ഇതര സംസ്ഥാനക്കാര്‍ കൂട്ടത്തോടെ നാട്ടിലേക്ക്
തൃക്കരിപ്പൂര്‍: നാട്ടിലെത്തി വോട്ടു ചെയ്താല്‍ പൊന്നില്‍ പൊതിഞ്ഞ മൂക്കുത്തിയും സ്മാര്‍ട്ട് ഫോണും വഴിച്ചെലവിനുളള പണവും നല്‍കാമെന്ന കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഓഫര്‍ നല്‍കി ഉത്തരേന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വം. ഓഫര്‍ കേട്ടതോടെ ഇതര സംസ്ഥാനക്കാര്‍ കെട്ടുംകെട്ടി നാട്ടിലേക്ക് പുറപ്പെട്ടുകഴിഞ്ഞു.
സ്ത്രീകള്‍ക്കു മൂക്കുത്തിയാണ് ഓഫറെങ്കില്‍ പുരുഷന്‍മാര്‍ക്ക് സ്മാര്‍ട്ട് ഫോണും വഴിച്ചെലവിനുളള കാശും കിട്ടും. ഉത്തര്‍പ്രദേശുകാരായ കേരളത്തിലെ തൊഴിലാളികള്‍ക്കാണ് അവിടുത്തെ ഒരു പാര്‍ട്ടി ഈ ഓഫര്‍ നല്‍കിയത്.
ജാര്‍ഖണ്ഡുകാരായ തൊഴിലാളികള്‍ക്ക് ഓഫര്‍ രണ്ടായിരം രൂപയാണ്. ഇത്തരത്തില്‍ ഉത്തരേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാരും പലതരം ഓഫര്‍ നല്‍കിയിട്ടുണ്ട്.
ഓഫര്‍ എത്തിയതോടെ ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളള തൊഴിലാളികളില്‍ ഭൂരിഭാഗവും നാട്ടിലേക്കു പോയിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ പോകാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ ഇതര സംസ്ഥാനക്കാരില്‍ ചിലര്‍ ഓഫറില്‍ മാത്രം നാട്ടിലേക്ക് പോയവരല്ല.
വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടില്‍ വോട്ടു ചെയ്യാനുറച്ചവരും കടുത്ത ചൂടില്‍ ജോലി ചെയ്യാന്‍ കഴിയാത്തവരും നാട്ടില്‍ പോയവരിലുണ്ട്. ഇതര സംസ്ഥാനക്കാര്‍ നാട്ടിലേക്കു പോയതോടെ ഇവരെ ജോലിക്കു വയ്ക്കുന്ന കരാറുകാര്‍ ബുദ്ധിമുട്ടിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."