സൂപ്പര്‍ കപ്പ് ഫൈനലില്‍ ഇന്ന് ചെന്നൈയിന്‍-ഗോവ പോരാട്ടം
ഭുവനേശ്വര്‍: സൂപ്പര്‍ കപ്പ് ഫൈനലില്‍ ഇന്ന് ചെന്നൈയിന്‍ എഫ്.സിയും എഫ്.സി ഗോവയും തമ്മില്‍ ഏറ്റുമുട്ടും. ഐ ലീഗ് ചാംപ്യന്‍മാരായ ചെന്നൈ സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഐ.എസ്.എല്ലിലെ ഫൈനലിസ്റ്റായ എഫ്.സി ഗോവ ഫൈനലില്‍ പ്രവേശിച്ചത്. എ.ടി.കെയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ചെന്നൈയിന്‍ എഫ്.സിയുടെ വരവ്. ഐ.എസ്.എല്‍ സീസണില്‍ പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുണ്ടായിരുന്ന ടീമായിരുന്നു ചെന്നൈയിന്‍. ശക്തമായ പോരാട്ടത്തിനൊടുവിലായിരുന്നു ചെന്നൈയിന്റെ ഫൈനല്‍ പ്രവേശം. മറ്റു ക്ലബുകളെല്ലാം പേരിന് മാത്രം ടീമുകളെ പങ്കെടുപ്പിച്ചപ്പോള്‍ ചെന്നൈയിന്‍ മികച്ച ടീമിനെയാണ് എല്ലാ മത്സരത്തിലും ഇറക്കിയത്. ഐ.എസ്.എല്ലിന് ശേഷം ചെന്നൈയിന് എ.എഫ്.സി കപ്പിന്റെ യോഗ്യതാ മത്സരങ്ങളുണ്ടായിരുന്നതിനാല്‍ മികച്ച ടീമിനെയായിരുന്നു ചെന്നൈയിന്‍ ഇറക്കിയിരുന്നത്. ക്വാര്‍ട്ടറില്‍ നോര്‍ത്ത് ഈസ്റ്റിനേയും പ്രീക്വാര്‍ട്ടറില്‍ മുംബൈ സിറ്റിയേയുമാണ് ചെന്നൈയിന്‍ തകര്‍ത്തത്. അതേസമയം, ഐ.എസ്.എല്ലിലെ മികച്ച പ്രകടനം പിന്തുടര്‍ന്ന ഗോവ മികച്ച പോരാട്ടത്തിലൂടെയാണ് ഫൈനലിലേക്ക് ചുവടുവച്ചത്. ഐ.എസ്.എല്‍ കിരീടം നഷ്ടമായ ഗോവക്ക് സീസണില്‍ കിരീടം നേടാനുള്ള സുവര്‍ണാവസരമാണ് കൈവന്നിട്ടുള്ളത്. അതേസമയം, ഐ.എസ്.എല്‍ സീസണിലെ മോശം പ്രകടനം വച്ചുനോക്കിയാല്‍ ഫൈനലിലെത്തിയത് തന്നെ ചെന്നൈയിന് വലിയ നേട്ടമായി കാണാം. ചെന്നൈയിന്‍ കിരീടം നേടുകയാണെങ്കില്‍ ഐ ലീഗ് കിരീടത്തിന് ശേഷം സൂപ്പര്‍ കപ്പ് കിരീടവും ഇത്തവണ തമിഴ്‌നാട്ടിലേക്കെത്തും.
വിവാദങ്ങള്‍ കളിച്ച സൂപ്പര്‍ കപ്പ്
ശക്തമായ വിവാദങ്ങള്‍ക്കിടെയായിരുന്നു സൂപ്പര്‍ കപ്പിന് വിസില്‍ മുഴങ്ങിയത്. ഐ ലീഗ് ക്ലബുകളുടെ ഭാവി എന്താകുമെന്ന കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകാതെ ക്ലബുകള്‍ സൂപ്പര്‍ കപ്പില്‍ മത്സരിക്കില്ലെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ അറിയിച്ചു. എന്നാല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇത് കണ്ട ഭാവം പോലും നടിച്ചില്ല.
ഇതിനെ തുടര്‍ന്ന് എട്ട് ഐ ലീഗ് ക്ലബുകള്‍ സൂപ്പര്‍ കപ്പില്‍നിന്ന് പിന്‍മാറി. നേരത്തെ പിന്‍മാറാമെന്ന് ഏറ്റിരുന്ന റിയല്‍ കശ്മിരും ചെന്നൈ സിറ്റിയും ടൂര്‍ണമെന്റില്‍ പങ്കെടുക്കുകയും ചെയ്തു. ഐ ലീഗ് ടീമുകള്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ടൂര്‍ണമെന്റിലെ ഏഴ് മത്സരങ്ങള്‍ റദ്ദാക്കി. ടൂര്‍ണമെന്റില്‍നിന്ന് പിന്‍മാറിയ ക്ലബുകള്‍ക്കെതിരേ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ എന്ത് നടപടി എടുക്കുമെന്ന് കാത്തിരുന്ന് കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."