അക്രമി തീ കൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരണപ്പെട്ടു
താമരശേരി (കോഴിക്കോട്): കൈതപ്പൊയിലിലെ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ സ്ഥാപനത്തില്‍ കയറി പെട്രോളൊഴിച്ചു തീ കൊളുത്തിയ സംഭവത്തില്‍ ചികിത്സയിലായിരുന്ന സ്ഥാപന ഉടമ കുപ്പായക്കോട് സ്വദേശി സജി കുരുവിള(53) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. ദേഹമാസകലം പൊള്ളലേറ്റ ഇദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്. കൈതപ്പൊയില്‍ ബസ് സ്റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന സുബൈദ കോംപ്ലക്‌സിലെ ഒന്നാം നിലയിലെ മലബാര്‍ ഫൈനാന്‍സ് ഉടമയാണ് മരണപ്പെട്ട കുരുവിള.
കൃത്യം നടത്തിയ പ്രതിയെ പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.ആലപ്പുഴ കടുവിനാല്‍ വള്ളിക്കുന്നം സുമേഷ് കുമാര്‍(40) ആണ് സ്വര്‍ണ്ണപണയവുമായി ബന്ധപ്പെട്ട പണമിടപാട് തര്‍ക്കത്തെ തുടര്‍ന്ന് ഉടമയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. 2017 ഒക്ടോബര്‍ 1 മുതല്‍ പ്രതി സ്ഥലത്തെ റിട്ടയേര്‍ഡ് അധ്യാപികയുടെ വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു.പ്ലംബിങ് തൊഴിലാളിയാണ് ഇയാള്‍.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ പ്രതി സുമേഷ് ധനകാര്യ സ്ഥാപനത്തിലേക്ക് വരികയും കുരുവിളയുടെ മുഖത്തേക്ക് മുളകുപൊടി വിതറിയ ശേഷം കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ശരീരത്തിലേക്ക് ഒഴിക്കുകയും പിന്നീട് ക്യാബിനു പുറത്തെത്തി തീ കൊളുത്തുകയുമായിരുന്നു. രണ്ടു കുപ്പി പെട്രോളുമായാണ് ഇയാള്‍ സ്ഥാപനത്തിലേക്ക് വന്നത്.
ഇതില്‍ ഒരു കുപ്പി പെട്രോളാണ് സജിയുടെ ശരീരത്തില്‍ ഒഴിച്ചത്.തീ പടര്‍ന്ന ശരീരവുമായി ഓടിയ സജി ബില്‍ഡിങ്ങിനു മുകളില്‍ നിന്നും താഴേക്കു ചാടുകയും താഴെ നിലയിലെ കടകളുടെ ഷീറ്റുകളില്‍ തട്ടി മഴവെള്ളത്തിലേക്ക് വീഴുകയുമായിരുന്നു.
ശരീരമാസകലം പൊള്ളലേറ്റ സജിയെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.ഈ ബഹളങ്ങള്‍ക്കിടെ പ്രതി ബില്‍ഡിങ്ങിലെ പിറകുവശത്തുകൂടി ഓടി രക്ഷപ്പെടുകയും ചെയ്തു. അക്രമിയുടേതെന്നു കരുതുന്ന ബൈക്കിന്റെ താക്കോലും ഹെല്‍മെറ്റും കൈയില്‍ കരുതിയിരുന്ന പെട്രോളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.
പത്തുവര്‍ഷത്തോളമായി സജി കുരുവിള കൈതപ്പൊയിലിലെ ഒറ്റമുറി ഓഫിസില്‍ സ്വര്‍ണപ്പണയം സംബന്ധിച്ച ഇടപാടുകള്‍ നടത്തിവരികയാണ്. സംഭവം നടക്കുമ്പോള്‍ സ്ഥാപനത്തില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
ദിവസങ്ങള്‍ക്കു മുന്‍പ് പ്രതി സുമേഷ് സ്ഥാപനത്തില്‍ വരികയും സ്വര്‍ണം പണയത്തിനായി നല്‍കാനുണ്ടെന്ന് അറിയിക്കുകയും രണ്ടുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കൊണ്ടുവന്ന സ്വര്‍ണം രണ്ടുലക്ഷം രൂപക്ക് ഇല്ലെന്നറിയിക്കുകയും അതിനുസരിച്ച സ്വര്‍ണം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പ്രതി സംഭവ ദിവസം സ്ഥാപനത്തില്‍ എത്തിയതെന്ന് പൊലിസ് പറഞ്ഞു.
മിനിമോളാണ് മരിച്ച കുരുവിളയുടെ ഭാര്യ. പിതാവ്: പരേതനായ തോമസ്. മാതാവ്:ഏലിയാമ്മ, മകന്‍ :ഗിഫ്റ്റ്‌സണ്‍.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച രാവിലെ കുപ്പായക്കോട് സെന്റ് ജോസഫ് പള്ളിയില്‍ സംസ്‌കരിക്കും. പ്രതിക്കായുള്ള അന്വേഷണം പൊലിസ് ഊര്‍ജ്ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."