ഡല്‍ഹിയില്‍ സ്വന്തം സ്ഥാനാര്‍ഥികളെ തീരുമാനിച്ച് കോണ്‍ഗ്രസ്
ആം ആദ്മിയുമായുള്ള സഖ്യചര്‍ച്ച പ്രതിസന്ധിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മിപാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യചര്‍ച്ചകള്‍ പ്രതിസന്ധിയിലായതോടെ ആകെയുള്ള ഏഴില്‍ നാലുമണ്ഡലങ്ങളിലേക്ക് കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചു. ബാക്കി മൂന്നു സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെക്കൂടി തീരുമാനിക്കുന്നതോടെ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഈ മാസം 23നാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. ചൊവ്വാഴ്ച മുതല്‍ പത്രിക സ്വീകരിച്ചു തുടങ്ങും. അതിനാല്‍ ഇനിയും കാത്തിരിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ആംആദ്മി പാര്‍ട്ടി നേരത്തെ തന്നെ തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ന്യൂഡല്‍ഹി മണ്ഡലത്തില്‍ അജയ് മാക്കന്‍, ചാന്ദ്‌നി ചൗക്കില്‍ കപില്‍ സിബല്‍, വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ജെ. പി അഗര്‍വാള്‍, വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ രാജ്കുമാര്‍ ചൗഹാന്‍ എന്നിങ്ങനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിരിക്കുന്നത്.
ഡല്‍ഹില്‍ സഖ്യം വേണമെങ്കില്‍ ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്നും ഹരിയാനയിലെ ഡല്‍ഹിയോട് ചേര്‍ന്നുകിടക്കുന്ന ഗുഡ്ഗാവ്, ഫരീദാബാദ്, കര്‍ണാല്‍ സീറ്റുകള്‍ തങ്ങള്‍ക്ക് തരണമെന്നും ആംആദ്മി ആവശ്യപ്പെട്ടതോടെയാണ് സഖ്യചര്‍ച്ച പ്രതിസന്ധിയിലായത്. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കണമെന്ന ആവശ്യത്തെ ഡല്‍ഹി കോണ്‍ഗ്രസ് നേതാക്കളായിരുന്നു ആദ്യഘട്ടത്തില്‍ എതിര്‍ത്തിരുന്നത്. സഖ്യത്തിന് ആംആദ്മി പാര്‍ട്ടി താല്‍പര്യപ്പെടുകയും ഡല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ ഡല്‍ഹി നേതാക്കളെ കണ്ട് സമ്മതിപ്പിക്കുകയുമായിരുന്നു. എന്നാല്‍ ഇതോടെ ആംആദ്മി പാര്‍ട്ടി പുതിയ നിബന്ധനകള്‍ മുന്നോട്ടുവയ്ക്കുകയായിരുന്നു. അവസാന നിമിഷം വരെ കോണ്‍ഗ്രസ് സഖ്യത്തിന് തയാറായിരുന്നുവെന്നും എന്നാല്‍ സഖ്യം തകര്‍ത്തത് ആംആദ്മി പാര്‍ട്ടിയാണെന്നും പി.സി ചാക്കോ ആരോപിച്ചു.
മൂന്ന് സീറ്റ് കോണ്‍ഗ്രസിനും നാല് സീറ്റ് ആപിനും എന്ന നിലയില്‍ വീതംവെക്കാന്‍ തയാറായതാണ്. ഇതു സംബന്ധിച്ച് ആംആദ്മി പാര്‍ട്ടി രാജ്യസഭാ എം.പി സഞ്ജയ് സിങുമായി നിരവധി തവണ ചര്‍ച്ച നടത്തി ധാരണയിലെത്തി. എന്നാല്‍, അവര്‍ക്ക് പഞ്ചാബിലും ഹരിയാനയിലും സഖ്യം വേണം. അവിടുത്തെ രാഷ്ട്രീയ സാഹചര്യം വേറെയാണെന്നും അത് അവര്‍ മനസിലാക്കുന്നില്ലെന്നും പി.സി ചാക്കോ പ്രതികരിച്ചു. ഡല്‍ഹി സംസ്ഥാന കമ്മിറ്റിയുടെ താല്‍പര്യത്തിന് അനുസരിച്ച് മുന്നോട്ടുപോവാന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. 2014ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള ഏഴു സീറ്റുകളും ബി.ജെ.പിയാണ് നേടിയത്. ഏഴിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി. 2014ലെ തിരഞ്ഞെടുപ്പില്‍ ആറു മണ്ഡലങ്ങളിലും ബി.ജെ.പിക്ക് 45 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിച്ചു. ചാന്ദ്‌നി ചൗക്കില്‍ 44.58 ശതമാനമുണ്ട്. ആംആദ്മി പാര്‍ട്ടിയ്ക്ക് 30 ശതമാനത്തിന് തൊട്ടുതാഴെയും മുകളിലുമായി എല്ലാ മണ്ഡലങ്ങളിലും വോട്ടുണ്ട്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച 18.50 ശതമാനമാണ് ഏറ്റവും വലുത്. ഏറ്റവും കുറവ് സൗത്ത് ഡല്‍ഹിയില്‍, 11.35 ശതമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."