ജാമ്യം നിന്നതിനാല്‍ യാത്രാവിലക്ക്; ഒടുവില്‍ മലയാളി സാമൂഹ്യ പ്രവര്‍ത്തകന് നാട്ടില്‍ പോകാന്‍ കോടതി അനുമതി
റിയാദ്: മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി നാരായണേട്ടന് ജാമ്യം നിന്നതിനെ തുടര്‍ന്ന് യാത്രാവിലക്ക് ഏര്‍പ്പെടുത്തപ്പെട്ട പ്രമുഖ മലയാളി സാമൂഹ്യ പ്രവര്‍ത്തകന് ഒടുവില്‍ നാട്ടിലേക്ക് പോകാന്‍ ജാമ്യം. സഊദി അറേബ്യയിലെ അറിയപ്പെട്ട സാമൂഹ്യ പ്രവര്‍ത്തകനും പ്ലീസ് ഇന്ത്യ സ്ഥാപകനുമായ ലത്തീഫ് തെച്ചിക്കാണ് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കോടതിയുടെ കാരുണ്യ ഹസ്തം ലഭിച്ചത്.
വാഹന കളവു കേസില്‍ കുടുങ്ങിയ മലപ്പുറം എടപ്പാള്‍ സ്വദേശി മങ്ങാരത്ത് നാരായണനു വേണ്ടി സഊദിയില്‍ തന്റെ പാസ്‌പോര്‍ട്ടും ഇഖാമയും നല്‍കി ജാമ്യം നിന്നതാണ് പ്രമുഖ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനായ ലത്തീഫ് തെച്ചിക് വിലങ്ങുതടിയായത്. സഊദിയിലെ മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായ വാര്‍ത്തയായിരുന്നു നാരായണന്റെ കേസ്. 21 വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതെ സഊദിയില്‍ കഴിയേണ്ടിവന്ന ഇദ്ദേഹത്തിന് നാടണയാന്‍ വഴിയൊരുക്കിയത് ലത്തീഫ് തെച്ചിയുടെ ത്യാഗമായിരുന്നു.
റിയാദിലെ നസീം സര്‍വീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെ ഉണ്ടായ കേസില്‍ അഞ്ചു വര്‍ഷവും എട്ടു മാസവും മലാസ് ജയിലില്‍ കഴിയുകയും ശേഷം അവിടെ നിന്നും ഇറങ്ങി എന്ത് ചെയ്യണമെന്നറിയാതെ പെരുവഴിയിലായ നാരായണന്റെ കഥക്ക് അവസാനമുണ്ടാക്കിയതോടെ മറ്റൊരു കഥ തുടങ്ങുകയായിരുന്നു.
ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി എങ്കിലും വാഹന ഉടമ നഷ്ട്ടപരിഹാരം ആവശ്യപെട്ടു മേല്‍ക്കോടതിയെ സമീപിച്ചതിനാല്‍ നാരായണന് യാത്രാ വിലക്ക് നേരിടുകയായിരുന്നു. നഷ്ട്ടപെട്ട വാഹനത്തിനു പകരം 115000 റിയാല്‍ ആവശ്യപ്പെട്ട വാഹനമുടമ ലത്തീഫ് തെച്ചിയുടെ നേതൃത്വത്തില്‍ ഉള്ള സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലില്‍ 60000 റിയാല്‍ ആയി കുറച്ചെങ്കിലും ആ തുക അടക്കാതെ നാട്ടില്‍ പോകാന്‍ കഴിയാതെ ദുരവസ്ഥയിലായപ്പോഴാണ് പ്ലീസ് ഇന്ത്യ (പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ ) ചെയര്‍മാന്‍ ലത്തീഫ് തെച്ചിയുടെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ലത്തീഫ് തെച്ചിയെ വക്കാലത് ഏറ്റെടുക്കാന്‍ അനുവദിച്ചു കൊണ്ട് കോടതി നാരായണന്റെ യാത്ര വിലക്ക് നീക്കുകയും 2016 മാര്‍ച്ച് 10 നു സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു.
സ്വന്തം പാസ്‌പോര്‍ട്ടിലും ഇഖാമയിലും ജാമ്യം നിന്ന ലത്തീഫ് തെച്ചി അക്ഷരാര്‍ഥത്തില്‍ നാരായണന്റെ കേസ് സ്വയം ഏറ്റെടുക്കുകയായിരുന്നു. എട്ടു വര്‍ഷവും നാലു മാസവുമായി നടന്നു വരുന്ന കേസ്, മൂന്നുവര്‍ഷവും നാലു മാസവും ലത്തീഫ് തെച്ചി നേരിട്ട് നടത്തി വരുകയായിരുന്നു. ഇതിനിടെ സഊദിയിലെ വിവിധ സംഘടനകളും കൂട്ടായ്മയും പണമടച്ചു യാത്ര വിലക്ക് നീക്കാന്‍ തയ്യാറായപ്പോള്‍. നാരായണന്‍ നിരപരാധി ആണെന്നും ആയതിനാല്‍ പണമടച്ചു കേസില്‍ നിന്നും രക്ഷപ്പെട്ടാല്‍ ഇനിയും പ്രവാസികള്‍ക് ഇതുപോലുള്ള അവസ്ഥ വരും എന്നും പറഞ്ഞു സ്‌നേഹത്തോടെ ഒഴിഞ്ഞു മാറുകയും പ്ലീസ് ഇന്ത്യ (പ്രവാസി ലീഗല്‍ എയ്ഡ് സെല്‍) ന്റെ നേതൃത്വത്തില്‍ കേസുമായി മുന്നോട്ടു പോവുകയും ആയിരുന്നു. ഇതിനിടെ, നിരവധി തവണ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇദ്ദേഹത്തിന്റെ മോചനവുമായി ബസ്സപ്പെട്ട് കുടുംബങ്ങളും വിവിധ സംഘടനകളും പരാതികളും അപേക്ഷകളും നല്‍കിയെങ്കിലും കാര്യമായ പ്രതിഫലനമൊന്നും ഉണ്ടായില്ല. ജീവകാരുണ്യത്തിന്റെ അനുകരണീയ മാതൃക തീര്‍ത്ത ഇദ്ദേഹത്തിന്റെ ജീവിത കഥകള്‍ ഉള്‍പ്പെടുത്തി 'മരുഭൂമിയിലെ തണല്‍ മരം'' എന്ന പുസ്തകം വരെ ഇറങ്ങിയിട്ടുണ്ട്.
വിധി കേട്ട ശേഷം സത്യം ജയിച്ചു, എന്നും നീതി പുലര്‍ന്നു എന്നും നിരപരാധിത്യം തെളിഞ്ഞു എന്നും പറഞ്ഞ അദ്ദേഹം പിന്തുണച്ചവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും നന്ദി അറിയിച്ചു. അദ്ദേഹം നാട്ടിലേക്ക് കുടുംബസമേതം യാത്ര തിരിച്ചു.
29 വര്‍ഷമായി റിയാദ് കോണ്‍ഫറന്‍സ് പാലസ് സീനിയര്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്തു വരികയാണ് ലത്തീഫ് തെച്ചി. അല്‍യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സൂപ്രണ്ടന്റ് ആയ റഹീനയാണ് ഭാര്യ. ഈ വര്‍ഷം റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ എംബസി സ്‌കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി കോഴിക്കോട് സ്വകാര്യ കോളജില്‍ പഠനം നടത്തുന്ന അമലും, റിയാദ് എംബസി അല്‍ യാസ്മിന്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആഷിഖ് മുഹമ്മദും, ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷൈമയും മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."