തരൂരിന്റെ പ്രചാരണം അട്ടിമറിച്ചത് കോണ്‍ഗ്രസ് അന്വേഷിക്കുന്നു
തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചതു സംബന്ധിച്ച് കോണ്‍ഗ്രസ് അന്വേഷണം തുടങ്ങി.
രാജ്യം തന്നെ ശ്രദ്ധിക്കുന്ന പോരാട്ടം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ കരുത്തനായ സ്ഥാനാര്‍ഥി മത്സരിക്കുമ്പോള്‍ അതിനെതിരായ പ്രവര്‍ത്തനം നടത്തിയവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുന്നതിനുള്ള ആദ്യ പടിയായാണ് അന്വേഷണം.
ഒരു ഡസനോളം പാര്‍ട്ടി മണ്ഡലം കമ്മിറ്റികളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍ മറ്റു പോംവഴിയൊന്നുമില്ലാതെ ശശി തരൂര്‍ തന്നെ പരാതിയുമായി കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചതിനെ തുടര്‍ന്ന് സംഭവം വിവാദമാകുകയായിരുന്നു. തരൂര്‍ എ.ഐ.സി.സിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജന. സെക്രട്ടറി മുകുള്‍ വാസ്‌നിക് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി നിജസ്ഥിതി അന്വേഷിച്ചിരുന്നു. സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍. സെക്രട്ടറി കെ.സി വേണുഗോപാലും ഈ സമയം ഇവിടെ ഉണ്ടായിരുന്നു.
ശശി തരൂരിനെതിരേ മനഃപൂര്‍വമായ അട്ടിമറി ശ്രമമാണ് കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായതെന്നാണ് വിലയിരുത്തുന്നത്. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം, കോവളം, പാറശാല നിയമസഭാ മണ്ഡലങ്ങളിലാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നതായി പറയുന്നത്. ഇതില്‍ കോവളം, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ്. ഗ്രൂപ്പ് പോരല്ല പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാനമെന്ന് ഇതിനകംതന്നെ മനസിലായിട്ടുണ്ട്.
പ്രാഥമിക പ്രചാരണംപോലും നടന്നിട്ടില്ലെന്നു കണ്ടെത്തിയ ചില പ്രദേശങ്ങളില്‍ ശശി തരൂര്‍ സ്വന്തം നിലയില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിറ്റികളില്‍നിന്ന് ഒഴിവാക്കപ്പെട്ട ചിലരാണ് മാറിനില്‍ക്കുന്നതെന്നും പാര്‍ട്ടി നേതൃത്വം പറയുന്നുണ്ട്.
അങ്ങനെയെങ്കില്‍ ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അടുത്ത ദിവസം തന്നെ പ്രവര്‍ത്തനരംഗത്തേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനൊപ്പമാണ് എന്താണ് പ്രശ്‌നമെന്നു കണ്ടെത്താനുള്ള അന്വേഷണവും കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."