86 വര്‍ഷങ്ങള്‍ക്ക് ശേഷം അയാ സോഫിയയില്‍ നിസ്‌കാരത്തിന് പുനരാരംഭം
അങ്കാറ: നീണ്ട 86 വര്‍ഷങ്ങള്‍ക്കു ശേഷം ഇസ്തംബൂളിലെ അയാ സോഫിയ പള്ളിയില്‍ ഏകനാഥനെ സുജൂദ് ചെയ്ത് ആയിരങ്ങള്‍. മാസ്‌കണിഞ്ഞ് സാമൂഹികാകലം പാലിച്ച് നിസ്‌കാരവിരികളുമായാണ് എല്ലാവരും എത്തിയത്. 700 ആരോഗ്യപ്രവര്‍ത്തകരെയും 101 ആംബുലന്‍സുകളും ഒരു ഹെലികോപ്റ്റര്‍ ആംബുലന്‍സും സഹായത്തിന് തയാറാക്കി നിര്‍ത്തിയിരുന്നു.
തുര്‍ക്കി ജനതയുടെ അഭിലാഷം പൂവണിഞ്ഞ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തില്‍ പങ്കുകൊള്ളാന്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമെത്തിയിരുന്നു. പള്ളിയുടെ പുറത്തും വന്‍ ജനസഞ്ചയം ചരിത്രനിമിഷത്തിന് സാക്ഷികളാവാനെത്തി.
കെട്ടിടം മ്യൂസിയമാക്കിയത് നിയമവിരുദ്ധമായാണെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് മതവിരുദ്ധനായ ആധുനിക തുര്‍ക്കി സ്ഥാപകന്‍ മുസ്തഫ കമാല്‍ അത്താത്തുര്‍ക്ക് മ്യൂസിയമാക്കി മാറ്റിയ പള്ളി വീണ്ടും ആരാധനയ്ക്കായി തുറന്നുകൊടുക്കുകയാണെന്ന് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചത്.
1500 വര്‍ഷം മുമ്പ് ബൈസന്റൈന്‍ ചക്രവര്‍ത്തി ജസ്റ്റീനിയന്റെ കാലത്ത് ക്രൈസ്തവ ദേവാലയമായി നിര്‍മിക്കപ്പെട്ട ഈ മഹാ സൗധം കോണ്‍സ്റ്റാന്റിനോപ്പിള്‍ ഉസ്മാനിയ ഭരണകൂടത്തിനു കീഴിലായപ്പോള്‍ അന്നത്തെ ഭരണാധികാരി വിലകൊടുത്തു വാങ്ങി പള്ളിയും ഭരണകേന്ദ്രവുമാക്കുകയായിരുന്നു.
യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്‍പ്പെട്ട അയാ സോഫിയ സന്ദര്‍ശിക്കാന്‍ 2019ല്‍ 37 ലക്ഷം ആളുകളാണെത്തിയത്. അതേസമയം തുടര്‍ന്നും മുസ്‌ലിംകളല്ലാത്തവര്‍ക്ക് ഇവിടെ സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് ഉര്‍ദുഗാന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിസ്‌കാരസമയം കന്യാമറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രവേലകളുള്‍പ്പെടെയുള്ള ക്രൈസ്തവ അടയാളങ്ങള്‍ മറയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."