സംഭാവന വാങ്ങിക്കോ കണക്കു കാണിക്കണം
ന്യൂഡല്‍ഹി: രാഷ്ട്രീയപ്പാര്‍ട്ടികള്‍ 'ഇലക്ടറല്‍ ബോണ്ട്'പദ്ധതി പ്രകാരം ഇതുവരെ സ്വീകരിച്ച സംഭാവനയുടെ സമ്പൂര്‍ണ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ മെയ് 30നകം തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കാന്‍ സുപ്രിംകോടതി.
ഇലക്ടറല്‍ ബോണ്ടിനെതിരായ കേസിലാണ് ഇടക്കാല ഉത്തരവ്. ഇലക്ടറല്‍ബോണ്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച കോടതി കേസ് വിശദമായി പരിശോധിക്കേണ്ടതാണെന്നും പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
സ്വീകരിച്ച തുക, നല്‍കിയ ആളുടെ വിവരം, കൈമാറിയ രീതി, അക്കൗണ്ട് വിവരങ്ങള്‍ എന്നിവയാണ് കമ്മിഷന് മുദ്രവച്ച കവറില്‍ നല്‍കേണ്ടത്. മെയ് 15വരെ സ്വീകരിക്കുന്ന കണക്കുകള്‍ കാണിക്കണം. സുപ്രിംകോടതിയുടെ അന്തിമ ഉത്തരവ് വരെ ഈ കവര്‍ കമ്മിഷന്‍ സൂക്ഷിക്കണം.
ഇലക്ടറല്‍ ബോണ്ട് വാങ്ങാന്‍ അനുവദിച്ച 50 ദിവസത്തിനുപുറമേ അഞ്ചുദിവസം കൂടുതല്‍ അനുവദിച്ച ധനവകുപ്പിന്റെ വിജ്ഞാപനം ഭേദഗതി ചെയ്യാനും കോടതി നിര്‍ദേശിച്ചു. ഇലക്ടറല്‍ ബോണ്ട് സംവിധാനത്തിനെതിരേ സി.പി.എം, കോമണ്‍കോസ്, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്നീ സംഘടനകളാണ് സുപ്രിംകോടതിയെ സമീപിച്ചത്. അഴിമതി നിയമവിധേയമാക്കുന്നതാണ് പദ്ധതിയെന്നായിരുന്നു വാദം. ഇലക്ടറല്‍ ബോണ്ട് നടപ്പാക്കാന്‍ ധനനിയമം (2017), ആര്‍.ബി.ഐ നിയമം (1934), ജനപ്രാതിനിധ്യ നിയമം (1951), ആദായനികുതി നിയമം (1961), കമ്പനി നിയമം എന്നിവയില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു.
ഇലക്ടറല്‍ ബോണ്ട്
2018 ജനുവരി രണ്ടിനാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി പ്രാബല്യത്തില്‍ വന്നത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ പ്രോമിസറി നോട്ട് മാതൃകയില്‍ എസ്.ബി.ഐയുടെ തിരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ചുകളില്‍നിന്ന് പലിശയില്ലാതെ രാജ്യത്തെവിടെ നിന്നും ആര്‍ക്കും ഇലക്ടറല്‍ ബോണ്ട് വാങ്ങാം. ആയിരവും അതിന്റെ ഗുണിതങ്ങളുമായി ഒരു കോടി രൂപ വരെ വാങ്ങാം. അനുവദിച്ച സമയത്ത് 10 ദിവസത്തിനകം വാങ്ങി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കൈമാറാം. വാങ്ങുന്നയാള്‍ വിവരങ്ങള്‍ ബാങ്കില്‍ നല്‍കണം. 15 ദിവസത്തിനകം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഇത് പണമാക്കാം.
തെര. കമ്മിഷന്‍ നിലപാട്
പദ്ധതി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ള ഫണ്ടിങ്ങിലെ സുതാര്യത ഇല്ലാതാക്കും. 2017 മെയില്‍ തന്നെ തങ്ങള്‍ ആശങ്ക അറിയിച്ചതാണ്. സംഭാവനകള്‍ തങ്ങളെ അറിയിക്കേണ്ട ബാധ്യതയില്ലാത്ത സാഹചര്യമുണ്ടായാല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ എവിടെനിന്ന്, എത്ര പണം സ്വീകരിച്ചെന്ന് അറിയാന്‍ തടസമാവും. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ മാത്രം തട്ടിക്കൂട്ട് കമ്പനികള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടാകും. നിയമ ഭേദഗതി കാരണം രാഷ്ട്രീയപ്പാര്‍ട്ടികളുടെ അക്കൗണ്ട് പരിശോധിക്കാനുള്ള അധികാരം ഇല്ലാതായി. ഇത് രാഷ്ട്രീയത്തില്‍ കള്ളപ്പണ ഇടപാടുണ്ടാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."