മുംബൈ പേടിയില്‍ രാജസ്ഥാന്
മുംബൈ: ഇന്ന് മുംബൈയെ അവരുടെ ഹോംഗ്രൗണ്ടില്‍ നേരിടാനിറങ്ങുമ്പോള്‍ സമ്മര്ദത്തെക്കൂടി ജയിച്ചു കയറേണ്ടി വരും രാജസ്ഥാന്. കളിച്ച ആറു മത്സരങ്ങളില്‍ അഞ്ചിലും തോറ്റു. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈക്കെതിരേ ജയിക്കാമായിരുന്ന കളി അവസാന നിമിഷം തുലച്ചു. പേരിലെ സാമ്യത കളിയിലും തുടര്‍ന്നുകൊണ്ട് ബാംഗ്ലൂരിനെ പിന്തുണയ്ക്കുകയാണോ രാജസ്ഥാന് എന്നതാണ് ഇപ്പോഴത്തെ സംശയം. ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ റോയലായതൊഴിച്ചാല് പിന്നീടു വന്ന സീസണുകളിലെല്ലാം പാപ്പരായിരുന്നു രാജസ്ഥാന്. ഈ സീസണില്‍ ചുമ്മാതങ്ങ് വന്ന് മടങ്ങില്ലാ എന്നായിരുന്നു ആരാധകരുടെ വിശ്വാസം. സണ്‍റൈസേഴ്സിനെതിരേ സഞ്ജുവിന്റെ സെഞ്ചുറിയും ബാംഗ്ലൂരിനെതിരെയുള്ള വിജയവും ഒഴിച്ചാല്‍ ഈ സീസണില്‍ ഓര്‍ക്കാന്‍ രാജസ്ഥാന് മറ്റൊന്നുമില്ല.
രഹാനയും ബട്ലറും സ്മിത്തും സ്റ്റോക്സും കടലാസിലെ വമ്പന്‍ പുലികളാണെങ്കിലും കളിക്കളത്തില്‍ പേരിനു പോലുമില്ല ശൗര്യം.
ഒത്തിണക്കമില്ലാത്ത കളിയാണ് രാജസ്ഥാന് സീസണിലുടനീളം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ കളിച്ച കളികൊണ്ട് മുംബൈയെ തളയ്ക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. ഇനിയൊരു പരാജയം ടീമിന്റെ സകല സാധ്യതകളെയും ഇല്ലാതാക്കും.
മറുഭാഗത്ത് അവിശ്വസനീയമായ ജയങ്ങളുമായി ആരാധകരെ ത്രസിപ്പിക്കുകയാണ് മുംബൈ.
സണ്‍റൈസേഴ്സിനെതിരേ കുറഞ്ഞ സ്കോര്‍ പ്രതിരോധിച്ചും കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്കോര്‍ അവസാന പന്തില്‍ മറികടന്നും അവിശ്വസനീയം എന്നതിന്റെ മറുവാക്കായി മാറുകയാണ് മുംബൈ. പരുക്കില്‍നിന്ന് മുക്തനായി ക്യാപ്റ്റന്റെ റോളില്‍ രോഹിത് തിരിച്ചെത്തുന്നതോടെ മുംബൈ വീണ്ടും ശക്തമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."