കൊവിഡ് പ്രതിരോധ മാതൃക കേരളമോ ധാരാവിയോ?
ചൈനയില്‍നിന്ന് എത്തിയ മൂന്നു പേരിലൂടെ ജനുവരി മുപ്പതിനാണ് കൊവിഡ് കേരളത്തിലും, അതുവഴി ഇന്ത്യയിലുമെത്തിയത്. ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രോഗവിമുക്തി 63 ശതമാനത്തിലെത്തിയെന്നു സമാശ്വസിക്കുമ്പോഴും രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി നില്‍ക്കുന്നു. ആദ്യ ഘട്ടത്തില്‍ കേരളത്തിന്റെ കൊവിഡ് പ്രതിരോധം രാജ്യാന്തര പ്രശസ്തി നേടിയിരുന്നു. എന്നാല്‍, നമ്മുടെ കൊച്ചു സംസ്ഥാനത്തില്‍ ഇതിനകം 50ല്‍ കൂടുതല്‍ പേരെ നഷ്ടപ്പെട്ടുകഴിഞ്ഞു. 110 ദിവസത്തില്‍ 1000 കേസുകളിലൊതുങ്ങിയ കേരളം ജൂലൈ 20 ആവുമ്പോഴേക്കും 12,000 കവിഞ്ഞിരിക്കുന്നു. വീടുകളിലും ആശുപത്രികളിലുമായി ഒന്നേകാല്‍ ലക്ഷം പേരാണ് ക്വാറന്റൈനില്‍ കഴിയുന്നത്. എത്ര ബോധവല്‍ക്കരണം നടത്തിയിട്ടും ആള്‍ക്കൂട്ടങ്ങളെ വിളിച്ചു വിവാഹങ്ങള്‍ മുതല്‍ ഗൃഹപ്രവേശനങ്ങള്‍ പോലും നാം നടത്തുന്നു. ധര്‍ണകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നു. സ്രവ പരിശോധനക്കായി വാഹനങ്ങളില്‍ കയറ്റിക്കൊണ്ടു പോകുന്നവരെ രോഗികളാക്കി മുദ്രകുത്തി അക്രമിക്കുകയും ചെയ്യുന്നു, നാം.
പ്രവാസികളാണ് കേരളത്തില്‍ കൊവിഡ് വ്യാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ രോഗബാധക്കൊപ്പം ലോക്ക്ഡൗണും പ്രഖ്യാപിക്കപ്പെട്ടതോടെ, കൂടണയാന്‍ ശ്രമിച്ചവര്‍ രോഗവുമായാണ് വരുന്നതെന്ന സങ്കല്‍പത്തില്‍ അവരുടെ വിമാനയാത്ര മുടക്കാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നുമുണ്ടായി. ഇന്നിപ്പോള്‍ ഗള്‍ഫ് നാടുകളില്‍നിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും വന്നവരേക്കാളേറെ ആളുകള്‍ സമ്പര്‍ക്ക രോഗികളാണ്. ഉറവിടം ഏതെന്നു തന്നെ തിരിച്ചറിയാത്ത രോഗികളും നിരവധി. ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നതിലൂടെ ഇന്ത്യയ്ക്കാകെ മാതൃകയായി പ്രതിരോധ നടപടികള്‍ സ്വീകരിച്ചുവെന്നതിനു കൈയടികള്‍ വാങ്ങിയതാണ് കേരളം. ഫലപ്രദമായി അത് നടത്തിയോ എന്ന് നാം വിചിന്തനം നടത്തേണ്ടകാലം അതിക്രമിച്ചിരിക്കുന്നവെന്നാണ് പുതിയ സംഭവവികാസങ്ങള്‍ വിളിച്ചു പറയുന്നത്.
നഴ്‌സുമാരും ഡോക്ടര്‍മാരുമുള്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലിസിലും ഫയര്‍ഫോഴ്‌സിലും സി.ആര്‍.പി.എഫിലും ഇന്തോ - തിബത്തന്‍ ബോര്‍ഡര്‍ പൊലിസില്‍ പെട്ടവര്‍ക്കുമൊക്കെ രോഗം വന്നതായി റിപ്പോര്‍ട്ട് വരുമ്പോള്‍, നമ്മുടെ പ്രതിരോധ നടപടികള്‍ കുറേയെങ്കിലും പാളിയില്ലേ എന്നു ചിന്തിച്ചു പോകുന്നവരെ കുറ്റം പറയാന്‍ ഒക്കുമോ. വ്യാപനം തടയാനുള്ള കിറ്റുകള്‍പോലും ആവശ്യത്തിനു വിതരണം ചെയ്യാന്‍ കഴിഞ്ഞുവോ? ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ച സ്രവ സാംപിളുകളില്‍ പോലും ഫംഗസ്ബാധ എങ്ങനെ ഉണ്ടായി. രാജ്യാന്തര മാസികകളില്‍ കവര്‍സ്റ്റോറി വന്നുവെന്നും, ഐക്യരാഷ്ട്രസഭ മുതല്‍ ലോകാരോഗ്യസംഘടനവരെ പ്രശംസിച്ചുവെന്നും അഭിമാനിച്ചിരുന്ന കേരളം രോഗവ്യാപനം കാര്യമായി തടഞ്ഞ ആദ്യത്തെ എട്ടു സംസ്ഥാന പട്ടികയുടെ നാലയലത്തുപോലും ഇല്ല. നേരത്തെ കേരളത്തെ പ്രശംസിച്ച ബി.ബി.സി പോലും ഇന്നു ചൂണ്ടിക്കാണിക്കുന്നത്, ഇവിടെ രോഗപ്രതിരോധത്തില്‍ മതിയായ ശുഷ്‌കാന്തി കാണിച്ചില്ല എന്നാണ്.
സമ്പര്‍ക്കരോഗികളുടെ എണ്ണം എത്രവേഗതയിലാണ് 17 ശതമാനത്തില്‍ നിന്നും 49 ശതമാനത്തിലേക്കെത്തിയത്. അതോടൊപ്പം ഉറവിടമറിയാത്ത രോഗപ്പകര്‍ച്ചക്കും കുറവില്ല. ധര്‍ണ നടത്തുന്നവര്‍ക്കെതിരേ ജലപീരങ്കി പ്രയോഗിക്കുമ്പോഴും സമൂഹവ്യാപനത്തിന്റെ വഴിയാണ് തുറക്കുന്നതെന്നു നമ്മുടെ പൊലിസ് അധികാരികള്‍ക്കും അറിയാതെപോയി. അപ്പോഴും ആശങ്കവേണ്ട, ജാഗ്രതമതി എന്ന പാട്ടുപാടി നടക്കുകയാണ് നാം ചെയ്തത്. എല്ലാ ജില്ലകളിലും പ്രാഥമിക ചികിത്സാ സൗകര്യം ഉറപ്പാക്കാന്‍ ജൂലായ് 23 വരെ കാലാവധി നല്‍കുകയാണോ വേണ്ടത്? ഇടുക്കിയിലെന്നെപോലെ കൊവിഡ് രോഗികളുടെ വിലാസങ്ങളും ഫോണ്‍ നമ്പറുകളുമൊക്കെ എങ്ങനെയാണ് ചോര്‍ന്നത്. തിരുവനന്തപുരത്തെ പൂന്തുറപോലെ ഒരു തീരപ്രദേശത്ത് രോഗം ഇത്രവേഗം വളരെ വ്യാപകമാകുമെന്നു എന്തുകൊണ്ട് നമുക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ബോധവല്‍ക്കരണം എന്നുപറഞ്ഞു നോട്ടിസ് വിതരണം ചെയ്തതിനപ്പുറം ആ തീരദേശവാസികള്‍ക്കിടയില്‍ വ്യാപകമായ പരിശോധന നടത്താനോ, പ്രതിരോധ മരുന്നു നല്‍കാനോ, രോഗബാധിതരെ മാറ്റിപ്പാര്‍പ്പിക്കാനോ സാധിക്കാത്തത് പരാജയമല്ലേ? അവസാനം അവിടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. പ്രതിദിന വരുമാനത്തിന് പ്രയാസപ്പെടുന്ന തീരദേശക്കാര്‍ക്ക് സൗജന്യ റേഷന്‍ നല്‍കാനുള്ള സംവിധാനംപോലും സംസ്ഥാനത്ത് ഫലപ്രദമായി നടന്നില്ല. ഇവിടെയാണ് ലോകത്തിന്റെ കൈയടിനേടി എന്നു പറയുന്ന കേരളം പരാജയപ്പെട്ടത്. ഇതിനകം പന്ത്രണ്ടായിരത്തില്‍ കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ച മഹാരാഷ്ട്രയിലേക്ക് നാം നോക്കണം. ഇന്ത്യയില്‍ ഏറ്റവുമധികം കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമായിട്ടും അവിടെ ധാരാവി എന്ന ഏറ്റവും വലിയ പിന്നാക്ക പ്രദേശം കൊവിഡ് പ്രതിരോധത്തില്‍ മാതൃകയായിരിക്കുകയാണ്.
തലസ്ഥാനമായ മുംബൈ നഗരത്തിനു തൊട്ടുരുമ്മിക്കിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമാണ് ധാരാവി. രണ്ടര ചതുരശ്ര കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നത് പത്തുലക്ഷം പേരാണ്. വളരെ പാവപ്പെട്ടവര്‍. ഒരു ചതുരശ്ര കിലോമീറ്ററിനകത്ത് നാലു ലക്ഷത്തോളം ആണും പെണ്ണും. മിക്കവര്‍ക്കും ശൗചാലയങ്ങള്‍ പോലുമില്ല. രാപ്പകല്‍ ചില്ലറ ജോലികള്‍ ചെയ്ത് അന്നന്നത്തെ അന്നത്തിനു വഴി കണ്ടെത്തി, തകരക്കൂടുകളില്‍ അന്തിയുറങ്ങുന്നവര്‍. ഗവര്‍ണര്‍ ഇരിക്കുന്ന രാജ്ഭവനിലേക്കു കൂടി രോഗം കടന്നു കയറിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. രാജ്ഭവനിലെ 16 ജീവനക്കാരെ കടന്നു പിടിക്കുകയും ചെയ്തു. ഇന്ത്യയുടെ കവാട നഗരമായ മുംബൈയുടെ കഥയാണിത്. വീടിനോടനുബന്ധിച്ച് സ്വന്തമായി സര്‍വസജ്ജമായ ആശുപത്രിപോലുമുള്ള സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചനേയും മകനെയും മരുമകളായ ഐശ്വര്യ ബച്ചനെയും കടന്നാക്രമിച്ച മഹാനഗരത്തിന്റെ കഥ. മറ്റൊരു മഹാനടനായ ഷാരുഖ് ഖാന്‍ തന്റെ വീടാകെ പ്ലാസ്റ്റിക്ക് ഷീറ്റ് ഇട്ട് മറച്ച നഗരത്തിന്റെ കഥ.
ആ ധാരാവിയില്‍ ഏപ്രില്‍ ഒന്നിനാണ് ആദ്യമായി ഒരു കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ലോകമാകെ ആശങ്കപ്പെട്ടു. അത് വ്യാപിക്കാന്‍ തുടങ്ങിയതോടെ തന്നെ നഗരസഭ ഇടപെട്ടു. ഒരു മാസത്തിനകം 50 മരണങ്ങളും 1200 കേസുകളും എന്നു വന്നപ്പോള്‍ അവര്‍ സടകുടഞ്ഞെണീറ്റു. പറഞ്ഞുകേട്ട കേരള മാതൃകയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ സജീവമായി രംഗത്തിറങ്ങാന്‍ തന്നെ നഗരസഭ തയാറായി. ട്രിപ്പിള്‍ ടി എന്ന മൂന്നു ടീകളില്‍ ആണവര്‍ കൈവച്ചത്. ട്രേസിങ്ങ്, ട്രാക്കിങ്ങ്, ടെസ്റ്റിങ്ങ്. നൂറുക്കണക്കിനു സന്നദ്ധ സംഘടനകളെ അവര്‍ രംഗത്തിറക്കി. ആളുകളെ അലസമായി പുറത്തിറങ്ങാന്‍ വിട്ടില്ല. രാഷ്ട്രീയ സംഘടനകള്‍പോലും, നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി, പല കാരണങ്ങള്‍ പറഞ്ഞ് കൂട്ടധര്‍ണ നടത്തുന്ന കേരളത്തിനു മനസിലാകാത്ത കാര്യം അവര്‍ അവിടെ അമ്പതിനായിരം വീടുകളില്‍ കയറി ഇറങ്ങി അതാതിടങ്ങളില്‍ തന്നെ രോഗപരിശോധന നടത്തി. ഏഴുലക്ഷം പേരെ തെര്‍മല്‍ ടെസ്റ്റിനു വിധേയമാക്കി. സമീപപ്രദേശത്തെ സ്‌കൂളുകളും ക്ലബുകളും ഒക്കെ തുറപ്പിച്ച് ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കി, മൂവായിരത്തോളം ക്യാംപുകള്‍ തുറന്നു. ആവശ്യമായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയോഗിച്ചു. എല്ലാവര്‍ക്കും ഭക്ഷണമെത്തിച്ചു. ഫലം പെട്ടെന്നു തന്നെ കണ്ടു. ഐക്യരാഷ്ട്ര സംഘടന അത് ശ്രദ്ധിച്ചു. ലോകത്തിനു മാതൃകയാണിതെന്നു ലോകാരോഗ്യസംഘടന ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ധാരാവി കൈവരിച്ച ഈ നേട്ടം സമ്പൂര്‍ണ തീരദേശ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു കൊണ്ടെങ്കിലും പിന്തുടരാന്‍ സാധിക്കുമോ എന്ന് കേരളം നോക്കുന്നത് ഇപ്പോള്‍ മാത്രമെന്നത് നമ്മുടെ നിര്‍ഭാഗ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."