മോദി ബാങ്കുകളിലെ പണം ധനികന്മാര്‍ക്ക് നല്‍കി: രാഹുല്‍ ഗാന്ധി
സേലം: നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പടയോട്ടം. മോദിയുടെ മേക് ഇന്‍ ഇന്ത്യ കാംപയിനെ കളിയാക്കി തമിഴ്‌നാട്ടിലെ സേലത്തു നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ പറഞ്ഞു, ഇവിടെയാകെ ചൈനീസ് ഉല്‍പന്നങ്ങളുടെ പ്രളയമാണ്. അദ്ദേഹം നിങ്ങള്‍ക്ക് മേക് ഇന്‍ ഇന്ത്യ എന്ന പൊള്ളയായ മുദ്രാവാക്യം തന്നു. എന്നാല്‍ നാം എവിടെ നോക്കിയാലും മെയിഡ് ഇന്‍ ചൈന ഉല്‍പ്പന്നങ്ങളാണ്. ഫോണ്‍, ഷൂ, ഷര്‍ട്ട് ഏതു നോക്കിയാലും ചൈനീസ് നിര്‍മിതമാണ്.
സംസ്ഥാനത്തെ തൊഴില്‍രഹിതരായ യുവാക്കളുടെ അവസ്ഥയെ കുറിച്ചു പറയവെ മോദി അഞ്ചു വര്‍ഷമായി അവരെ മുറിവേല്‍പിക്കുകയായിരുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ബാങ്കുകളിലെ വന്‍ തുക, ഇവര്‍ക്കല്ല ധനികന്മാര്‍ക്ക് നല്‍കി- രാഹുല്‍ പരിഹസിച്ചു.
മോദിയുടെ മേക് ഇന്‍ ഇന്ത്യയുടെ കീഴില്‍ ഒരു യുവ തമിഴ് സംരംഭകന്‍ ഒരു ബിസിനസ് തുടങ്ങാന്‍ നോക്കുകയാണെങ്കില്‍ അയാള്‍ക്ക് ധാരാളം സര്‍ക്കാര്‍ ഓഫിസുകളുടെ വാതിലുകളില്‍ മുട്ടേണ്ടി വരും. പക്ഷേ എല്ലായിടത്തും കൈക്കൂലി നല്‍കണം. അവസാനം അനുമതി കിട്ടുമ്പോഴേക്കും ബിസിനസ് ആകെ പരാജയമായിട്ടുണ്ടാവും- രാഹുല്‍ തുടര്‍ന്നു. അതേസമയം കോണ്‍ഗ്രസ് പത്രികയില്‍ പുതിയൊരു ആശയവുമായാണ് വന്നിട്ടുള്ളത്. നിങ്ങള്‍ പുതിയൊരു ബിസിനസ് തുടങ്ങുകയാണെങ്കില്‍ മൂന്നു വര്‍ഷത്തേക്ക് ഒരു സര്‍ക്കാര്‍ വകുപ്പിന്റെയും അനുമതി അതിനാവശ്യമില്ല. ബിസിനസ് ശരിയാവുകയാണെങ്കില്‍ മാത്രം അനുമതി നേടിയാല്‍ മതി.
കര്‍ഷകരെ മോദിക്കു വേണ്ട
ജന്തര്‍മന്ദറില്‍ തമിഴ് കര്‍ഷകര്‍ പ്രതിഷേധിച്ചപ്പോള്‍ ഒരക്ഷരം പോലും ഉരിയാടാന്‍ മോദി തയാറായില്ല. അവര്‍ക്കവരുടെ വസ്ത്രങ്ങള്‍ അഴിക്കേണ്ടി വന്നു. എന്നിട്ടും അദ്ദേഹം അവരെ ശ്രദ്ധിച്ചതേയില്ല.
അവരെ വിളിച്ച് എന്താണവരുടെ പ്രശ്‌നമെന്ന് ചോദിക്കാനുള്ള മാന്യത പോലും മോദി കാട്ടിയില്ല- രാഹുല്‍ കുറ്റപ്പെടുത്തി.
ജി.എസ്.ടി എടുത്തുകളയും
ജി.എസ്.ടിയെ ഗബ്ബര്‍ സിങ് ടാക്‌സ് എന്ന് പരിഹസിച്ച രാഹുല്‍ നെയ്ത്തുകാര്‍ വാങ്ങുന്ന നൂലിനു പോലും നികുതിയടക്കേണ്ട അവസ്ഥയാണ് രാജ്യത്തുണ്ടായതെന്ന് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് അധികാരത്തില്‍ വരുകയാണെങ്കില്‍ ജി.എസ്.ടി എടുത്തുമാറ്റി പകരം മിനിമം നികുതി മാത്രം വരുന്ന യഥാര്‍ഥ ജി.എസ്.ടി കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."