HOME
DETAILS

കൊടും ക്രൂരതയ്ക്ക് നൂറാണ്ട് തികയുമ്പോള്‍

  
backup
April 12 2019 | 20:04 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%b0%e0%b4%a4%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b5%82%e0%b4%b1%e0%b4%be

 

 

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും ദുഃഖ പൂര്‍ണമായ സംഭവങ്ങളില്‍ ഒന്നായിരുന്നു ജാലിയന്‍ വാലാബാഗ് കൂട്ടക്കുരുതി. മാന്യമെന്ന് കരുതിയിരുന്ന ബ്രിട്ടന്റെ കൊളോണിയല്‍ മേധാവിത്വത്തിന്റെ പ്രകടനമായിരുന്നു ഈ കൂട്ടക്കൊല. അടിച്ചമര്‍ത്തിക്കൊണ്ട് ഒരു ജനതയെ എങ്ങനെ അടക്കിവാഴാമെന്ന സാമ്രാജ്യവാദികളുടെ പരീക്ഷണത്തിന് ഉദാഹരണമായിരുന്നു ഇത്. നിരായുധരായ ജനക്കൂട്ടത്തെ രക്ഷപ്പെടാനുള്ള പഴുതുകള്‍ എല്ലാം അടച്ച് വെടിയുതിര്‍ത്ത് കൊലപ്പെടുത്തുമ്പോള്‍ അധികാര പ്രയോഗത്തിന്റെ പ്രകടിത രൂപമാണ് നാം കണ്ടത്. താന്‍ തികച്ചും 'കൊള്ളാവുന്ന ഒരു കാര്യം ചെയ്തു തീര്‍ത്തു ' എന്ന ബോധ്യത്തോടെയാണ് ഡയര്‍ ജാലിയന്‍ വാലാബാഗ് വിട്ടത്. ഡയറുടെ 'കൊള്ളാവുന്ന കാര്യം' ആംഗ്ലോ-ഇന്ത്യന്‍ ബന്ധങ്ങളുടെ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു. 63 വര്‍ഷം മുന്‍പ് നടന്ന ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തേക്കാള്‍ നിര്‍ണായകമായിരുന്നു ഈ സംഭവം. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം തന്റെ യുദ്ധവിരുദ്ധ പ്രമാണങ്ങളില്‍ പോലും ആര്‍ക്കുവേണ്ടി വിട്ടുവീഴ്ച വരുത്തിയോ, ആ സാമ്രാജ്യം അവസാനമായി നടത്തിയ വിശ്വാസവഞ്ചനയായിരുന്നു ഇത്. എന്നാല്‍, ഈ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജനറല്‍ ഡയറിനെ അനുമോദിക്കാനാണ് അന്നത്തെ ബ്രിട്ടിഷ് ഇന്ത്യയിലെ വെള്ളക്കാരായ ഉദ്യോഗസ്ഥ വൃന്ദം തയാറായത്. കനത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഡയര്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. എങ്കിലും ബ്രിട്ടനിലും ഉദ്യോഗസ്ഥര്‍ക്കിടയിലും ഡയര്‍ ഒരു വീരനായക പരിവേഷത്തിലേക്കുയര്‍ന്നിരുന്നു. ഇന്ത്യയെ നവീകരിക്കാനുള്ള 'വെള്ളക്കാരന്റെ ഉത്തരവാദിത്തം' ഏറ്റെടുത്ത ബ്രിട്ടിഷുകാരന്‍ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയവരെ ആരാധിക്കുന്നതാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. ഈ സംഭവത്തെ കുറിച്ചന്വേഷിക്കുവാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹണ്ടര്‍ കമ്മിറ്റിക്ക് മുന്‍പാകെ നവംബര്‍ 19ന് ഡയര്‍ ഹാജരായി. ജനക്കൂട്ടം ജാലിയന്‍ വാലാബാഗില്‍ ഒത്തുകൂടിയിട്ടുണ്ടെങ്കില്‍ അവിടെ വെടിവയ്പ്പ് നടത്താന്‍ തീരുമാനിച്ചു തന്നെയാണ് താന്‍ പോയതെന്നാണ് ഡയര്‍ കമ്മിഷന് മുന്‍പാകെ മൊഴി നല്‍കിയത്. വെടിവയ്പ്പ് തുടങ്ങിയ സമയത്തു തന്നെ ജനങ്ങള്‍ പിരിഞ്ഞു പോയിരുന്നു. എങ്കിലും അവര്‍ പൂര്‍ണമായി ഒഴിഞ്ഞു പോകുവാനാണ് താന്‍ വെടിയുണ്ടകള്‍ തീരുന്നത് വരെ വെടിവയ്ക്കാന്‍ ഉത്തരവ് നല്‍കിയതെന്ന് വളരെ ശാന്തനായി ഡയര്‍ പറഞ്ഞു. ഹണ്ടര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കി അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ അംഗങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടമായിരുന്നു. കമ്മിഷനില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ അംഗങ്ങള്‍ സ്വന്തമായി റിപ്പോര്‍ട്ട് തയാറാക്കി. ജനക്കൂട്ടത്തെ പിരിച്ച് വിടുന്നതിന് പകരം വെടിയുണ്ടകള്‍ തീരും വരെ വെടിവയ്ക്കാനുള്ള ഡയറിന്റെ തീരുമാനം വലിയ അപരാധമായാണ് കമ്മിഷന്‍ കണ്ടെത്തിയത് . ഒരു കലാപം നിയന്ത്രിക്കാനല്ല, മറിച്ച് യാതൊരു തരത്തിലും സംഘര്‍ഷത്തിന് മുതിരാത്ത ജനങ്ങള്‍ക്ക് നേരെ നടത്തിയ അക്രമത്തെ ന്യായീകരിക്കാനാകില്ലെന്ന് ചില അംഗങ്ങള്‍ രേഖപ്പെടുത്തി. മനുഷ്യത്വരഹിതമായ ഡയറിന്റെ നടപടിയെ അപലപിച്ചെങ്കിലും യാതൊരു ശിക്ഷാനടപടിയും കമ്മിഷന്‍ മുന്നോട്ടുവെച്ചില്ല. വൈസ്രോയി കൗണ്‍സിലിലെ അംഗങ്ങളും ഡയറിനെ കുറ്റക്കാരനായി കണ്ടെത്തിയെങ്കിലും രാഷ്ട്രീയ കാരണങ്ങളാല്‍ നടപടി ഒന്നും ഉണ്ടായില്ല.


ഡയറിന്റെ നടപടിയെ ഇന്ത്യയിലെ ബ്രിട്ടിഷുകാര്‍ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തുടനീളമുള്ള ക്ലബ്ബുകളില്‍ നാട്ടുകാരായ ആരാധകവൃന്ദം ഡയറിന് വേണ്ടി പണപ്പിരിവ് നടത്തുകയും ചെയ്തു.


ജാലിയന്‍ വാലാബാഗിലെ വെടിവയ്പ്പിനു ശേഷം ജനറല്‍ ഡയര്‍ നഗരത്തിലും പരിസരങ്ങളിലും പട്ടാളത്തിന്റെ ഭീകര ഭരണമാണ് നടത്തിയത്. ജനങ്ങള്‍ക്ക് വെള്ളവും വൈദ്യുതിയും നിഷേധിച്ചു. പട്ടാള കോടതികള്‍ ഏര്‍പ്പെടുത്തി നിരവധി പേരെ ശിക്ഷിച്ചു. ഇന്ത്യക്കാരെ മുക്കാലിയില്‍ കെട്ടിഅടിക്കുകയും ജീവപര്യന്തം നാടുകടത്തുകയും ചെയ്തു. പത്ര മാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ പഞ്ചാബില്‍ നടന്ന ആക്രമണങ്ങളെ കുറിച്ചും കിരാത ഭരണത്തെ കുറിച്ചും ഉള്ള യാഥാര്‍ഥ്യം ഏറെക്കാലം കഴിഞ്ഞാണ് രാജ്യത്തിന്റെ ഇതരഭാഗങ്ങള്‍ അറിയുന്നത്. പഞ്ചാബിലെ പട്ടാള ഭരണത്തിന്റെ നിഷ്ഠൂരത ഇന്ത്യയിലാകെ പ്രക്ഷോഭങ്ങള്‍ക്ക് ഇടയാക്കി. ഗവണ്‍മെന്റിനെതിരേ പ്രതിഷേധിച്ചു കൊണ്ട് പണ്ഡിറ്റ് മാളവ്യ, എം.എ ജിന്ന, മശ്‌റൂള്‍ ഹക്ക് തുടങ്ങിയ ഇന്ത്യന്‍ അംഗങ്ങള്‍ സാമ്രാജ്യ നിയമസഭയില്‍ നിന്ന് രാജിവച്ചിരുന്നു.
അമൃത്സറിലെ ഒരു കൂട്ടം വിപ്ലവകാരികളുമായി ബ്രിട്ടിഷ് സൈന്യം ഏറ്റുമുട്ടി എന്നാണ് ഡയര്‍ തന്റെ മേലധികാരിക്ക് അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ജനറല്‍ ഡയര്‍ ചെയ്ത നടപടി ശരിയാണെന്നും തങ്ങള്‍ അത് അംഗീകരിക്കുന്നുവെന്നും പഞ്ചാബിലെ ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ ഡയര്‍ക്കായി അയച്ച മറുപടി കമ്പി സന്ദേശത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.


ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മൃഗീയം എന്നാണ് ജാലിയന്‍ വാലാബാഗ് സംഭവത്തെ വിശേഷിപ്പിച്ചത്. നിരായുധരായ സ്ത്രീകളും കുട്ടികളും അടങ്ങുന്ന പൊതുജനത്തെ യാതൊരു പ്രകോപനവും കൂടാതെ വെടിവച്ചതില്‍ ജനറല്‍ ഡയറെ ഹൗസ് ഓഫ് കോമണ്‍സ് നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു. 37 നെതിരേ 247 വോട്ടുകള്‍ക്കാണ് ഹൗസ് ഓഫ് കോമണ്‍സ് ഡയര്‍ക്കെതിരേയുള്ള പ്രമേയം പാസാക്കിയത്.
കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് രവീന്ദ്രനാഥ് ടാഗോര്‍ സര്‍ സ്ഥാനം ഉപേക്ഷിച്ചു. സംഭവം അറിഞ്ഞയുടന്‍ ഒരു പ്രതിഷേധ സമരം നടത്താനാണ് ടാഗോര്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും, പിന്നീട് തന്റെ പ്രതിഷേധത്തിന്റെ സൂചകമായി ബ്രിട്ടന്‍ തനിക്കു നല്‍കിയ സര്‍ സ്ഥാനം തിരിച്ചുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ രാജ്യത്തെ ജനങ്ങളുടെ കൂടെ നില്‍ക്കുവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ചെംസ്‌ഫോര്‍ഡ് പ്രഭുവിനയച്ച സന്ദേശത്തില്‍ ടാഗോര്‍ പറയുകയുണ്ടായി.


ഹണ്ടര്‍ കമ്മിറ്റിക്ക് പുറമെ മാളവ്യയും മഹാത്മാഗാന്ധിയും സി.ആര്‍ ദാസും ചേര്‍ന്ന ഒരു അന്വേഷണ കമ്മിറ്റിയെ കോണ്‍ഗ്രസ് നിശ്ചയിച്ചിരുന്നു. രണ്ടു കമ്മിറ്റികളും അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഗവണ്‍മെന്റ് ഇന്ത്യയിലെ ഉദ്യോഗസ്ഥന്മാരുടെ രക്ഷക്കു വേണ്ടി ഇണ്ടംനിറ്റി ആക്റ്റ് എന്നൊരു നിയമം പാസാക്കി. ഹണ്ടര്‍ കമ്മിറ്റി സാക്ഷി വിസ്താരവും അന്വേഷണവും നടത്തിയപ്പോള്‍ പട്ടാളം പഞ്ചാബില്‍ പ്രവര്‍ത്തിച്ച ഹൃദയഭേദകമായ ആക്രമണങ്ങള്‍ പുറത്തു വന്നു. സാക്ഷികളെയും തെളിവുകളും ശേഖരിച്ച് കൊടുത്ത് ഹണ്ടര്‍ കമ്മിറ്റിയെ സഹായിക്കാനായിരുന്നു കോണ്‍ഗ്രസ് ഒരു ഉപകമ്മിറ്റിയെ ഏര്‍പ്പെടുത്തിയത്. എന്നാല്‍, പട്ടാളത്തിന്റെ ക്രൂരതകളെ കുറിച്ച് നേരിട്ട് അറിവുണ്ടായിരുന്ന പ്രാദേശിക നേതാക്കളെല്ലാം ജയിലിലാവുകയും അവരെ വിസ്തരിക്കാന്‍ ഹണ്ടര്‍ പ്രഭു തയാറാവാതിരിക്കുകയും ചെയ്തത് ചില തെറ്റിദ്ധാരണകള്‍ക്ക് ഇട നല്‍കി. അതിനാല്‍, കോണ്‍ഗ്രസ് ഉപകമ്മിറ്റി ഹണ്ടര്‍ കമ്മിറ്റിക്ക് തെളിവ് ശേഖരിച്ച് കൊടുക്കാന്‍ നില്‍ക്കാതെ ഒരു സ്വതന്ത്ര അന്വേഷണം നടത്താനും റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താനും തീരുമാനിച്ചു. ഈ സമയത്താണ് ബ്രിട്ടിഷ് ഗവണ്‍മെന്റ് മൊണ്ടോഗ് ചെംസ്‌ഫോര്‍ഡ് ഭരണ പരിഷ്‌കാരം പാസാക്കിയത്. ഇതുപ്രകാരം തടവിലുണ്ടായിരുന്ന പഞ്ചാബിലെ തടവുകാരെ എല്ലാം വിട്ടയക്കാന്‍ തീരുമാനമായി. കോണ്‍ഗ്രസ് അന്വേഷണ കമ്മിറ്റി പഞ്ചാബിലെ ആക്രമണത്തെ പറ്റി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് 1920 മാര്‍ച്ച് 26ന് പ്രസിദ്ധീകരിച്ചു. എന്നാല്‍, അതിലെ ശുപാര്‍ശകള്‍ പോലും പഞ്ചാബിലെ ജനങ്ങള്‍ക്ക് തൃപ്തി നല്‍കിയില്ല.


ഹണ്ടര്‍ കമ്മിറ്റിയുടെ ശുപാര്‍ശകളോട് ഗവണ്‍മെന്റ് അനുകൂല നിലപാടെടുത്തപ്പോള്‍ അതില്‍ പ്രതിഷേധിച്ചു കൊണ്ട് മലയാളിയായ സര്‍ ശങ്കരന്‍ നായര്‍ അന്നുവഹിച്ച എക്‌സിക്യൂട്ടിവ് കൗണ്‍സിലിലെ വിദ്യാഭ്യാസ മെംബര്‍ സ്ഥാനം രാജിവച്ചു. ഹണ്ടര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതിനോട് യോജിച്ചു പോകുന്ന ഗവണ്‍മെന്റ് തീരുമാനവും ജനങ്ങളെ നിരാശരാക്കി. മാത്രമല്ല ഹണ്ടര്‍ കമ്മിറ്റി ജനങ്ങളെ ഉപദ്രവിച്ചവര്‍ എന്ന് റിപ്പോര്‍ട്ട് ചെയ്തവരെ പോലും ഗവണ്‍മെന്റ് ശിക്ഷിച്ചില്ല. ജനറല്‍ ഡയറിന് ഒരു രത്‌നം പതിച്ച പൊന്‍ പിടിയുള്ള വാള്‍ ഇംഗ്ലീഷുകാര്‍ സമ്മാനിച്ചു. പഞ്ചാബ് ഗവര്‍ണറായിരുന്ന സര്‍ മൈക്കിള്‍ ഓഡയറിനെയും ജോലിയില്‍ നിലനിര്‍ത്തുകയാണ് ചെയ്തത്.


ഏറെക്കാലം ഇന്ത്യാ ചരിത്രത്തില്‍ ദുഃഖപൂര്‍ണമായ ഒരേടായി കിടന്ന ജാലിയന്‍വാലാബാഗ് എലിസബത്ത് രാജ്ഞിയുടെ ഇന്ത്യാ സന്ദര്‍ശനത്തോടെ വീണ്ടും ലോക ശ്രദ്ധയില്‍ വന്നു. ഇന്ത്യാ സന്ദര്‍ശനത്തിനിടെ ജാലിയന്‍വാലാബാഗ് സ്മാരകം സന്ദര്‍ശിക്കാന്‍ അവര്‍ തയാറാവുന്നു. ആ രക്തസാക്ഷി സ്മാരകത്തിന് മുന്നില്‍ നിശബ്ദമായി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും 'ചരിത്രത്തില്‍ നടക്കാന്‍ പാടില്ലാത്തത് പലതും സംഭവിച്ചിട്ടുണ്ട്, നമുക്ക് ചരിത്രത്തെ തിരുത്തിയെഴുതാന്‍ സാധിക്കില്ല, ചരിത്രത്തില്‍ നിന്നും നല്ലൊരു നാളെ പടുത്തുയര്‍ത്താന്‍ ശ്രമിക്കാം' എന്നാണ് എലിസബത്ത് രാജ്ഞി ഈ സന്ദര്‍ശനത്തിന് മുന്‍പ് പറഞ്ഞത്.


ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ട ചില സംഭവങ്ങളിലൊന്നായി ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല കണക്കാക്കപ്പെടുന്നു. ബ്രിട്ടിഷ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമായിരുന്നു ജാലിയന്‍ വാലാ ബാഗില്‍ നടന്നതെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ 2013ല്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നിരിക്കിലും ഒരു ഔദ്യോഗിക ഖേദപ്രകടനത്തിന് കാമറൂണ്‍ തയാറായിരുന്നില്ല.


കൊളോണിയല്‍ കാലത്തെ ബ്രിട്ടിഷ് ക്രൂരതയെ കുറിച്ച് ബ്രിട്ടന്‍ മാപ്പ് പറയണമെന്ന ആവശ്യം ഏറെക്കാലമായി നില നില്‍ക്കുന്നു. എന്നാല്‍, ഈ ആവശ്യം അന്താരാഷ്ട്ര വേദികളില്‍ ആവര്‍ത്തിച്ച് ഉന്നയിച്ചത് ഡോ. ശശി തരൂരായിരുന്നു. ജാലിയന്‍വാലാബാഗ് സംഭവത്തിന്റെ 100-ാം വര്‍ഷത്തില്‍ ബ്രിട്ടന്‍ ഖേദം പ്രകടിപ്പിച്ചപ്പോള്‍ അത് ശശി തരൂരിന്റെ ശ്രമങ്ങള്‍ക്ക് ലഭിച്ച അംഗീകാരം കൂടിയാണ്. 200 വര്‍ഷത്തോളം ഇന്ത്യയെ അടക്കി ഭരിച്ച്, ഇന്ത്യയെ അതിന്റെ സുവര്‍ണ നാളുകളില്‍ നിന്ന് ഏറെ പുറകോട്ടടിച്ച ബ്രിട്ടിഷ് സമീപനത്തെ കുറിച്ച് 'ഇരുട്ടിന്റെ യുഗം' എന്ന രചനയില്‍ ശശി തരൂര്‍ പ്രതിപാദിക്കുന്നുണ്ട്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് ബ്രിട്ടന്‍ മാപ്പ് പറയണമെന്ന് ഇന്ത്യന്‍ പാര്‍ലമെന്റ് കൂട്ടായി ആവശ്യപ്പെടണമെന്ന് ശശി തരൂര്‍ ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. ബ്രിട്ടനിലെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ ജെറിമി കോര്‍ബിന്‍ ആവശ്യപ്പെട്ടതു പോലെ സംശയങ്ങള്‍ക്ക് ഇട നല്‍കാത്ത വിധം മാപ്പ് പറയാന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി തയാറാവേണ്ടതുണ്ട്. ഞങ്ങള്‍ തെറ്റ് ചെയ്തു എന്ന് ഏറ്റുപറയാനും ക്ഷമ ചോദിക്കാനും ആവശ്യപ്പെട്ടെങ്കിലും ഖേദപ്രകടനത്തിലെങ്കിലും എത്തിയതിന്റെ ആശ്വാസത്തിലാണ് ശശി തരൂര്‍. ഏറെക്കാലം ഈ കൊടുംക്രൂരത ബ്രിട്ടന്‍ ഒളിച്ചുവയ്ക്കുകയും മറക്കാന്‍ ആഹ്വാനം നല്‍കുകയും ആയിരുന്നു. എന്നാല്‍, തെരേസമെയ് നടത്തിയ ഖേദപ്രകടനം മാനുഷികത മരവിച്ചു പോയിരുന്ന നാളുകളില്‍ നിന്നുള്ള മടങ്ങിവരവായി നമുക്ക് കണക്കാക്കാം. 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യക്കു വേണ്ടി വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയ രക്തസാക്ഷികള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  25 days ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  25 days ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  25 days ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  25 days ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  25 days ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  25 days ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  25 days ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  25 days ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  25 days ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  25 days ago