ബംഗാള്‍ പറഞ്ഞു, ഈ ശുദ്ധവായു തങ്ങള്‍ക്കിനി വേണ്ട
ഗ്രാമങ്ങളിലെ ശോചനീയാവസ്ഥയെക്കുറിച്ച് പരാതി പറഞ്ഞ പശ്ചിമബംഗാളിലെ മുര്‍ഷിദാബാദുകാരോട് സി.പി.എം സര്‍ക്കാറില്‍ ഭൂപരിഷ്‌കരണ മന്ത്രിയായിരുന്ന അബ്ദുര്‍റസാഖ് മുല്ല പറഞ്ഞു: അതുകൊണ്ട് നിങ്ങള്‍ എത്ര പ്രകൃതി സൗഹൃദപരമായാണ ജീവിക്കുന്നത്.
വണ്ടികളൊന്നുമില്ലാത്തതിനാല്‍ ശുദ്ധവായു കിട്ടുന്നില്ലേ. ഇവിടേക്ക് വികസനം കൊണ്ടുവന്ന് അതില്ലാതാക്കണോ. അപ്പോള്‍ കൊല്‍ക്കത്തയിലെ അധികാര കേന്ദ്രങ്ങളിലെ ഭദ്രലോകുകള്‍ക്ക് ശുദ്ധവായു വേണ്ടേ എന്നാരു മറുചോദ്യമുന്നയിക്കാനുള്ള ശേഷിയൊന്നും അന്ന് ബംഗാളി മുസ്‌ലിംകള്‍ക്കുണ്ടായിരുന്നില്ല. ബംഗാളില്‍ സി.പി.എം ഭരണം അവസാനിച്ച 2011ലെ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് കൊല്‍ക്കത്തയിലെ അധികാരകേന്ദ്രമായ റൈറ്റേഴ്‌സ് ബില്‍ഡിങിലെ ഓഫിസില്‍ വച്ചു കണ്ടപ്പോഴും അബ്ദുറസാഖ് മുല്ല ബംഗാളില്‍ മുസ്്‌ലിംകള്‍ പിന്നിലായിപ്പോയെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ചില പ്രശ്‌നങ്ങളുണ്ടെന്നും അതെല്ലാം പറഞ്ഞുതീര്‍ക്കാവുന്നതെയുള്ളൂവെന്നും മുല്ല ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.
സച്ചാര്‍ റിപോര്‍ട്ട് ബംഗാളി മുസ്‌ലിംകളുടെ ശോചാനീയാവസ്ഥ തുറന്നുകാട്ടിയ കാലത്ത് ബംഗാളിലുടനീളം നടന്ന് പാര്‍ട്ടിക്കു വേണ്ടി ന്യായീകരണത്തൊഴിലെടുത്ത മുല്ല ഒടുവില്‍ പാര്‍ട്ടി മുസ്‌ലിംകളെ അവഗണിക്കുന്നുവെന്ന ഇതേ കാരണം പറഞ്ഞ് പാര്‍ട്ടിക്കുള്ളില്‍ കലഹമുണ്ടാക്കുകയും പുറത്തുപോകുകയും ചെയ്തുവെന്നത് പിന്നീട് നടന്ന കഥ. തനിക്കുപോലും ബോധ്യമില്ലാത്ത കാര്യങ്ങള്‍ ന്യായീകരിക്കാനായിരുന്നു സി.പി.എം മുല്ലയെ നിയോഗിച്ചിരുന്നത്. രാഷ്ട്രീയത്തിലെ സാന്നിധ്യം നിലനിര്‍ത്താന്‍ സാമാജിക് ന്യായ് വിചാര് മഞ്ച് എന്നൊരു പാര്‍ട്ടിയുണ്ടാക്കിയ മുല്ല ഇപ്പോള്‍ ഭാംഗോറിലെ വീട്ടില്‍ കാര്യമായൊന്നും ചെയ്യാനില്ലാതെ കഴിയുന്നുണ്ട്. ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എം ഇല്ലാതാവുമ്പോള്‍ സി.പി.എമ്മിന് ഏറ്റവും കൂടുതല്‍ എംപിമാരെ സമ്മാനിച്ച ബംഗാള്‍ രാഷ്ട്രീയത്തിലേക്ക് തന്നെ തിരിഞ്ഞു നോക്കണം. 42 മണ്ഡലങ്ങളില്‍ 28ലും മുസ്‌ലിംവോട്ടുകള്‍ നിര്‍ണായകമാണ് ബംഗാളില്‍. ചില മണ്ഡലങ്ങളില്‍ ഇത് 70 ശതമാനം വരെ വരും. ഫലത്തില്‍ മുസ്‌ലിംകളായിരുന്നു ബംഗാളില്‍ ഇടതുരാഷ്ട്രീയത്തെ താങ്ങി നിര്‍ത്തിയിരുന്നത്. മുസ്‌ലിംകള്‍ കൈവിട്ടതോടെയാണ് ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് ബംഗാള്‍ ഇല്ലാതായതെന്ന യാഥാര്‍ഥ്യം സി.പി.എം ഇപ്പോള്‍ അംഗീകരിക്കാതിരിക്കില്ല.
1977നു ശേഷം കൊല്‍ക്കത്തയുള്‍പ്പെടെയുള്ള നഗരപ്രദേശങ്ങളില്‍ ജീവിച്ചിരുന്ന മുസ്‌ലിംകള്‍ വ്യാപകമായി ഗ്രാമങ്ങളിലേക്ക് കുടിയേറേണ്ടി വന്നത് മുസ്‌ലിംകള്‍ ഇടതു ഭരണത്തില്‍ അവഗണിക്കപ്പെട്ടതിനാലായിരുന്നു. ജീവിത സുരക്ഷയില്ലായ്മ, സുരക്ഷിതമായൊ തൊഴിലില്ലാതിരിക്കെ ജീവിതച്ചിലവിലുണ്ടായ വന്‍തോതിലുള്ള വര്‍ധനവ് തുടങ്ങിയവയായിരുന്നു മുസ്‌ലിംകളെ നഗരങ്ങള്‍ വിടാന്‍ പ്രേരിപ്പിച്ചത്. സര്‍ക്കാര്‍ ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടതിനാല്‍ സ്വയം തൊഴില്‍ കണ്ടെത്തിയവരോ ചെറുകിട ബിസിനസ് നടത്തി വരുന്നവരോ ആയിരുന്നു അവര്‍. 1920കളില്‍ ബംഗാളിലെ ഭൂവുടമകളായ ഉന്നതജാതി ഹിന്ദുക്കളുടെ ചൂഷണത്തിനെതിരേ കൊല്‍ക്കത്തയില്‍ മുസഫര്‍ അഹമ്മദെന്ന ബുദ്ധിജീവി രൂപം നല്‍കിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വൈകാതെ ബംഗാളിലെ പിന്നാക്ക വിഭാഗമായ മുസ്‌ലിംകളെ കൂടുതല്‍ പിന്നാക്കമാക്കുകയും ഉന്നത ജാതി ഹിന്ദുക്കളാല്‍ നയിക്കപ്പെടുകയും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന രാഷ്ട്രീയപ്പാര്‍ട്ടിയായി മാറുകയായിരുന്നു. കൊളോണിയലിസത്തിനും സവര്‍ണ ഭൂവുടമകളുടെ അതിക്രമത്തിനുമെതിരേ മുസ്‌ലിം ബുദ്ധിജീവി സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വന്ന സംഘടനാശ്രമങ്ങള്‍ക്ക് സമാന്തരമായാണ് മുസഫര്‍ അഹമ്മദ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് രൂപം നല്‍കുന്നത്. കൊല്‍ക്കത്തയിലെ മുസ്്‌ലിം ഗലിയായ അലിമുദ്ദീന്‍ സ്ട്രീറ്റില്‍ മുസഫര്‍ അഹമ്മദ് സംഭാവന ചെയ്ത സ്ഥലത്താണ് ഇപ്പോഴും സി.പി.എം ആസ്ഥാനമുള്ളത്.
അധികാരത്തിന്റെ ശീതളിമയില്‍ സി.പി.എമ്മിനെ നിയന്ത്രിക്കുന്ന ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ ഭദ്രലോക് ബ്രാഹ്മണര്‍ ഈ യാഥാര്‍ഥ്യങ്ങളെ മൂടിവച്ചിരുന്നു. സംസ്ഥാനത്തെ ഒ.ബി.സി ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ സ്ഥിതിവിവരക്കണക്കു സംബന്ധിച്ച് മണ്ഡല്‍ കമ്മീഷന്‍ അന്വേഷിച്ചപ്പോള്‍ അതിന് മറുപടി നല്‍കാന്‍ അന്നത്തെ ബംഗാള്‍ സര്‍ക്കാര്‍ തയ്യാറായില്ല. 1977ല്‍ സി.പി.എം അധികാരത്തില്‍ വന്ന ശേഷം ബംഗാളിലെ ഭൂരിഭാഗം എം.എല്‍.എമാരും മേല്‍ജാതിക്കാരായിരുന്നുവെന്നും ബംഗാളിലെ ആദ്യ രണ്ടു സര്‍ക്കാരുകളില്‍ മുസ്‌ലിംകള്‍ കുറഞ്ഞ തോതില്‍ പ്രതിനിധീകരിക്കപ്പെട്ടപ്പോള്‍ ഇടതുഭരണം ശക്തമായതോടെ ബംഗാളില്‍ മുസ്‌ലിംകള്‍ എല്ലാ മേഖലയിലും തഴയപ്പെട്ടുവെന്ന് സ്റ്റഫാനി താവ ലാമയെന്ന ഡല്‍ഹി ഫ്രഞ്ച് എംബസിയിലെ ഉദ്യോഗസ്ഥ പശ്ചിമ ബംഗാളിലെ എം.എല്‍.എമാരെക്കുറിച്ച് ജാതി അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുസഫര്‍ അഹമ്മദ്, സൈഫുദ്ദീന്‍ ചൗധരി, അബ്ദുര്‍റസാഖ് മുല്ല തുടങ്ങിയ നേതാക്കളുടെ സാന്നിധ്യം സി.പി.എമ്മില്‍ കാലാകാലങ്ങളില്‍ ഹിന്ദുത്വത്തിന്റെ പ്രകടനപരതയ്ക്ക് തടസ്സമായിരുന്നെങ്കിലും ബംഗാളിലെ മുസ്‌ലിംകള്‍ എല്ലാ തരത്തിലും പാര്‍ശ്വവത്കരിക്കപ്പെട്ടുവെന്ന യാഥാര്‍ഥ്യം അവിടെയുണ്ടായിരുന്നു.
1872ലെ സര്‍വേപ്രകാരം 48 ശതമാനത്തിലധികമായിരുന്നു ബംഗാളിലെ മുസ്്‌ലിംജനസംഖ്യ. 1941-51 കാലത്തുണ്ടായ വിഭജനമുള്‍പ്പെടെയുള്ള സംഭവവികാസങ്ങള്‍ ബംഗാളിലെ മുസ്്‌ലിം ജനസംഖ്യ കുറച്ചു. പാകിസ്താന്റെ ഭാഗമായ ബംഗാളില്‍ നിന്നുള്ള ഹിന്ദു കുടിയേറ്റക്കാര്‍ നഗരങ്ങളാണ് ജീവിക്കാനായി തിരഞ്ഞെടുത്തത്. അവരാകട്ടെ സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെ നിയന്ത്രിക്കും വിധം വളരുകയും ചെയ്തു. ഓള്‍ ഇന്ത്യ മുസ്്‌ലിംലീഗ്, ഫസലുല്‍ ഹഖിന്റെ കൃഷക് പ്രജാ പാര്‍ട്ടി തുടങ്ങിയവയില്‍ അഭയം തേടിയ മുസ്‌ലിംകള്‍ ആദ്യകാലത്ത് ചില രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് ശ്രമം നടത്തിയെങ്കിലും അത് നിലനിര്‍ത്താനാവാതെ പോയി. 1972-77ല്‍ ബംഗാള്‍ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരാണ് മുസ്‌ലിംകളുടെ ജീവിതനിലവാരമുയര്‍ത്താന്‍ ആദ്യമായി ശ്രമം നടത്തിയത്. മുസ്്‌ലിംകള്‍ ഉള്‍പ്പെടെയുളള പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിന് മുഖ്യമന്ത്രി സിദ്ധാര്‍ഥ ശങ്കര്‍റായ് മുന്‍കൈയെടുത്തു. നിയമനം നടത്തുമ്പോള്‍ മുസ്‌ലിംകളെ പ്രത്യേകം പരിഗണിക്കണമെന്നും ഓരോ പോലിസ് സ്‌റ്റേഷനിലും ഒരു മുസ്‌ലിം ഉദ്യോഗസ്ഥനെങ്കിലും വേണമെന്നും റായ് നിര്‍ദേശിച്ചു. സര്‍ക്കാര്‍ ജോലികളില്‍ ദുര്‍ബല സാന്നിധ്യമായിരുന്ന മുസ്‌ലിംകള്‍ക്ക് ഈ തീരുമാനമുണ്ടാക്കിയ ആത്മവിശ്വാസം വലുതായിരുന്നു.
എന്നാല്‍ 1977ല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ എല്ലാം അട്ടിമറിക്കപ്പെട്ടു. നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി മതിയെന്നും മുസ്‌ലിംകള്‍ക്ക് നല്‍കിക്കൊണ്ടിരുന്ന പ്രത്യേക പരിഗണന എടുത്തുകളയാനുമായിരുന്നു ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനം. 1990 അവസാനത്തോടെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആകെ തൊഴില്‍രഹിതരുടെ എണ്ണം 48,20,331 ആയിരുന്നെങ്കില്‍ 1999 അവസാനമായപ്പോഴെയ്ക്കും ഇത് 55,55,952 ആയി ഉയര്‍ന്നു. രജിസ്റ്റര്‍ ചെയ്യപ്പെട്ടതില്‍ 291,768 പേര്‍ മുസ്്‌ലിംകളായിരുന്നുവെങ്കിലും 70,945 പേരുടെ അപേക്ഷമാത്രമാണ് സര്‍ക്കാര്‍ തൊഴില്‍ദാതാക്കളുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചത്. ഇതില്‍ ജോലി ലഭിച്ചതാകട്ടെ 4,232 (6 ശതമാനം) പേര്‍ക്ക് മാത്രമായിരുന്നു. മുസ്‌ലിംകളെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ മനപ്പൂര്‍വമുള്ള ശ്രമമായിരുന്നു എല്ലാം.
25 ശതമാനം മുസ്‌ലിംകള്‍ ഇടതുപക്ഷത്തിന്റെ ഉറച്ച വോട്ടുബാങ്കായിരുന്നു. 141 അസംബ്ലി മണ്ഡലങ്ങളിലും 20 ശതമാനത്തില്‍ കൂടുതലാണ് മുസ്‌ലിം ജനസംഖ്യ. 48 മണ്ഡലങ്ങളില്‍ മുസ്‌ലിംജനസഖ്യ 50 ശതമാനത്തിലധികമാണ്. 17 മണ്ഡലങ്ങളില്‍ ഇത് 40-50 ശതമാനത്തിനിടയില്‍ വരും. 30-40 ശതമാനത്തിനിടയില്‍ മുസ്്‌ലിംജനസംഖ്യയുള്ള 26 മണ്ഡലങ്ങളുണ്ട്. 50 മണ്ഡലങ്ങളില്‍ 20-30 ശതമാനം മുസ്്‌ലിംകളുണ്ട്. പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ട 35 സീറ്റുകളില്‍ മുസ്‌ലിംകള്‍ 20 ശതമാനത്തിലധികമാണ്. 20 സംവരണ മണ്ഡലങ്ങളില്‍ 20-30 ശതമാനമാണ് മുസ്്‌ലിംജനസംഖ്യ. ആറു സംവരണ മണ്ഡലങ്ങളില്‍ 30-40 ശതമാനവും ആറു സംവരണമണ്ഡലങ്ങളില്‍ 40-50 ശതമാനവും മൂന്നു സംവരണ മണ്ഡലങ്ങളില്‍ 50 ശതമാനത്തിലധികവും മുസ്‌ലിംജനസംഖ്യയുണ്ട്. എന്നാല്‍, സി.പി.എം ഭരണത്തില്‍ മുസ്‌ലിംകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് നോക്കൂ. സച്ചാര്‍ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെയാണ്:
25.2 ശതമാനം മുസ്‌ലിംജനസംഖ്യയുള്ള ബംഗാളില്‍ സര്‍ക്കാര്‍ ജോലിയിലെ മുസ്‌ലിംപ്രാതിനിധ്യം 2.1 ശതമാനമാണ്. പ്രൈമറി തലത്തില്‍ 50 ശതമാനം മുസ്‌ലിം കുട്ടികളും സ്‌കൂളുകളില്‍പ്പോകുന്നില്ല. അപ്പര്‍ പ്രൈമറി തലത്തിലെത്തുമ്പോള്‍ ഇത് 26 ശതമാനമായി കുറയുന്നു. പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍ ഇത് യഥാക്രമം 54,30,14 ശതമാനം വീതമാണ്. രാജ്യത്തെ 90 മുസ്‌ലിം കേന്ദ്രീകൃത ജില്ലകളില്‍ 12 എണ്ണം ബംഗാളിലാണ്. 1000 മുസ്‌ലിംഗ്രാമങ്ങളിലും പ്രൈമറി സ്‌കൂളുകളില്ല. 3000 ഗ്രാമങ്ങളില്‍ പ്രാഥമിക ആശുപത്രി സൗകര്യമില്ല.
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നതില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനവും പശ്ചിമബംഗാളാണ്. സുരക്ഷയുടെ കാര്യത്തിലും ബംഗാള്‍ പിന്നിലാണ്. ബംഗാളില്‍ ഏറ്റവും കൂടുതല്‍ പിടിച്ചു പറിക്കും ഭവനഭേദനത്തിനും വിധേയമാകുന്നതും മുസ്്‌ലിംകളാണ്. നഗരങ്ങളില്‍ പിടിച്ചു പറിക്കും കവര്‍ച്ചയ്ക്കും വിധേയമാകുന്ന മുസ്‌ലിംകളുടെ നിരക്ക് 36 ശതമാനമാണ്. നഗരങ്ങളില്‍ 35 ശതമാനം മുസ്‌ലിം പെണ്‍കുട്ടികള്‍ ഭീഷണിക്കും പീഡനത്തിനും വിധേയരാവുന്നു. സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിനും രംഗനാഥന്‍ മിശ്ര കമ്മീഷന്‍ റിപോര്‍ട്ടിനും ശേഷമാണ് പശ്ചിമബംഗാളിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഒ.ബി.സി മുസ്‌ലിംകള്‍ക്കായി 10 ശതമാനം സംവരണം 2010ല്‍ പ്രഖ്യാപിച്ചത്. ഇതാകട്ടെ ബംഗാള്‍ സര്‍ക്കാരിന്റെ തട്ടിപ്പു തന്ത്രമായിരുന്നു. ഇതുകൊണ്ട് ഫലത്തില്‍ 0.7 ശതമാനം സംവരണം മാത്രമാണ് മുസ്‌ലിംകള്‍ക്ക് ലഭിച്ചത്. മുസ്‌ലിം ഒ.ബി.സിക്ക് 10 ശതമാനവും ഹിന്ദു ഒ.ബി.സിക്ക് 7 ശതമാനവുമാണ് സംവരണം. ഇതോടെ ആകെ ഒ.ബി.സി സംവരണത്തിന്റെ തോത് 17 ശതമാനമായി. നാഷനല്‍ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ സര്‍വേ റിപോര്‍ട്ട് പ്രകാരം 2.5 ശതമാനം മുസ്‌ലിംകളെ മാത്രമാണ് ബംഗാള്‍ സര്‍ക്കാര്‍ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. എന്നാല്‍ ഹിന്ദു ഒ.ബി.സിയാകട്ടെ 8.5 ശതമാനമാണ്. ഇങ്ങനെ വരുമ്പോള്‍ ബംഗാളിലെ ആകെ മുസ്‌ലിം ജനസംഖ്യയിലെ 0.7 ശതമാനം പേര്‍ക്കു മാത്രമാണ് ഇതിന്റെ ഗുണം ലഭിക്കുക.
2001ല്‍ മരണപൂര്‍വ ആരോഗ്യപരിരക്ഷ ലഭിക്കാത്ത ഗ്രാമീണരുടെ എണ്ണം കേരളത്തില്‍ 11.4 ശതമാനമായിരുന്നപ്പോള്‍ പശ്ചിമ ബംഗാളില്‍ ഇത് 85.3 ശതമാനമായിരുന്നു. പശ്ചിമബംഗാളിലെ 26 ശതമാനത്തോളം വരുന്ന മുസ്‌ലിംകളില്‍ 83 ശതമാനം താമസിക്കുന്നത് ഗ്രാമങ്ങളിലാണെന്നറിയുമ്പോഴാണ് ഈ ചിത്രം പൂര്‍ത്തിയാകുക. കൊല്‍ക്കത്തയില്‍ 15 ശതമാനത്തിലധികമാണ് മുസ്‌ലിം ജനസംഖ്യ. ഇതില്‍ 60 ശതമാനം പേര്‍ റിക്ഷവലിക്കുന്നവരാണ്. മുസ്്‌ലിംകള്‍ തന്നെയാണ് മമതയുടെയും വോട്ട്ബാങ്ക്. എട്ടുവര്‍ഷത്തിനിടയില്‍ മമത എന്താണ് ചെയ്തതെന്ന ചോദ്യത്തിന് ഉത്തരമില്ലാതില്ല. പതുക്കെയെങ്കിലും മുസ്‌ലിംകളുടെ ജീവിതനിലവാരമുയര്‍ത്താനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. മുസ്‌ലിംപ്രീണനമെന്ന സംഘ്പരിവാര്‍ തടസ്സവാദത്തെ മമത വകവച്ചില്ലെന്നതാണ് ഇതില്‍ പ്രധാനം. 2005ലെ സച്ചാര്‍ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ മുസ്്‌ലിംകളുടെ സര്‍ക്കാര്‍ ജോലിയിലെ പ്രാതിനിധ്യം 3.4, ശതമാനമായിരുന്നത് മമത അധികാരത്തിലേറിയ ശേഷം 5.73 ശതമാനമായി ഉയര്‍ന്നു. ഒ.ബി.സി ലിസ്റ്റിലേക്ക് കൂടുതല്‍ മുസ്‌ലിംവിഭാഗങ്ങളെ ഉള്‍പ്പെടുത്തിയത് 10 ശതമാനം സംവരണത്തിന്റെ കുടുതല്‍ ഗുണം മുസ്്‌ലിംകള്‍ക്ക് അനുഭവിക്കാന്‍ കാരണമായി. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി കൊല്‍ക്കത്ത മേയറായി 2018ല്‍ മുസ്‌ലിം തിരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയത്തില്‍ മുസ്്‌ലിംകളുടെ പ്രാതിനിധ്യം വര്‍ധിച്ചു. ഇമാമുമാര്‍ക്ക് സ്‌റ്റൈപ്പന്റ് ഏര്‍പ്പെടുത്തി. ഹജ്ജ് ഹൗസുകള്‍ സ്ഥാപിച്ചു. 400 മദ്‌റസ ഹോസ്റ്റലുകള്‍ അനുവദിച്ചു.
ആലിയ സര്‍വകലാശാലയ്ക്ക് പുതിയ കാംപസ് അനുവദിച്ചു. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തുടങ്ങി. 34 വര്‍ഷത്തെ അവഗണനയ്ക്ക് ഇതു മതിയായതാണെന്നല്ല. ഇതിനെ തുടക്കം മാത്രമായേ കാണേണ്ടതുള്ളൂ. ബംഗാളി മുസ്്‌ലിംകള്‍ രാഷ്ട്രീയക്കാരോട് ഒന്നേ പറയുന്നുള്ളൂ... ആ ശുദ്ധവായു, അതിനി ഞങ്ങള്‍ക്ക് വേണ്ട സര്‍.
ബംഗാള്‍ പറഞ്ഞു, ഈ ശുദ്ധവായു തങ്ങള്‍ക്കിനി വേണ്ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."