അഭിമന്യു വധം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു ഉപവസിക്കും
കൊച്ചി: അഭിമന്യു വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്. ഇപ്പോഴത്തെ പൊലിസ് അന്വേഷണം സമ്പൂര്‍ണ പരാജയമാണ്. അറസ്റ്റുചെയ്തവരൊക്കെ പ്രതികളെ സഹായിച്ചവരെന്നാണ് പൊലിസ്തന്നെ പറയുന്നത്. സംഭവം നടന്ന് രണ്ടാഴ്ചയായിട്ടും യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ പൊലിസിനു കഴിഞ്ഞിട്ടില്ല. മുന്‍കാലങ്ങളിലെ സംഭവങ്ങളില്‍ പ്രതികളായവരെയാണ് പൊലിസ് പിടികൂടിക്കൊണ്ടിരിക്കുന്നത്. എസ്.ഡി.പി.ഐയുമായുള്ള ബന്ധം സി.പി.എം ഉപേക്ഷിച്ചെങ്കില്‍ മാത്രമെ യാഥാര്‍ഥ പ്രതികളെ പുറത്തുകൊണ്ടുവരാന്‍ സാധിക്കൂ. അഭിമന്യു വധം എന്‍.ഐ.എയോ സി.ബി.ഐയോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാളെ മഹാരാജാസ് കോളജിനു മുന്നില്‍ കെ.എസ്.യു ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്നും അഭിജിത്ത് പറഞ്ഞു. കോളജ് ക്യാംപസുകളില്‍ വര്‍ഗീയ സംഘടനകള്‍ക്ക് ഇടം നല്‍കുന്നത് എസ്.എഫ്.ഐയുടെ സംഘടനാരീതിയാണെന്നും അഭിജിത്ത് പറഞ്ഞു. അഭിമന്യു സംഭവത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണം.ജസ്‌നയുടെ തിരോധാനം, സ്വാശ്രയ കോളജ് വിഷയം എന്നിവയില്‍ കെ.എസ്.യു നടത്തിവരുന്ന സമരത്തെ അടിച്ചമര്‍ത്താമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും തുടര്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അഭിജിത്ത് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അലോഷി സേവ്യര്‍, പി.എച്ച് അസ്‌ലം, ഭാഗ്യനാഥ്, ഷാരോണ്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."