കായല്‍ തീരങ്ങളിലെ ഭവനനിര്‍മാണം: നിയമം ഭേദഗതി ചെയ്യണമെന്നാവശ്യം
കൊല്ലം: കായല്‍ തീരങ്ങളില്‍ ഭവനനിര്‍മാണത്തിനു നിലവിലുളള നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്നു കേരള മത്സ്യത്തൊഴിലാളി പെന്‍ഷനേഴ്‌സ്
അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി രൂപീകരണയോഗം ആവശ്യപ്പെട്ടു.
നാലോ അഞ്ചോ സെന്റു ഭൂമിയിലാണു അധികം മത്സ്യത്തൊഴിലാളികളും അധിവസിക്കുന്നത്. തീരദേശസംരക്ഷണനിയമം നിലവിലുളളതിനാല്‍ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കു കായല്‍തീരങ്ങളിലുളള ഭൂമിയില്‍ 50 മീറ്റര്‍ പരിധി കഴിഞ്ഞേ വീടു നിര്‍മ്മിക്കുന്നതിനു അനുമതി ലഭിക്കൂ. മാറിവന്ന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഗൗരവമായ ഒരു നടപടിയും എടുത്തിട്ടില്ല. ഈ പരിതസ്ഥിതി പരിഗണിച്ചു കായലോരങ്ങളില്‍ അധിവസിക്കുന്ന മത്സ്യതൊഴിലാളികള്‍ക്കു വീടു നിര്‍മ്മാണത്തിനുതകുന്ന തരത്തില്‍ തീരദേശസംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നാണു മത്സ്യതൊഴിലാളികളുടെ ആവശ്യം. ഇതിനായി ശക്തമായ സമരപരിപാടികള്‍ക്കു രൂപം നല്‍കുമെന്നും യോഗം മുന്നറിയിപ്പു നല്‍കി.
അഖില കേരള സ്വതന്ത്ര മത്സ്യതൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് ജെ. നെറ്റോ യോഗം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സുധീര്‍ തോട്ടുവാല്‍ മുതിര്‍ന്ന മത്സ്യത്തൊഴിലാളി പെന്‍ഷനേഴ്‌സിനെ ചടങ്ങില്‍ പൊന്നാട അണിയിച്ചു ആദരിച്ചു. പ്രസിഡന്റ് എസ്. വില്ല്യംസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ആല്‍ബര്‍ട്ട് കൊച്ചുകടുക്കര, വൈസ് പ്രസിഡന്റ് റ്റി. രാജന്‍, ഡി. ബെഞ്ചമിന്‍, ബി. ചാള്‍സ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."