കൊവിഡിനിടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം; ആശങ്കയില്‍ സഹകരണ മേഖല
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ആരംഭിക്കുന്നതില്‍ സഹകരണ മേഖല ആശങ്കയില്‍. മെയ്, ജൂണ്‍ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഇതിനു ശേഷം വിതരണവും ആരംഭിക്കും. പെന്‍ഷന്‍ വിതരണത്തിന്റെ ഭൂരിഭാഗവും നിര്‍വഹിക്കുന്നത് സഹകരണ സംഘങ്ങളിലെ കളക്ഷന്‍ ഏജന്റുമാര്‍ ഉള്‍പ്പെടെയുള്ളവരാണ്.
കൊവിഡ് തീവ്രവ്യാപനം നടക്കുന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടെ പെന്‍ഷന്‍ വിതരണം ചെയ്യേണ്ടി വരുമെന്നതിനാല്‍ വിതരണം ചെയ്യേണ്ട ജീവനക്കാര്‍ മാത്രമല്ല സഹകരണ മേഖലയാകെ ആശങ്കയിലാണ്. അതുകൊണ്ടുതന്നെ നിലവിലെ രീതിയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയുള്ള ഉത്തരവ് സര്‍ക്കാരില്‍നിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്ന ഭൂരിഭാഗം പേരും വയോജനങ്ങളാണ്. വീടുകളിലെത്തി വിരലടയാളം രേഖപ്പെടുത്തിയും മറ്റുമാണ് ഇവര്‍ക്കുള്ള പെന്‍ഷന്‍ ഇപ്പോള്‍ നല്‍കുന്നത്. സാമൂഹിക അകലവും കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാന്‍ കഴിയാതെ പെന്‍ഷന്‍ വിതരണം നടത്തേണ്ടി വന്നാല്‍ അത് ഗുരുതരമായ മറ്റൊരു സാഹചര്യത്തിലേക്കായിരിക്കും കാര്യങ്ങള്‍ എത്തിക്കുക. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പെന്‍ഷന്‍ വിതരണത്തിന് പ്രത്യേക സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."