സഊദിയില്‍ പൊതു സ്ഥലങ്ങളില്‍ ഫോട്ടോയെടുത്താല്‍ പിടി വീഴും
റിയാദ്: സഊദിയില്‍ പൊതു അഭിരുചി സംരക്ഷണ ബില്‍ മന്ത്രി സഭ അംഗീകരിച്ചു. റിയാദിലെ രാജകൊട്ടാരത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ഇതോടെ പൊതു സ്ഥലങ്ങളുമായി ബന്ധപ്പെട്ട വിവിധ നിയമ ലംഘനങ്ങള്‍ക്ക് തടവും പിഴയും ലഭിക്കും.
പൊതുസ്ഥലങ്ങളിലും റോഡുകളിലും വെച്ച് രഹസ്യ ക്യാമറകള്‍ ഉപയോഗിച്ച് മുന്‍കൂട്ടി അനുമതി വാങ്ങാതെ മറ്റുള്ളവരുടെ ഫോട്ടോകളെടുക്കുകയും വീഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്താല്‍ അഞ്ചു മാസം തടവും പതിനായിരം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.
കൂടാതെ, പൊതുസ്ഥലങ്ങളില്‍ നടത്തുന്ന പതിനേഴു നിയമ ലംഘനങ്ങളും മസ്ജിദുകളില്‍ വെച്ച് നടത്തുന്ന ആറു നിയമ ലംഘനങ്ങളും നിയമാവലി നിര്‍ണയിക്കുന്നു.
പതിനെട്ട് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ ചിത്രീകരിക്കല്‍-പരസ്യത്തിനായി ചൂഷണം ചെയ്യല്‍, അപകീര്‍ത്തിയുണ്ടാക്കുന്ന ഫോട്ടോകളും ക്ലിപ്പിംഗുകളും സന്ദേശങ്ങളും പ്രചരിപ്പിക്കല്‍, പൊതു അഭിരുചിക്കും മൂല്യങ്ങള്‍ക്കും നിരക്കാത്ത, അപകീര്‍ത്തിപരമായ പേരുകള്‍ ഉപയോഗിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്കും അഞ്ചു മാസം തടവും പതിനായിരം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.
മറ്റുള്ളവര്‍ക്കുനേരെ ലജ്ജാകരമായ വാചകങ്ങളും വംശീയമായ വാചകങ്ങളും ഉപയോഗിക്കല്‍, തെറിവിളിക്കല്‍, പരിഹസിക്കല്‍, പൊതുസ്ഥലങ്ങളില്‍ വാക്കാലോ പ്രവൃത്തിയാലോ സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുത്തല്‍, മാനസികമായി പീഡിപ്പിക്കല്‍, ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും കുട്ടികളെയും സ്ത്രീകളെയും അപമാനിക്കല്‍-പരിഹസിക്കല്‍, ഉച്ചത്തില്‍ സംഗീതം വെക്കല്‍ അടക്കം പൊതുസ്ഥലത്ത് ശബ്ദകോലാഹലമുണ്ടാക്കുകയും ശാന്തതക്ക് ഭംഗം വരുത്തുകയും ചെയ്യുന്ന നിലക്ക് ഉപകരണങ്ങള്‍ ഉപയോഗിക്കല്‍, റോഡുകളിലും പൊതുസ്ഥലങ്ങളിലും മുന്‍കൂട്ടി അനുമതി വാങ്ങാതെ ശബ്ദമുഖരിതമായ പരിപാടികള്‍ സംഘടിപ്പിക്കല്‍, കാറുകളിലും വസ്ത്രങ്ങളിലും പൊതുസ്ഥലങ്ങളിലും സഭ്യതക്ക് നിരക്കാത്ത ഫോട്ടോകള്‍ പതിക്കല്‍, വാചകങ്ങള്‍ രേഖപ്പെടുത്തല്‍, സേവനങ്ങള്‍ നേടുന്നതിനുള്ള വരികളിലും (ക്യൂ) മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കല്‍, പൊതുസ്ഥലങ്ങളില്‍ ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും അവകാശങ്ങള്‍ ലംഘിക്കല്‍ എന്നിവക്കും മൂന്നു മാസം തടവും മൂവായിരം റിയാല്‍ വരെ പിഴയുമാണ് നിയമാവലിയില്‍ വ്യവസ്ഥ ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."