HOME
DETAILS
MAL
ക്വാറന്റൈനില്‍നിന്ന് മുങ്ങിയ അനുപം മിശ്രക്ക് ആലപ്പുഴ സബ്കലക്ടറായി നിയമനം
backup
July 26 2020 | 03:07 AM
ഗണ്മാന് പുറത്തു തന്നെ
തിരുവനന്തപുരം: ക്വാറന്റൈന് ലംഘിച്ച് സംസ്ഥാനം വിട്ട മുന്‍ കൊല്ലം സബ്കലക്ടര്‍ അനുപം മിശ്രക്ക് വീണ്ടും നിയമനം. ചട്ടലംഘനത്തിന് ഉദ്യോഗസ്ഥന് നല്കിയ വിശദീകരണം തൃപ്തികരമല്ലെങ്കിലും ചെറുപ്പക്കാരനാണെന്നത് പരിഗണിച്ച് ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന വാക്കാലുള്ള താക്കീതിലാണ് സസ്പെന്ഷന് നടപടികള്‍ അവസാനിപ്പിച്ചത്. ആലപ്പുഴ സബ്കലക്ടറായാണ് പുതിയ നിയമനം. യുവ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ക്വാറന്റൈന് ലംഘനം ഗുരുതര പിഴവാണെന്നും നടപടിയുണ്ടാകുമെന്നുമാണ് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍, നാല് മാസത്തിന് ശേഷം താക്കീത് മാത്രം നല്‍കിയാണ് ഇപ്പോള്‍ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തിരിക്കുന്നത്. അതേസമയം, സബ്കലക്ടര്‍ സംസ്ഥാനം വിട്ടതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ സുരക്ഷാ ഉദ്യോഗസ്ഥനെ ഇതുവരെ സര്‍വിസില്‍ തിരിച്ചെടുത്തിട്ടില്ല.
ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പുര്‍ സ്വദേശിയായ അനുപം സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാര്‍ച്ച് 18നാണ് കൊല്ലത്ത് മടങ്ങിയെത്തിയത്. 2016 ബാച്ച് ഉദ്യോഗസ്ഥനായ ഇദ്ദേഹം ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം 19 മുതല്‍ ക്വാറന്റൈനിലായിരുന്നു. തുടര്‍ന്നാണ് ആരോടും പറയാതെ സംസ്ഥാനം വിട്ടത്. ആരോഗ്യസ്ഥിതി അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോയാണ് സബ് കലക്ടര്‍ വസതിയില്‍ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് കലക്ടര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ബംഗളൂരുവിലാണെന്ന് പറഞ്ഞെങ്കിലും ടവര്‍ ലൊക്കേഷന്‍ കാണ്‍പൂരിലായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത്.
ഇതര സംസ്ഥാനത്ത് നിന്നെത്തിയതിനാല്‍ നിലവില്‍ ക്വാറന്റൈനിലുള്ള അനുപം മിശ്ര ഓഗസ്റ്റ് ഏഴിന് ചുമതലയേല്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."