ആധാര്‍: കോടതി ഇടപെടരുതെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ആധാര്‍ നിര്‍ബന്ധമാക്കിയത് പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരമാണെന്നും അതില്‍ കോടതി ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍. വ്യാജ പാന്‍ കാര്‍ഡുകളും ആദായ നികുതി തട്ടിപ്പുകളും തടയുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയാലേ കഴിയൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. പാന്‍ കാര്‍ഡിനും ആദായ നികുതി റിട്ടേണുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരേ സി.പി.ഐ നേതാവ് ബിനോയ് വിശ്വം അടക്കമുള്ളവര്‍ നല്‍കിയ ഹരജികളില്‍ വാദം നടക്കുന്നതിനിടെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
അതേസമയം, ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രിംകോടതിയുടെ ഉത്തരവിന്റെ ലംഘനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഈ ഉത്തരവ് നിലനില്‍ക്കെയാണ് ആദായ നികുതി നിയമത്തിലും ധന ബില്ലുകളിലും ഇവ നിര്‍ബന്ധമാക്കി വ്യവസ്ഥ ഉള്‍പ്പെടുത്തിയതെന്നും മുതിര്‍ന്ന അഭിഭാഷകരായ അരവിന്ദ് ദത്തര്‍, ശ്യാം ദിവാന്‍, ശ്രീരാം പ്രക്കാട്ട്, വിഷ്ണു ശങ്കര്‍ എന്നിവര്‍ വാദിച്ചു. വാദം ഇന്നും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."