പാനായിക്കുളം സിമി കേസ്: വിചാരണക്കോടതി ശിക്ഷിച്ച പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു
കൊച്ചി: പാനായിക്കുളം സിമി കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച എല്ലാ പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു. കേസില്‍ വെറുതെ വിട്ട എട്ടു പ്രതികള്‍ക്കെതിരേ എന്‍.ഐ.എ സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി. ജസ്റ്റിസ് എ.എം ഷഫീഖ്, ജസ്റ്റിസ് അശോക് മേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് അപ്പീലില്‍ വിധി പ്രസ്താവിച്ചത്.
കേസിലെ ഒന്നു മുതല്‍ അഞ്ചു വരെ പ്രതികളായ പി.എ ഷാദുലി, അബ്ദുല്‍ റാസിഖ്, അന്‍സാര്‍ നദ്‌വി, നിസാമുദ്ദീന്‍, ഷമ്മാസ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ ക്യാംപ് നടന്നുവെന്നതിനു മതിയായ തെളിവുകള്‍ ബോധിപ്പിക്കാന്‍ എന്‍.ഐ.എക്ക് കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ട് ഉത്തരവായത്.
കേസിലെ മാപ്പുസാക്ഷിയായ റഷീദ് മൗലവി സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ മതിയായ സാഹചര്യ തെളിവുകളില്ല. ഉദ്യോഗസ്ഥ സാക്ഷികള്‍ പോലും ഇയാളുടെ സാന്നിധ്യം ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. ലഘുലേഖകളും പുസ്തകങ്ങളും പ്രതികളുടെ കൈവശമുണ്ടായിരുന്നുവെന്ന് തെളിയുക്കുന്നതിന് നല്‍കിയ സാഹചര്യ തെളിവുകള്‍ വിശ്വാസയോഗ്യമല്ല. രണ്ടു മണിക്കു പൊലിസിന്റെ കസ്റ്റഡിയിലായെന്ന് അവകാശപ്പെടുന്ന പ്രോസിക്യുഷന്‍ പ്രതികള്‍ക്കെതിരേ രാത്രി എട്ടു മണിക്കുശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇതിനിടയിലുള്ള സമയത്തെ രേഖകള്‍ സംഘടിപ്പിക്കുന്നതിന് ശ്രമിച്ചുവെന്ന പ്രതിഭാഗം വാദം കോടതി മുഖവിലയ്‌ക്കെടുത്തു. രാജ്യദ്രോഹപരമായി പ്രസംഗിച്ചുവെന്നതിനു മതിയായ തെളിവുകള്‍ ബോധ്യപ്പെടുത്തുന്നതില്‍ എന്‍.ഐ.എ പരാജയപ്പെട്ടു. സംഭവ സ്ഥലത്തുനിന്നു മതിയായ സ്വതന്ത്ര സാക്ഷികളെ കോടതിയില്‍ ഹാജരാക്കുന്നതില്‍ എന്‍.ഐ.എ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.
വിചാരണക്കോടതി മുന്‍ധാരണയോടെയാണ് വിധി പ്രസ്താവിച്ചതെന്നത് വിധിന്യായത്തില്‍ നിന്നു വ്യക്തമാണ്. 2015 നവംബര്‍ 25 മുതല്‍ കേസില്‍ പ്രതികളായ അബ്ദുല്‍ റാസിക്, നിസാമുദ്ദീന്‍, ഷമ്മാസ് എന്നിവര്‍ ജയിലിലാണ്. ഷാദുലി, അന്‍സാര്‍ നദ്‌വി എന്നിവര്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് മുന്‍പുതന്നെ ജയിലിലായിരുന്നു. റാസിക്കിനും, ഷമ്മാസിനും, നിസാമുദ്ദീനും മാത്രമേ ജയില്‍ മോചിതരാകാനാവൂ. കേസില്‍ സംഭവകാലത്ത് പ്രായപൂര്‍ത്തിയാവാതിരുന്ന ഈരാറ്റുപേട്ട സ്വദേശി സാലിഹിനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ വിചാരണ നടത്തണമെന്ന നടപടികള്‍ ഹൈക്കോടതി റദ്ദാക്കി.
2006 ആഗസ്റ്റ് 15ന് പാനായിക്കുളത്തുള്ള ഹാപ്പി ഓഡിറ്റോറിയത്തില്‍ നിരോധിത സംഘടനയായ സിമിയുടെ യോഗം നടത്തിയെന്നായിരുന്നു പ്രോസിക്യുഷന്‍ കേസ്.
പാനായിക്കുളം സിമി ക്യാംപ് കേസില്‍ എന്‍.ഐ.എ കോടതി ശിക്ഷിച്ച അഞ്ചുപ്രതികളെയും വെറുതെവിട്ട ഹൈക്കോടതി വിധിയെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി മുഹമ്മദ് ബഷീര്‍ സ്വാഗതം ചെയ്തു.
കേസില്‍ നേരത്തേ വെറുതെ വിട്ട എട്ടുപേര്‍ക്കെതിരേ എന്‍.ഐ.എ നല്‍കിയ അപ്പീലും കോടതി തള്ളിക്കളഞ്ഞിരിക്കുകയാണ്. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ വര്‍ഷങ്ങളോളം അന്യായമായി ജയിലില്‍ കഴിയേണ്ടിവന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കെതിരേ വിചാരണ
നടത്താനുള്ള എന്‍.ഐ.എ നടപടിക്ക് തിരിച്ചടി
കൊച്ചി: പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കെതിരേ വിചാരണ നടത്താനുള്ള എന്‍.ഐ.എ നടപടിക്ക് തിരിച്ചടി. 2006 ആഗസ്റ്റ് 15ന് പാനായിക്കുളത്തുവച്ച് സിമിക്യാംപില്‍ പങ്കെടുത്തുവെന്ന് പറയുന്ന ഈരാറ്റുപേട്ട സ്വദേശി സ്വാലിഹിനെയാണ് പ്രായപൂര്‍ത്തിയായെന്നുപോലും അന്വേഷിക്കാതെ വിചാരണയ്ക്ക് വിധേയമാക്കിയത്.
കേസില്‍ മാറിമാറിവന്ന അന്വേഷണ ഏജന്‍സികള്‍ പ്രായം ബോധപൂര്‍വം മറച്ചുവച്ചതിനെ തുടര്‍ന്നു 58 ദിവസം ജയിലില്‍ കഴിയേണ്ടിവന്നുവെന്നു സ്വാലിഹ് പറയുന്നു. എന്‍.ഐ.എ കോടതിയില്‍ വിചാരണയുടെ അന്തിമഘട്ടത്തിലാണ് പ്രായപൂര്‍ത്തിയായതുസംബന്ധിച്ച് വിചാരണക്കോടതി തീരുമാനമെടുത്തത്. കേസിന്റെ വിചാരണയ്ക്കായി 132 ദിവസം എന്‍.ഐ.എ പ്രത്യേക കോടതിയില്‍ ഹാജാരാകേണ്ടിവന്നു.
സ്വാലിഹിനൊപ്പം പ്രതിപ്പട്ടികയിലുണ്ടായിരുന്ന എല്ലാവരെയും വെറുതെ വിട്ടപ്പോഴും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ വിചാരണയ്ക്കു വിധേയമാകണമെന്ന് എന്‍.ഐ.എ കോടതി നിര്‍ദേശിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കാര്യം പലപ്രാവശ്യവും ബോധിപ്പിച്ചെങ്കിലും മുഖവിലയ്‌ക്കെടുത്തില്ല. സ്വാലിഹിന്റെ ജനനസര്‍ട്ടിഫിക്കറ്റ് കണ്ടെത്തുന്നതിന് എന്‍.ഐ.എ കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നു എന്‍.ഐ.എ ഈരാറ്റുപേട്ട പഞ്ചായത്തില്‍ അന്വേഷണം നടത്തി ഇയാളുടെ ജനനം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കോടതിയില്‍ റിപോര്‍ട്ടു ചെയ്തു. തുടര്‍ന്ന് ഇയാളുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കാന്‍ എന്‍.ഐ.എയോട് കോടതി നിര്‍ദേശിച്ചു. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലേക്ക് മാറ്റിയത്. പ്രായപൂര്‍ത്തിയാവാത്തയാളെ റിമാന്‍ഡ് ചെയ്യരുതെന്ന നിയമത്തിന്റെ ലംഘനമാണ് സ്വാലിഹിന്റെ കാര്യത്തിലുണ്ടായതെന്നു ഹൈക്കോടതില്‍ ബോധിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."