പാര്‍ക്കിങ് ഗ്രൗണ്ടില്‍ മരം കടപുഴകി; ഏഴോളം കാറുകള്‍ തകര്‍ന്നു
വടകര: ലിങ്ക് റോഡിനു സമീപമുള്ള നഗരസഭാ പേ പാര്‍ക്കിങ് ഗ്രൗണ്ടിലെ വന്‍ മരം കട പുഴകി വീണ്
ഏഴോളം കാറുകള്‍ തകര്‍ന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം. ഗ്രൗണ്ടിന് പിന്‍ ഭാഗത്തുള്ള കൂറ്റന്‍ മരമാണ് വീണത്. അപകടത്തില്‍ ഇരിങ്ങല്‍ പെരിങ്ങാട്ട് കുനിയില്‍ ഹരീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 56-ആര്‍-7438 മാരുതി സ്വിഫ്റ്റ്, സിദ്ധാശ്രമം സ്വദേശി സിയാദിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 57 എല്‍-1461 മാരുതി സ്വിഫ്റ്റ് കാര്‍, ചെമ്മരത്തൂര്‍ ചാലില്‍ മീത്തല്‍ ദാസന്റെ കെ എല്‍ 18-ക്യൂ-6073 മാരുതി സ്വിഫ്റ്റ്, കീഴല്‍ കുട്ടോത്ത് വട്ടപറമ്പത്ത് രഞ്ജിത്തിന്റെ കെ എല്‍ 18 ഡബ്‌ള്യു-4685 ബല്ലെന്നോ കാര്‍, വെള്ളിക്കുളങ്ങര മൂന്നാം കണ്ടത്തില്‍ ഖമറുല്‍ ഇസ്‌ലാമിന്റെ കെ.എല്‍ 58 ജി-6688 ഇന്നോവ കാര്‍,കുന്നുമ്മക്കര തെക്കേ നിടുമ്പ്രത്ത് ടി.എന്‍ ബഷീറിന്റെ മാരുതി ആള്‍ട്ടോ,കെ എല്‍ 56.ഡി 5643 ടാറ്റ ഇന്‍ഡിക്ക, കെ എല്‍-18യു-7206 സ്വിഫ്റ്റ് എന്നീ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. സമീപത്തു നിര്‍ത്തിയിട്ട റോസ് പവര്‍ യൂനിറ്റിന്റെ ജനറേറ്റര്‍ ലോറിയില്‍ മരത്തിന്റെ ഒരു ഭാഗം തട്ടി നിന്നതിനാല്‍ വാഹന തകര്‍ച്ചയുടെ വ്യാപ്തി കുറഞ്ഞു. വടകര ഫയര്‍ഫോഴ്‌സ് ക്രെയിനിന്റെ സഹായത്തോടെ മൂന്ന് മണിക്കൂറോളം പണിപ്പെട്ടാണ് മരങ്ങള്‍ കഷ്ണങ്ങളാക്കി വെട്ടി മാറ്റിയ ശേഷം നീക്കം ചെയ്തത്. ഈ സമയത്ത് ഇരുപതിലധികം വാഹനങ്ങള്‍ ഗ്രൗണ്ടില്‍ ഉണ്ടായിരുന്നു.
ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ ഇനിയും ബാക്കിയുണ്ട്. പേ പാര്‍ക്കിങ്ങിനായി ഗ്രൗണ്ട് ലേലം വിളിച്ചെടുത്തയാള്‍ പല തവണ മരം മുറിച്ചു മാറ്റാന്‍ നഗരസഭയോട് അവശ്യപ്പെട്ടിരുന്നു .എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞു നടപടി സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പാര്‍ക്കിങ് നടത്തിപ്പുകാരന്‍ സത്യന്‍ പറഞ്ഞു.
പാര്‍ക്കിങ് ഗ്രൗണ്ടിന് തൊട്ട് പിറകിലായി ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഈ മരത്തിനു ചുവട്ടില്‍ ക്യാംപ് ചെയ്യുന്നതും പതിവാണ്. വിദ്യാലയം അടച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഗ്രൗണ്ടിലെ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ നടപടി സ്വീകരിക്കാന്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിന് മാസങ്ങള്‍ക്ക് മുന്‍പേ കത്ത് നല്‍കിയതായി നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."