ആഴ്ചയില്‍ മൂന്ന് ദിവസം ഡ്രൈഡേ ആചരിക്കും
കല്‍പ്പറ്റ: ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യപരിചരണ സന്ദേശങ്ങളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കാനും ആഴ്ചയില്‍ മൂന്ന് ദിവസം 'ഡ്രൈഡേ' ആചരിക്കാനും കലക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ മേധാവികളുടെ യോഗം തീരുമാനിച്ചു. ഭക്ഷ്യപദാര്‍ഥങ്ങള്‍, പാനീയങ്ങള്‍ എന്നിവ വില്പന നടത്തുന്ന സ്ഥിരവും താല്ക്കാലികവുമായ സ്ഥാപനങ്ങളില്‍ രാത്രിയും പകലും പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന പകര്‍ച്ചവ്യാധി രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. ഇതിനായി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഫില്‍ട്ടര്‍ ചെയ്യാത്തതും തിളപ്പിക്കാത്തതുമായ പാനീയങ്ങള്‍ വില്പന നടത്തുന്നത് തടയാനും കുടിവെള്ളം ശാസ്ത്രീയമായ രീതിയില്‍ ക്ലോറിനേഷന് നടത്തണമെന്ന് യോഗം കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
വിവിധ ജലവിതരണ പദ്ധതികള്‍ മുഖേന വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും ജില്ലാ കലക്ടര്‍ തിരുമേനി നിര്‍ദ്ദേശം നല്കി. പൊട്ടിയ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനും വാട്ടര്‍ അതോറിറ്റിയിലെ പമ്പ് ഓപ്പറേറ്റര്‍മാര്‍ക്ക് പ്രത്യേകം ക്ലാസുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനി അധ്യക്ഷനായി.
എ.ഡി.എം കെ.എം രാജു, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര് വിവേക് കുമാര്‍, ഡോ. വി ജിതേഷ്, ഡോ. എസ് ലേഖാദേവി. ഡോ. അജി വില്‍ബര്‍ട്ട്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി ജോസഫ്, വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍ ടി.എ രാമകൃഷ്ണന്, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫിസര്‍ പി വാണീദാസ്, ആരോഗ്യകേരളം പ്രോഗ്രാം മാനേജര്‍ ബി. അഭിലാഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."