മലബാര്‍ സിമന്റ്‌സ്: ശശീന്ദ്രന്റെ ഭാര്യ ടീനയും ദുരൂഹസാഹചര്യത്തില്‍ മരിച്ചു
പാലക്കാട്: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി പരേതനായ ശശീന്ദ്രന്റെ ഭാര്യ ടീന (52) ദുരൂഹ സാഹചര്യത്തില്‍ മരിച്ചു.കഴിഞ്ഞ വ്യാഴാഴ്ച കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ സെന്ററില്‍ പനിക്ക് ചികിത്സ തേടിയ ടീന ഇന്നലെ ഉച്ചകഴിഞ്ഞ് മുന്നു മണിയോടെ മരിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു.മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുകള്‍ കോടതിക്ക് മുന്നില്‍ തെളിവുകള്‍ സഹിതം എത്തിച്ച കമ്പനി സെക്രട്ടറി ശശീന്ദ്രനെയും രണ്ട് ആണ്‍മക്കളെയും 2011 ജനുവരി 24ന് ആണ് ചിറ്റൂരിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ജനങ്ങള്‍ എത്തുന്നതിന് മുമ്പ് പൊലിസ് സ്ഥലത്തെത്തിയത് വിവാദമായിരുന്നു.
മക്കളെയും ഭര്‍ത്താവിനെയും ആരോപണ വിധേയനായ വ്യവസായി കൊന്നുവെന്നായിരുന്നു ടീന നല്‍കിയ പരാതി. ഈ മരണത്തിന്റെ അന്വേഷണവും അട്ടിമറിക്കപ്പെട്ടു. മുന്നു വര്‍ഷത്തിന് ശേഷം കോയമ്പത്തൂര്‍ ഉക്കടം സ്റ്റാന്റിന് സമീപം ബസ് കാത്തു നിന്ന ശശീന്ദ്രന്റെ സഹോദരന്‍ സതീന്ദ്രകുമാറിനെ 2013 ഫെബ്രുവരി 17ന് വണ്‍വേ തെറ്റിച്ചുവന്ന ബസ് ഇടിച്ചു പരുക്കേല്‍പ്പിക്കുകയും അദ്ദേഹം പിന്നീട് മരിക്കുകയും ചെയ്തിരുന്നു. ഇരു പരാതികളിലും പൊലിസ് തെളിവുകള്‍ ശേഖരിക്കാതെ പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് ടീനയുടെ മരണം.ഇരുവൃക്കകളും തകരാറിലായതാണ് ടീനയുടെ മരണത്തിന് കാരണമെന്ന് കോവൈ മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ അറിയിച്ചു. ടീനയുടെ മരണത്തിലും ദുരൂഹത നിലനില്‍ക്കുന്നതായി ഭര്‍തൃസഹോദരന്‍ ഡോ. വി .സനല്‍കുമാറും മലബാര്‍ സിമന്റ്‌സ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും അറിയിച്ചു. പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയ ടീനയുടെ വൃക്കകള്‍ തകരാറിലായിരുന്നു എന്ന വിവരം മരണ ശേഷമാണ് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയതെന്നായിരുന്നു സനല്‍കുമാറിന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."