വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: വടകര സ്വദേശിയെ കര്‍ണാടക പൊലിസ് അറസ്റ്റ് ചെയ്തു
വടകര: കര്‍ണാടക സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും രണ്ടു കോടിയോളം രൂപ തട്ടിയ പ്രതിയെ കര്‍ണാടക പൊലിസ് വടകരയില്‍ അറസ്റ്റ് ചെയ്തു. വടകര പാലയാട് നട തുരുത്തുമ്മല്‍ ഹമീദിനെയാണ്(52)കര്‍ണ്ണാടക സുള്ള്യ പൊലിസ് അറസ്റ്റ് ചെയ്തത്. വടകര സി.ഐ. എം.എം.അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പ്രതി സഞ്ചരിച്ച വാഹനം തടഞ്ഞ് കസ്റ്റഡിയില്‍ എടുത്ത് കര്‍ണ്ണാടക പൊലിസിനെ ഏല്‍പ്പിച്ചത്.
വിസയും ജോലിയും ലഭിക്കാതായതോടെയാണ് പലരും പരാതിയുമായി പൊലിസിനെ സമീപിച്ചത്. മടിക്കൈ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. മറ്റുള്ളവരെല്ലാം സാക്ഷികളാണ്. വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് അറുപതോളം പേരില്‍ നിന്നായി പണം വാങ്ങിയ ശേഷം വിസയും ജോലിയും നല്‍കാതെ വഞ്ചിച്ചെന്നാണ് കേസ്.യു.കെ, അയര്‍ലന്‍ഡ്, കാനഡ, പോളണ്ട്, ജര്‍മനി, സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്ക് വിസയും ജോലിയും നല്‍കാമെന്ന വാഗ്ദാനമായിരുന്നു ഇയാള്‍ നല്‍കിയത്. ഇതിനായി സെര്‍ട്ടിസ് സിസ്കോ കണ്‍സള്‍ട്ടന്റ് എന്ന സ്ഥാപനവും സുള്ള്യയില്‍ ആരംഭിച്ചിരുന്നു. രണ്ടു വര്‍ഷം മുന്‍പേയുള്ള പരാതിയാണിത്. പരാതി അറിഞ്ഞ പ്രതി പിന്നീട് മുങ്ങി നടക്കുകയായിരുന്നു. പല തവണ ഇയാളെ അന്വേഷിച്ച് സുള്ള്യ പൊലിസ് വടകരയില്‍ എത്തിയെങ്കിലും തത്സമയം വിവരം ലഭിക്കുന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കെതിരേ കര്‍ണാടക പൊലിസ് ലുക്ക് ഔട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു. വടകര പൊലിസ് സ്റ്റേഷനിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് കേസ് നിലവിലുണ്ട്. ഈ കേസ് ഇപ്പോള്‍ വിചാരണയിലാണ്. പ്രതിയെയും കൊണ്ട് സുള്ള്യ പൊലിസ് കര്‍ണാടകയിലേക്ക് തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."