വിഷു: സജീവമായി പടക്കവിപണി
കോഴിക്കോട്: വിഷുവിനെ വരവേല്‍ക്കാന്‍ പടക്കവിപണി ഉണര്‍ന്നു. ഒടിയനും പുലിമുരുകനുമൊക്കെയാണ് ഇത്തവണത്തെ താരം. ആകാശത്ത് ആയിരം തവണ വിസ്മയം തീര്‍ക്കുന്ന 'അയ്യന്‍സ് വേള്‍ഡ് കിറ്റ്' ഇത്തവണ കലക്കും.
അയ്യന്‍സ് കമ്പനിയുടെ എല്ലാ തരത്തിലുമുള്ള പടക്കങ്ങളും അടങ്ങുന്നതാണ് 'അയ്യന്‍സ് വേള്‍ഡ് കിറ്റ്'. ആയിരം തവണ ആകാശത്ത് പൊട്ടി വിതറുന്നതാണിത്. വില കേള്‍ക്കുമ്പോള്‍ ഒന്ന് ഞെട്ടും. കിറ്റ് ഒന്നിന് പതിനായിരം രൂപ. എങ്കിലും ഒരു കിറ്റ് വാങ്ങിയാല്‍ വീട്ടിലും വിഷു ദിനത്തില്‍ ഒരുക്കാം ഒരു ചെറുപൂരം.
ഒടിയന്‍ ആയിരം മാലയും പുലിമുരുകന്‍ ആയിരം മാലയുമൊക്കെയാണ് പുതിയ മാലപ്പടക്കങ്ങള്‍. കുട്ടികള്‍ക്കായുള്ള കൂള്‍ഫയര്‍ പടക്കങ്ങളായ കമ്പിത്തിരി, മാത്താപ്പ്, പൂക്കുറ്റി, നീലചക്രം എന്നിവയ്ക്കു തന്നെയാണ് ആവശ്യക്കാര്‍ ഏറെയെന്ന് കച്ചവടക്കാര്‍ പറയുന്നു. ഇത്തവണ കച്ചവടം പൊതുവെ കുറവാണ്. ശിവകാശിയിലെ പടക്ക ഫാക്ടറിയിലെ തൊഴിലാളി സമരം കാരണം പടക്കങ്ങള്‍ എത്താന്‍ വൈകിയിരുന്നു. മാത്രമല്ല വിലയും കൂടുതലാണ്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ വില്‍പന സംബന്ധിച്ച് കൂടുതല്‍ പരിശോധനയും മറ്റുമുണ്ട്. അതിനാല്‍ തന്നെ പടക്കവിപണിക്ക് ചെറിയ മങ്ങല്‍ ഏറ്റെന്നും വ്യാപാരികള്‍ പറയുന്നു.
എല്ലാ വര്‍ഷവും നല്ല തിരക്കനുഭവപ്പെടുന്ന പുതിയങ്ങാടിയിലെ പടക്കവിപണിയില്‍ ഇത്തവണ തിരിക്ക് കുറവാണ്. തെരഞ്ഞെടുപ്പ് അനുഗ്രഹമായെന്നും വ്യാപാരികള്‍ പറയുന്നുണ്ട്. സ്ഥാനാര്‍ഥി സ്വീകരണത്തിനും പ്രകടനങ്ങള്‍ക്കുമെല്ലാം കൊഴുപ്പേകാന്‍ പാര്‍ട്ടിക്കാര്‍ പടക്കങ്ങള്‍ വാങ്ങിക്കുന്നുണ്ട്. വിഷു കച്ചവടം ഇനിയുള്ള രണ്ടു ദിവസങ്ങളിലാണ് കൂടുതല്‍ സജീവമാകുക. ഇതിനായി പടക്ക വിപണി പൂര്‍ണമായും ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."