ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും; സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യും. അദ്ദേഹത്തോട് തിങ്കളാഴ്ച കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിക്കും. ശിവശങ്കറിനെ കാണാന്‍ പ്രതികള്‍ സെക്രട്ടറിയേറ്റില്‍ വന്നിരുന്നോ എന്നറിയാനാണിത്. ജൂലൈ ഒന്നു മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ നിര്‍ണായകമാണ്. ഇതിനായി ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കും.
നീണ്ട അഞ്ച് മണിക്കൂറാണ് ഇന്നലെ എന്‍.ഐ.എ ശിവശങ്കറിനെ ചോദ്യം ചെയ്തത്. സര്‍ക്കാരിന്റെ ഉന്നത സ്ഥാനത്തിരുന്ന വ്യക്തിയെയാണ് ഇതുപോലൊരു കേസില്‍ ഇത്രയും സമയം ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നത്. നേരത്തെ കസ്റ്റംസും ദീര്‍ഘനേരം ചോദ്യം ചെയ്തിരുന്നു.
അതേ സമയം കേസിലെ മുഖ്യപ്രതികളായ സ്വപ്നയുടേയും സന്ദീപിന്റേയും സ്വത്ത് കണ്ടുകെട്ടാന്‍ നടപടികളാരംഭിച്ചു. ബാങ്കുകളിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും സ്വപ്ന സുരേഷിന് വന്‍ നിക്ഷേപമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. ബാങ്ക് നിക്ഷേപത്തിന്റെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചുവരികയാണ്. പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍, കെ.ടി റമീസ് എന്നിവരുടെ അറസ്റ്റ് എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)രേഖപ്പെടുത്തി.
കേസില്‍ എന്‍.ഐ.എയും കസ്റ്റംസും അറസ്റ്റുചെയ്ത മുഴുവന്‍ പ്രതികള്‍ക്കുമെതിരെ കഴിഞ്ഞദിവസം ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കേസ് എടുത്തത്.
അറസ്റ്റുരേഖപ്പെടുത്തിയവരെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. സംഭവത്തില്‍ കസ്റ്റംസും എന്‍.ഐ.എയും പ്രതിചേര്‍ക്കാത്തവരിലേക്കും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നീളുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."