന്ന് റവന്യൂ സംഘം പിടികൂടിയത് 400 ലോഡ് മണലാണ്. മണല്‍കടത്ത് സംഘങ്ങളെ ശിക്ഷിക്കത്തക്ക നിയമങ്ങള്‍ ഇല്ലാത്തതാണ് ഇത്തരക്കാരെ സഹായിക്കുന്നത്. പിടിച്ചതിന്റെ നൂറിരട്ടി അധികൃതരുടെ കണ്ണില്‍ പെടാതെ ഒളിച്ചുകടത്തുന്നുണ്ട്. പലപ്പോഴും അധികൃതര്‍ കാണാത്ത ഭാവം നടിക്കുകയുമാണ്.
കുന്നോളം കൂട്ടിവച്ച മണല്‍ കൂമ്പാരങ്ങള്‍, എളുപ്പത്തില്‍ കൊണ്ടുപോവാന്‍ ചാക്കില്‍ നിറച്ചവ, മണല്‍ കരയിലേക്ക് കയറ്റിയിടാന്‍ പ്രത്യേകമായി ഉണ്ടാക്കിയ തടയണകള്‍ തുടങ്ങിയവ ഓരോ അനധികൃത കടവുകളിലും കാണാനാകുന്ന കാഴ്ചയാണ്. മണല്‍കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചാല്‍ റവന്യൂ വകുപ്പ് ഉടന്‍ എത്തും. പക്ഷെ മണല്‍ കൊണ്ടുപോവാന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ അവിടെ ഉപേക്ഷിച്ച് സംഘം കടന്നു കളയുന്നു. കാലപ്പഴക്കം ചെന്ന വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. തോണികളിലാണ് പ്രധാനമായും മണല്‍കടത്ത്. പുതുപൊന്നാനിയിലെ പുഴമണല്‍ കടത്തില്‍ സ്ഥലത്തെ ചില രാഷ്ട്രീയ നേതാക്കന്മാര്‍ക്കും പങ്കുണ്ട്. പുഴയെ നശിപ്പിച്ചുകൊണ്ട് ഇങ്ങനെ മണല്‍ കടത്തുന്നവര്‍ ശിക്ഷിക്കപ്പെടാത്തതാണ് ഇത്രകണ്ട് മണല്‍മാഫിയ സജീവമാകാന്‍ കാരണം.
മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇതരസംസ്ഥാനക്കാരെയാണ് മണല്‍കടത്തു സംഘങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത്. കൂടുതല്‍ കൂടുതല്‍ അനധികൃത കടവുകള്‍ മണല്‍ മാഫികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
കഴിഞ്ഞ അഞ്ചുമാസത്തിനിടെ 400 ലോഡ് മണലാണ് റവന്യൂ സംഘം പിടിച്ചെടുത്തത്. പിടിച്ചെടുത്ത മണലെല്ലാം പുഴയിലേക്ക് തന്നെ തള്ളും. കുറച്ച് നിര്‍മിതി കേന്ദ്രത്തിലേക്കും നല്‍കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."