സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം തൃപ്തികരവും ഫലപ്രദവുമാണെന്നു സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. നിലവിലുള്ള അന്വേഷണം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നതിനാല്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. കൃത്യത്തില്‍ സി.പി.എമ്മിനു പങ്കില്ല. സി.പി.എം നേതാവ് വി.പി.പി മുസ്തഫ നടത്തിയത് രാഷ്ട്രീയ പ്രസംഗം മാത്രമാണെന്നും മറ്റു ആഹ്വാനങ്ങളില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കേസിലെ പ്രതി പീതാംബരന്റെ വ്യക്തി വൈരാഗ്യം മാത്രമാണ് കൊലപാതകത്തിലെത്തിച്ചത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി പുറത്തുനിന്നു സീനിയര്‍ അഭിഭാഷകന്‍ ഹാജരാവുമെന്നും വാദത്തിനു കൂടുതല്‍ സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു കേസ് മധ്യവേനലവധിക്കു ശേഷം പരിഗണിക്കാനായി മാറ്റി. സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നു കോടതിയില്‍ ബോധിപ്പിച്ചെങ്കിലും സത്യവാങ്മൂലം ബെഞ്ചില്‍ പരിഗണനയ്‌ക്കെത്തിയില്ല. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് അയാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുള്ളതുകൊണ്ടാണ്. അന്വേഷണം അട്ടിമറിക്കാന്‍ പ്രതികളോ സര്‍ക്കാരോ ശ്രമിച്ചിട്ടില്ല. പ്രതികള്‍ക്ക് സഹായകമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. സി.പി.എമ്മിന്റെ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് വെളിപ്പെടണമെങ്കില്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്നു ഹരജിക്കാര്‍ ആവശ്യപ്പെട്ടു.
പ്രതികള്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ അംഗങ്ങളായതുകൊണ്ടു അന്വേഷണം ശരിയായ നിലയില്‍ മുന്നോട്ടു പോവില്ലെന്നും സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും ഹരജിക്കാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."