ഇനി റസിഡന്റ്‌സ് അസോസിയേഷനുകളും ഗ്രീന്‍പ്രോട്ടോക്കോളിലേക്ക്
കൊല്ലം: മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനുള്ള ജനകീയ സമീപനമായ ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിക്കുന്നതിന് റസിഡന്റ്‌സ് അസോസിയേഷനുകളും മുന്നോട്ട് വരുന്നു. ജില്ലാ ശുചിത്വ മിഷന്റെ അഭ്യര്‍ഥന മാനിച്ച് കൈക്കുളങ്ങര രാമേശ്വരം റസിഡന്റ്‌സ് അസോസിയേഷനാണ് മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. അസോസിയേഷന്റെ പരിധിയില്‍ പ്ലാസ്റ്റിക് മുക്തമാക്കുകയും എല്ലാ ചടങ്ങുകളും ഗ്രീന്‍ പ്രോട്ടോക്കോളില്‍ നടത്തുന്നതിനും തീരുമാനിച്ചതായി പ്രസിഡന്റ് എസ് അശോക് കുമാര്‍, സെക്രട്ടറി എല്‍ ഗോപകുമാര്‍ എന്നിവര്‍ ജില്ലാ ശുചിത്വ മിഷനെ അറിയിച്ചതായി കോഓര്‍ഡിനേറ്റര്‍ ജി.കൃഷ്ണകുമാര്‍ പറഞ്ഞു.
ഭക്ഷണം, കുടിവെള്ള വിതരണം എന്നിവയ്ക്ക് പ്ലാസ്റ്റിക്, പേപ്പര്‍, തെര്‍മോക്കോള്‍ കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവ ഉപയോഗിക്കില്ല. പകരം കഴുകി ഉപയോഗിക്കാവുന്ന സ്റ്റീല്‍, സിറാമിക്, ചില്ല് പ്ലേറ്റുകളും, ഗ്ലാസുകളും ഉപയോഗിക്കും. സ്വന്തമായി 300 ഓളം സ്റ്റീല്‍ ഗ്ലാസ്സുകള്‍ ഇതിനകം അസോസിയേഷന്‍ വാങ്ങി. ഒരു വീട്ടില്‍ നിന്നും ഒരു പ്ലേറ്റ് വീതം സംഭാവനയായി സ്വീകരിക്കുന്നതിനും തീരുമാനിച്ചു. അസോസിയേഷന്റെ പരിധിയിലുളള കുടുംബങ്ങളിലെ ചടങ്ങുകള്‍ക്ക് സൗജന്യമായി ഇവ നല്‍കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചതായി ജില്ലാ ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഹരിതകേരളം മിഷനില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് രാമേശ്വരം റസിഡന്റ്‌സ് അസോസിയേഷന്റെ തീരുമാനമെന്നും ജില്ലാ ശുചിത്വ മിഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."