പൈനാപ്പില്‍ കൃഷിക്ക് സംരക്ഷണം ഏര്‍പ്പെടുത്തണം
തിരുവനന്തപുരം: പൈനാപ്പില്‍ കൃഷിക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് പൈനാപ്പില്‍ ആന്‍ഡ് റബര്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൃഷിക്കാര്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയോ മറ്റ് ആനുകൂല്യങ്ങളോ നല്‍കുന്നില്ല. കൃഷിയെ നശിപ്പിക്കുന്ന തരത്തില്‍ വിവിധ മേഖലകളില്‍ നിന്ന് പലവിധ കുപ്രചാരണങ്ങളും ഭീഷണിയും നേരിടുന്നു. പൈനാപ്പിളില്‍ മാരകമായ കീടനാശിനികളും ഹോര്‍മോണും ഉപയോഗിക്കുന്നുവെന്ന വ്യാജപ്രചാരണം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു. വര്‍ഷങ്ങളായി റബറിന്റെ ഇടവിളയായാണ് പൈനാപ്പില്‍ കൃഷി ചെയ്യുന്നത്. റബര്‍ പ്ലാന്റിങ് വ്യാപകമായി നടക്കാതിരുന്നാല്‍ തൊഴിലവസരങ്ങള്‍ കുറയും. പ്രതിവര്‍ഷം ആയിരം കോടിയിലധികം വിറ്റുവരവുള്ള കൃഷിക്ക് സംരക്ഷണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് തങ്കച്ചന്‍ മാത്യു, സെക്രട്ടറി ടി.ബിജുമോന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."