കുരുന്നുകൈകളിലേക്ക് 'കളിത്തോണി' എത്തുന്നു
ചെറുവത്തൂര്‍: കുരുന്നുകളുടെ സര്‍ഗാത്മകതയ്ക്ക് നിറംപകരാന്‍ പ്രീ പ്രൈമറി ക്ലാസുകളിലേക്ക് 'കളിത്തോണി' എത്തുന്നു. നിറം നല്‍കിയും ചിത്രങ്ങള്‍ നോക്കി കഥപറഞ്ഞുമെല്ലാം കുട്ടികളുടെ ചിന്തകളും ഭാവനകളും ഉണര്‍ത്തുന്ന പ്രവര്‍ത്തന കാര്‍ഡുകളുടെ സമാഹാരമാണ് 'കളിത്തോണി'.
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി ( എസ്.സി.ഇ.ആര്‍.ടി ) യുടെ നേതൃത്വത്തില്‍ നടന്നു വരുന്ന പ്രീ പ്രൈമറി ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കാര്‍ഡുകള്‍ തയാറാക്കിയിരിക്കുന്നത്. മൂന്നും നാലും വയസ് പ്രായമുള്ള കുട്ടികള്‍ക്ക് അവരുടെ പ്രായം കണക്കിലെടുക്കാതെ പലതരത്തിലുള്ള പുസ്തകങ്ങള്‍ ഉപയോഗിച്ച് പഠനം നടത്തുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. ഇതിനു പരിഹാരം കാണുന്നതിനായി അധ്യാപകര്‍ക്ക് 'കളിപ്പാട്ടം' എന്ന കൈപ്പുസ്തകം തയാറാക്കി നല്‍കിയിട്ടുണ്ട്.
ഇതിന്റെ തുടര്‍ച്ചയായാണ് പ്രവര്‍ത്തന കാര്‍ഡുകളും എത്തുന്നത്. മൂന്നു വയസുകാര്‍ക്കും നാലുവയസുകാര്‍ക്കും പ്രത്യേകം പുസ്തകങ്ങള്‍ ഉണ്ട്. കുട്ടികളുടെ ശാരീരികവും, മാനസികവും, വൈജ്ഞാനികവുമായ മേഖലകളുടെ വികാസം വളര്‍ത്തുന്ന തരത്തിലാണ് കാര്‍ഡുകള്‍ തയാറാക്കിയിരിക്കുന്നത്. മുപ്പത് തീമുകളെ അടിസ്ഥാനമാക്കിയാണ് പ്രീ പ്രൈമറി ക്ലാസുകളില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതില്‍ ഒന്നാം ഭാഗം കളിത്തോണിയില്‍ പത്തുതീമുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തന കാര്‍ഡുകളാണ് ഉള്ളത്.
ഈ പുസ്തകം എങ്ങനെ ക്ലാസ് മുറികളില്‍ ഫലപ്രദമായി വിനിയോഗിക്കാം എന്ന നിര്‍ദേശങ്ങള്‍ അടങ്ങിയ കൈപുസ്തകം അധ്യാപകര്‍ക്കും തായാറാക്കിയിട്ടുണ്ട്.
പലവഴികളില്‍ നടന്നിരുന്ന കേരളത്തിലെ പ്രീ പ്രൈമറി വിദ്യാഭ്യാസം ശാസ്ത്രീയമായി ഏകീകരിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന പ്രീ പ്രൈമറികളില്‍ 'കളിപ്പാട്ടം' എന്ന പ്രവര്‍ത്തന പുസ്തകം ഉപയോഗിച്ചുള്ള പഠനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. 18 ന് എസ്.സി.ഇ.ആര്‍.ടി യില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് കളിത്തോണി പ്രകാശനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."