ക്ഷേമ പെന്‍ഷന്‍: വെട്ടിക്കുറച്ചില്ലെന്ന് സര്‍ക്കാര്‍; കബളിപ്പിക്കപ്പെട്ടതായി തൊഴിലാളികള്‍
തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ വെട്ടിക്കുറച്ചില്ലെന്ന് സര്‍ക്കാര്‍ ആണയിടുമ്പോള്‍ വര്‍ധിപ്പിച്ച പെന്‍ഷന്‍ തുക ലഭിക്കുന്നില്ലെന്നും വകുപ്പുമന്ത്രി ഉള്‍പ്പടെയുള്ളവര്‍ കബളിപ്പിച്ചതായും കശുവണ്ടി തൊഴിലാളികള്‍.
1000രൂപയാണ് പ്രതിമാസ ക്ഷേമപെന്‍ഷനായി തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടത്. എന്നാല്‍, ഇക്കഴിഞ്ഞ ജനുവരി മുതല്‍ 600രൂപ മാത്രമാണ് പെന്‍ഷന്‍ ലഭിക്കുന്നത്. മൂന്നു മാസത്തിനിടെ ഒരുതവണ പോലും പെന്‍ഷന്‍ ലഭിക്കാത്ത തൊഴിലാളികളുമുണ്ട്. സാമൂഹികസുരക്ഷാ പെന്‍ഷന്‍ വിതരണത്തിന്റെ പേരില്‍ വ്യാജപ്രചാരണം നടക്കുന്നതായി ധനമന്ത്രി തോമസ് ഐസകും മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
എന്നാല്‍, പെന്‍ഷന്‍ വെട്ടിക്കുറച്ചിട്ടില്ലെന്ന സര്‍ക്കാരിന്റെ വാദം തെറ്റാണെന്ന് സേവന പെന്‍ഷന്‍ സൈറ്റുകള്‍ വ്യക്തമാക്കുന്നു. തൊഴിലാളികളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ ഉണ്ടെങ്കില്‍ ആര്‍ക്കും സൈറ്റില്‍നിന്ന് പെന്‍ഷന്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും. ജൂണ്‍ മുതല്‍ ഡിസംബര്‍വരെ ഓരോ മാസവും ആയിരം രൂപ വീതം പെന്‍ഷന്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, ജനുവരി,ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മൊത്തത്തില്‍ ലഭിച്ച തുക1800 രൂപ മാത്രം. ജനുവരി മുതല്‍ പെന്‍ഷന്‍ 600രൂപ വീതമാണ് ലഭിച്ചതെന്നു സാരം. പി.എഫ് പെന്‍ഷന്റെ പേരില്‍ ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഒരു രൂപപോലും പെന്‍ഷന്‍ ലഭിക്കാത്ത തൊഴിലാളികളുമുണ്ട്. ഏപ്രില്‍ മുതല്‍100 രൂപകൂടി വര്‍ധിപ്പിച്ച് 1100 രൂപയാക്കിയിട്ടുണ്ട്. രണ്ട് പെന്‍ഷന്‍ വാങ്ങുന്നവരുടെ രണ്ടാം പെന്‍ഷന്‍ മാത്രമാണ് 600രൂപയായി നിജപ്പെടുത്തിയതെന്നാണ് സര്‍ക്കാര്‍ വാദം.ആദ്യ പെന്‍ഷന്‍1100 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നതെന്നും രണ്ടാം പെന്‍ഷന്റെ പരിധി നിശ്ചയിച്ചതിനെയാണ് പെന്‍ഷന്‍ വെട്ടിക്കുറച്ചുവെന്ന് പ്രചരിപ്പിക്കുന്നതെന്നുമാണ് മന്ത്രി ഐസക് പറയുന്നത്.
ഒരു പെന്‍ഷന്‍ വര്‍ധിപ്പിച്ച നിരക്കിലും രണ്ടാം പെന്‍ഷന്‍ 600 രൂപ നിരക്കിലും നിശ്ചയിച്ചു. വിഷുവിന് പെന്‍ഷന്‍ വിതരണം ചെയ്തപ്പോള്‍ 1,94,833 പേര്‍ക്ക് രണ്ടാം പെന്‍ഷന്‍ 600 രൂപ നിരക്കില്‍ നല്‍കി. വര്‍ധിച്ച നിരക്കില്‍ ഒരു പെന്‍ഷനുള്ള അര്‍ഹതയ്ക്ക് പുറമെയാണിത്. ഇതാണ് പെന്‍ഷന്‍ വെട്ടിക്കുറച്ചതായി വ്യാഖ്യാനിച്ചതെന്നും മന്ത്രി പറയുന്നു.
എന്നാല്‍, വര്‍ധിപ്പിച്ച1100 രൂപ പെന്‍ഷന്‍ ലഭിക്കാത്ത തൊഴിലാളികള്‍ തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി പരാതി പറയുന്നു. നേരത്തെ കിട്ടിക്കൊണ്ടിരുന്ന പെന്‍ഷന്‍ ലഭിക്കാത്തതില്‍ ദു:ഖിതരായ തൊഴിലാളികള്‍ സര്‍ക്കാരിന്റെ വിശദീകരണത്തില്‍ തൃപ്തരല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."