ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു
ബഗ്ദാദ്: ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. വര്‍ധിച്ച തോതിലുള്ള തൊഴിലില്ലായ്മയ്ക്കും അടിസ്ഥാന സേവനങ്ങളുടെ അപര്യാപ്തതയ്ക്കുമെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തലപൊക്കിയ പ്രതിഷേധങ്ങള്‍ തലസ്ഥാനമായ ബഗ്ദാദിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതേതുടര്‍ന്ന് ഇറാഖി ഭരണകൂടം അടിയന്തര യോഗം ചേര്‍ന്നു പ്രതിസന്ധി ചര്‍ച്ച ചെയ്തു.
ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം തലസ്ഥാന നഗരത്തിലെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കാന്‍ തീരുമാനിച്ചതായി തുര്‍ക്കി വാര്‍ത്താ ഏജന്‍സി അനാദോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജനകീയ പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നതും മറ്റു നഗരങ്ങളിലേക്കു പടരുന്നതും തടയാനാണിത്.
വെള്ളിയാഴ്ച ദക്ഷിണ ഇറാഖില്‍ നൂറുകണക്കിനു പേരാണു പ്രക്ഷോഭത്തില്‍ പങ്കുകൊണ്ടത്. പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘം നജഫ് രാജ്യാന്തര വിമാനത്താവളം പിടിച്ചടക്കുകയും ചെയ്തു. മികച്ച അടിസ്ഥാന സേവനം ഏര്‍പ്പെടുത്തുക, കൂടുതല്‍ ജോലി അവസരങ്ങള്‍ സൃഷ്ടിക്കുക, ആരോപിക്കപ്പെടുന്ന ഭരണത്തിലെ ഇറാനിയന്‍ ഇടപെടല്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണു പ്രക്ഷോഭകാരികള്‍ ഉന്നയിക്കുന്നത്.
ഒരാഴ്ച മുന്‍പാണ് ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തലപൊക്കിത്തുടങ്ങിയത്. മയ്‌സാന്‍, ദീ ഖാര്‍, ബസറ, നജഫ്, കര്‍ബല അടക്കമുള്ള മിക്ക പ്രവിശ്യകളിലും സമരക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി. മയ്‌സാനില്‍ ഇറാഖി സൈന്യം വെടിയുതിര്‍ത്താണു സമരക്കാരെ ആട്ടിയോടിച്ചത്. ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഹൈദര്‍ അല്‍ അബാദിയുടെ ഇസ്‌ലാമിക് ദഅവാ പാര്‍ട്ടിയുടെയും ഇറാന്‍ പിന്തുണയുള്ള അല്‍ ബദര്‍, ശീഈ സുംപ്രിം ഇസ്‌ലാമിക് കൗണ്‍സില്‍ പാര്‍ട്ടി എന്നിവയുടെ കാര്യാലയങ്ങള്‍ സമരക്കാര്‍ തീയിട്ടതിനെ തുടര്‍ന്നായിരുന്നു സൈന്യത്തിന്റെ വെടിവയ്പ്. ദീ ഖാറില്‍ പ്രവിശ്യാ ഗവര്‍ണറുടെ വസതി കൈയേറാനുള്ള സമരക്കാരുടെ നീക്കം തടഞ്ഞ 25 പൊലിസുകാര്‍ക്കു പരുക്കേറ്റതായി ഇറാഖി വാര്‍ത്താ പോര്‍ട്ടലായ അല്‍ സുമാരിയ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."