മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളിലെയും കോളജുകളിലെയും ക്ലാസ്മുറികളില്‍ വരുന്ന അധ്യയന വര്‍ഷം ഫാന്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചീഫ് സെക്രട്ടറിയില്‍ നിന്നും വിശദീകരണം തേടി.
വിദ്യാഭ്യാസ, ആരോഗ്യ വകുപ്പ് സെക്രട്ടറിമാര്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. കടുത്ത വേനലില്‍ ക്ലാസ് മുറികളിലിരുന്ന് ഉരുകിയൊലിക്കുന്ന കുട്ടികള്‍ക്ക് മാരക രോഗങ്ങള്‍ പിടിപെടുന്നുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് കമ്മിഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി.മോഹന്‍ദാസ് നോട്ടീസയച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെയും എസ്.എ.റ്റി ആശുപത്രിയിലെയും വാര്‍ഡുകളിലുള്ള ഫാനുകള്‍ പ്രവര്‍ത്തിക്കാത്തിനെതിരെയും കമ്മിഷന്‍ കേസെടുത്തു. ആരോഗ്യ വകുപ്പ് സെക്രട്ടറിയും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. കുഞ്ഞുങ്ങളും ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ളവര്‍ ആശ്രുപത്രി വാര്‍ഡില്‍ ഫാനില്ലാതെ ദുരിതം അനുഭവിച്ചിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി പരാതിയില്‍ പറയുന്നു.
മെഡിക്കല്‍ കോളജിലെ പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലും സ്ഥിതി വിഭിന്നമല്ല. പരാതി നല്‍കിയാല്‍ ഇലക്ട്രിംഗ് വിംങിനെ പഴിചാരി രക്ഷപ്പെടും. ഫാന്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും 60 ശതമാനവും പ്രവര്‍ത്തിക്കുന്നില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ രാജു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
വള്ളക്കടവ് എന്‍.എസ് ഡിപ്പോയില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ നേഴ്‌സറി സ്‌കൂളില്‍ ക്ലാസ്മുറിയോട് ചേര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന ഹാള്‍ അധ്യയനത്തിന് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിന് സ്ഥിരം നിയമനം നടത്തുന്നത് സംബന്ധിച്ച് കമ്മിഷന്‍ നഗരസഭാ സെക്രട്ടറിയില്‍ നിന്നും വിശദീകരണം തേടി.
35 വര്‍ഷത്തില്‍പരം പഴക്കമുള്ള സ്‌കൂളില്‍ ഭൗതിക സാഹചര്യങ്ങളുടെ അഭാവം നിമിത്തം അധ്യയനം മുടങ്ങുന്ന സാഹചര്യമാണുള്ളതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം പരാതിയില്‍ പറഞ്ഞു. 2013 ല്‍ നിയമിതയായ ശോഭന എന്ന അധ്യാപികയുടെ ശ്രമഫലമായി നിരവധി കുട്ടികള്‍ സ്‌കൂളില്‍ ചേര്‍ന്നെങ്കിലും ക്ലാസ് നടത്തുന്നതിനുള്ള സൗകര്യമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."