രണ്ടര മാസത്തിനു ശേഷം മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
ദമാം: കിഴക്കൻ സഊദിയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട കുന്നത്തൂർ ഐവർകാല പുത്തനമ്പലം കുഴിവിള താന്നിക്കൽ വീട്ടിൽ ജിനു തങ്കച്ച(36)ന്റെ മൃതശരീരം നാട്ടിലെത്തി സംസ്‌കരിച്ചു. രണ്ടര മാസങ്ങൾക്കു ശേഷമാണ് നാട്ടിലെത്തിക്കാനുള്ള അനുമതി ലഭ്യമായത്. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃദദേഹം ഇവിടെ നിന്നും വീട്ടിലെത്തി പൊതു ദർശനത്തിനു ശേഷമാണു സംസ്‌കരിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് താമസം മാറുന്നതിന്റെ ഭാഗമായി സാധനങ്ങളും മറ്റും മാറ്റുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു.
വീഴ്ചയിൽ സംഭവിച്ച മുറിവുകൾ സംശയത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലാണ് ഹൃദയാഘാമായിരുന്നു മരണ കാരണമെന്ന് വ്യക്തമായത്. രണ്ടര മാസം ജുബൈൽ ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിലും പോസ്റ്റുമോർട്ടത്തിന് ശേഷം ജുബൈൽ റോയൽ കമ്മീഷൻ ഹോസ്പിറ്റൽ മോർച്ചറിയിലുമായിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നത്. ജുബൈലിൽ തന്നെയുള്ള ജിനു തങ്കച്ചന്റെ അനുജൻ അനു തങ്കച്ചനെ സഹായിക്കുന്നതിനായി സാമൂഹിക പ്രവർത്തകൻ സലിം ആലപ്പുഴയും ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ എന്നിവരും രംഗത്തുണ്ടായിരുന്നു.
മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനും വേണ്ട സാമ്പത്തികം സ്വരൂപിക്കാൻ ജുബൈൽ മലയാളി സമാജം പ്രതിനിധികളായ തോമസ് മാത്യൂ മമ്മൂടൻ, ബൈജു അഞ്ചൽ, എബി ജോൺ, ബെൻസി ആംബ്രോസ് എന്നിവരാണ് മുന്നിട്ടിറങ്ങിയത്. സലിം ആലപ്പുഴയുടെയും എംബസി കോഓർഡിനേറ്റർ ആയ സൈഫുദീന്റെയും ഇടപെടൽ എംബസി കാര്യങ്ങളും എളുപ്പമാക്കി. നൗഷാദ് (കെഎംസിസി), ഷഫീക് കണ്ണൂർ, സയീദ് മേത്തർ (ക്രൈസിസ് മാനേജ്മെന്റ് ), അനീഷ്, ശ്രീരാജ്, ജിജോ ,വിപിൻ എന്നിവരും വിവിധ ഘട്ടങ്ങളിൽ സഹായത്തിനായി രംഗത്തുണ്ടായിരുന്നു. പിതാവ് തങ്കച്ചൻ, ഭാര്യ: റിൻസി. മൂന്നു കുട്ടികൾ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."