ഈ വർഷത്തെ ഹജ്ജിൽ ഉദ്യോഗസ്ഥർ ആരും പങ്കെടുക്കില്ല, പുണ്യ സ്ഥലങ്ങളിലെ ജോലിക്കാർക്ക് കൊവിഡ് ടെസ്‌റ്റ്
മക്ക: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി ആളുകളെ തെരഞ്ഞെടുത്തത് തീർത്തും സുതാര്യമായിട്ടായിരുന്നുവെന്നും നേതാക്കളോ ഉത്തരവാദപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥരോ ഹജ്ജിൽ പങ്കെടുക്കില്ലെന്നും സഊദി ഹജ്ജ് ഉംറ മന്ത്രാലയം. ഈ വർഷത്തെ ഹജ് തീര്‍ഥാടകരില്‍ 70 ശതമാനം പേര്‍ വിദേശികളാണെന്നും നയതന്ത്ര ഉദ്യോഗസ്ഥരെയോ വിദേശ രാജ്യങ്ങളുടെ പ്രതിനിധികളെയോ സഊദിയിൽ കഴിയുന്ന വിദേശികളുടെ കൂട്ടത്തില്‍ പെട്ട വിശിഷ്ടരെയോ പ്രമുഖരെയോ ഹജിന് തെരഞ്ഞെടുത്തിട്ടില്ലെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
ഇത്തവണത്തെ ഹജിന് ആര്‍ക്കും പ്രത്യേക ഇളവ് നല്‍കേണ്ടതില്ലെന്ന തീരുമാനമാണ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ആദ്യമായി കൈക്കൊണ്ടതെന്ന് ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍, ഡെപ്യൂട്ടി മന്ത്രി അബ്ദുല്‍ഫത്താഹ് ബിന്‍ സുലൈമാന്‍ മുശാത്ത് എന്നിവർ പറഞ്ഞു. ഹജ് തീര്‍ഥാടകരെ തീര്‍ത്തും സുതാര്യമായാണ് തെരഞ്ഞെടുത്തത്. ഹാജിമാരുടെയും അവർക്ക് സേവനം ചെയ്യുന്നവരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കിക്കൊണ്ടായിരിക്കും ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ നടക്കുക. ഹാജിമാരെ തെരഞ്ഞെടുത്തതില്‍ ആര്‍ക്കും ഒരുവിധ മുന്‍ഗണനയും നല്‍കിയിട്ടില്ല. മാധ്യമങ്ങളിലൂടെ നേരത്തെ പരസ്യപ്പെടുത്തിയ ആരോഗ്യ മാനദണ്ഡങ്ങള്‍ മാത്രമാണ് ഹജ് തീര്‍ഥാടകരെ തെരഞ്ഞെടുക്കുന്നതിലുള്ള മുന്‍ഗണന.
കൊവിഡ് വ്യാപനം തടയുന്നത് ഉറപ്പുവരുത്തുന്ന നിലക്ക് അസാധാരണ ഹജ് പദ്ധതി തയാറാക്കിയിട്ടുണ്ട്. പത്തു വര്‍ഷത്തിനിടെ 15 കോടിയിലേറെ ഹജ്, ഉംറ തീര്‍ഥാടകരെ സഊദി സ്വീകരിച്ചിട്ടുണ്ടെന്നും കൊവിഡ് മഹാമാരി പ്രത്യക്ഷപ്പെട്ടപ്പോള്‍ രാജ്യത്ത് അഞ്ചു ലക്ഷത്തോളം ഉംറ തീര്‍ഥാടകരുണ്ടായിരുന്നുവെന്നും മന്ത്രി അറിയിച്ചു. അതേസമയം, പുണ്യസ്ഥലങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന തൊഴിലാളികള്‍ക്ക് കൊവിഡ് പരിശോധന നടത്തുന്നുണ്ട്. ഇസ്‌ലാമികകാര്യ മന്ത്രാലയമാണ് ആരോഗ്യ വകുപ്പുമായി സഹകരിച്ച് കൊറോണ വൈറസ് പരിശോധനകള്‍ നടത്തുന്നത്. മുസ്ദലിഫയിലെ അല്‍മശ്അറുല്‍ഹറാം മസ്‌ജിദിൽ നിയോഗിക്കുന്ന തൊഴിലാളികള്‍ക്കാണ് ആരോഗ്യ മന്ത്രാലവുമായി സഹകരിച്ച് ഇസ്‌ലാമികകാര്യ മന്ത്രാലയം ആദ്യമായി പി.സി.ആര്‍ പരിശോധനകള്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."