ദന്തേവാഡ ആക്രമണം: ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി മാവോയിസ്റ്റുകള്‍
റായ്പൂര്‍: ഛത്തിസ്ഗഡിലെ ദന്തേവാഡയില്‍ ബി.ജെ.പി എം.എല്‍.എ ഭിമ മണ്ഡാവിയും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാവോയിസ്റ്റുകളുടെ കത്ത്.
പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ബസ്തര്‍ മേഖലയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ചില സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് നല്‍കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് എം.എല്‍.എയെയും അംഗരക്ഷകരെയും കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടുള്ള കത്ത് മാധ്യമ ഓഫിസുകളില്‍ ലഭിച്ചത്.
ആക്രമണത്തിനു പിന്നില്‍ മാവോയിസ്റ്റ് സംഘടനയിലെ പ്രത്യേക വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മിയാണെന്നും വ്യക്തമാക്കുന്നു. ആക്രമണത്തിനു ശേഷം ആയുധങ്ങള്‍ തട്ടിയെടുത്തതായും ഇവര്‍ അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ രണ്ടു റൈഫിളുകള്‍ ഉള്‍പ്പെടെയുള്ളവ കാണാതായിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചിരുന്നു. രണ്ടു പേജ് വരുന്ന കത്തില്‍ മാവോയിസ്റ്റ് ദണ്ഡകാരണ്യ സ്‌പെഷല്‍ മേഖലക്ക് കീഴിലുള്ള ദര്‍ബ ഡിവിഷന്‍ സെക്രട്ടറി സായ്‌നാഥാണ് ഒപ്പുവച്ചിരിക്കുന്നത്. നിരവധി അക്രമങ്ങള്‍ നടത്തിയതിന്റെ വിവരങ്ങളും മാധ്യമങ്ങള്‍ക്ക് നല്‍കിയ കത്തിലുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ട 2013 മെയ് 25ലെ ബസ്തര്‍ ജില്ലയിലെ ജിറാം വാലി ആക്രമണവും തങ്ങളാണ് നടത്തിയതെന്നും മാവോയിസ്റ്റുകള്‍ പറയുന്നു.
പ്രാദേശിക ജനതയുടെ എതിര്‍പ്പ് അവഗണിച്ച് റോഡുകളും മൊബൈല്‍ ടവറുകളും നിര്‍മിക്കുന്നതായും മാവോയിസ്റ്റുകള്‍ ആരോപിക്കുന്നു. മാധ്യമ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച കത്ത് പൊലിസ് പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനു പിന്നില്‍ മാവോയിസ്റ്റുകളുടെ പ്രചാരണം മാത്രമാണെന്നും ഇത്തരം ആക്രമണങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും നക്‌സല്‍വിരുദ്ധ നടപടിക്കായി നിയോഗിച്ച പ്രത്യേക സേനാ തലവനായ ഡി.ഐ.ജി സുന്ദര്‍ രാജ് പറഞ്ഞു.
മാവോയിസ്റ്റുകളുടെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണാഹ്വാനം തള്ളി കഴിഞ്ഞ വ്യാഴാഴ്ച മുഴുവന്‍ വോട്ടര്‍മാരും വോട്ട് ചെയ്തത് ജനാധിപത്യത്തിന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."