സഊദിയിൽ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികൾ മരണപ്പെട്ടു
റിയാദ്: സഊദിയിൽ കൊവിഡ് ബാധയേറ്റ് മൂന്ന് മലയാളികൾ കൂടി മരണപ്പെട്ടു. കൊല്ലം സ്വദേശികൾ കിഴക്കൻ സഊദിയിലെ ദമാം, ഹഫർ അൽ ബാത്വിൻ എന്നിവിടങ്ങളിലും മലപ്പുറം സ്വദേശി ഉനൈസയിലുമാണ് മരണപ്പെട്ടത്. കൊവിഡ് ബാധയേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന കോല്ലം ഓച്ചിറ ക്ലാപ്പന സ്വദേശി കൊച്ചുവീട്ടിൽ മുജീബ് റഹ്മാൻ (48) ആണ് ഹഫർ അൽ ബാത്വിനിൽ മരണപ്പെട്ടത്. രണ്ടാഴ്ച്ച മുമ്പാണ് ശ്വാസ തടസത്തെ തുടന്ന് ഇദ്ദേഹത്തെ കിംങ് ഖാലിദ് ഹോസ്പിറ്റലിൽ ചികിൽസയിൽ പ്രവേശിപ്പിച്ചത്. അസുഖം മൂർച്ചിച്ചതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും വ്യാഴാഴ്ച്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു.
പതിനഞ്ച് വർഷത്തോളം റിയാദിൽ ജോലി ചെയ്ത ഇദ്ദേഹം പിന്നീട് ജോലി മതിയാക്കി നാട്ടിൽ പോയി തിരിച്ചുവന്നു സഹോദരനുമായി ചേർന്ന് ഹഫർ അൽ ബാത്വിനിൽ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു. അതിനിടയിൽ ആറുമാസം മുമ്പ് മാതാവ് മരണപ്പെട്ടതുമൂലം നാട്ടിലേക്ക് ലീവിനുപോയ ഇദ്ദേഹം യാത്രാ നിയന്ത്രണങ്ങൾക്ക് തൊട്ട് മുമ്പാണ് മടങ്ങി വന്നത്. ഭാര്യ: സാജിദ ബീവി മക്കൾ: ഷിഫാന, മുഹ്സിന. ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് വെൽഫയർ കൊർഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറത്തിന്റെ നേത്യത്വത്തിൽ ഹഫർ അൽ ബാത്തിനിലെ വാളന്റിയർമാരായ നൗഷാദ് കൊല്ലം, നൗഫൽ എരുമേലി, ഷിനുഖാൻ പന്തളം, മുജിബ് റഹ്മാന്റെ ബന്ധു നസീർ കാപ്പിൽ എന്നിവർ രേഖകൾ തയ്യാറാക്കാൻ രംഗത്തുണ്ട്.
കൊല്ലം കല്ലുവെട്ടാങ്കുഴി സജീന മൻസിലിൽ അബ്ദുൽ മനാഫ് (50) ആണ് ദമാമിൽ കൊവിഡ് ബാധിച്ചു മരിച്ചത്. കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ ഒരു മാസം മുൻപേ അൽ ഖോബാറിലെ ഒരു സ്വകാര്യ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രി ആരോഗ്യ നില വഷളാവുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയും ചെയ്തു. ഭാര്യ: റീജ, മക്കൾ: അഫ്നാൻ, അഫ്സൽ.
മലപ്പുറം ചെമ്മാട് സ്വദേശി കുഞ്ഞിമരക്കാരകത്ത് ഷമീർ (38) ആണ് ഉനൈസയിൽ മരണപ്പെട്ടത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 13 വർഷമായി സഊദിയിലുണ്ടായിരുന്ന ഇദ്ദേഹം ഉനൈസയിൽ പച്ചക്കറി വിതരണ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. അലിപ്പു - റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സാബിറ. മക്കൾ: ഹാഫി, ഹിസു. ദമാമിലുള്ള സഹോദരൻ ഷംസു മരണവിവരം അറിഞ്ഞ് ഉനൈസയിൽ എത്തിയിട്ടുണ്ട്. ഖബറടക്ക നടപടികൾ പൂർത്തീകരിക്കാൻ ഉനൈസ കെ.എം.സി.സി നേതൃത്വം നൽകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."