താരപ്പോര്: ഒറ്റപ്പെടല്‍ മറികടക്കാന്‍ താരസംഘടനയില്‍ തിരക്കിട്ട നീക്കങ്ങള്‍
കൊച്ചി: മലയാളസിനിമയില്‍ രൂപപ്പെട്ട താരപ്പോരില്‍ താരസംഘടനയായ അമ്മക്ക് എതിരായ നിലപാടുകള്‍ വരുന്നത് അപ്രതീക്ഷിത കേന്ദ്രങ്ങളില്‍നിന്ന്. തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖരും പ്രധാന സംഘടനകളും അമ്മയുടെ നിലപാടില്‍ തുറന്ന എതിര്‍പ്പുമായി രംഗത്തുവരുന്നത് മലയാള സിനിമാ ലോകത്ത് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഇതോടൊപ്പം, നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം സംബന്ധിച്ച് അമ്മ ഭാരവാഹികള്‍ പുറത്തുപറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചുകൊണ്ട് വനിതാതാരങ്ങള്‍ ദിവസംതോറും രംഗത്ത് വരുന്നതും സംഘടനക്ക് തലവേദനയായിട്ടുണ്ട്. വനിതാതാരങ്ങള്‍ക്ക് മലയാളം സിനിമാലോകത്തുനിന്ന് പിന്തുണ വര്‍ധിച്ചുവരുന്നതും അമ്മ ഭാരവാഹികളെ അസ്വസ്ഥരാക്കുന്ന കാര്യമാണ്.
നടന്‍ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അമ്മയുടെ ജനറല്‍ബോഡി യോഗ അജണ്ടയില്‍ ഉണ്ടായിരുന്നു എന്നാണ് മോഹന്‍ലാല്‍ പരസ്യമായി പറഞ്ഞത്. ഇത് ശരിയല്ലെന്ന് വ്യക്തമാക്കി കൊണ്ട് വനിതാതാര കൂട്ടായ്മ തൊട്ടുപിന്നാലെ രംഗത്തുവന്നിരുന്നു. ദിലീപ് വിഷയം അജണ്ടയില്‍ ഉണ്ടായിരുന്നില്ല എന്ന അവരുടെ നിലപാട് തെറ്റാണെന്ന് തെളിയിക്കാന്‍ അമ്മ ഭാരവാഹികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല; ഇക്കാര്യത്തില്‍ വനിതാതാരങ്ങളുടെ നിലപാടാണ് ശരിയെന്ന് വ്യക്തമാക്കി ദിലീപ് വിഷയം അജണ്ടയില്‍ ഇല്ലായിരുന്നുവെന്ന തുറന്നുപറച്ചിലുമായി നടന്‍ ജോയ് മാത്യുവും രംഗത്തുവന്നിട്ടുണ്ട്. പൃഥ്വിരാജ് അടക്കമുള്ളവരുടെ മാനസിക പിന്തുണയും വനിതാ താര കൂട്ടായ്മക്കുണ്ട്.
വനിതാ താര കൂട്ടായ്മയുടെ പിന്തുണ വര്‍ധിച്ച് വരുന്നതിനിടെയാണ് അമ്മയുടെ നിലപാടുകള്‍ക്ക് എതിരെ തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖരും രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ സുപ്രസിദ്ധ താരമായ കമല്‍ഹാസന്‍ കഴിഞ്ഞദിവസം അമ്മയുടെ നിലപാടുകളെ തുറന്നെതിര്‍ത്തിരുന്നു. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. വനിതാ താര കൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ നിലപാടുകള്‍ക്ക് അദ്ദേഹം ഉറച്ച പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തിയ പ്രമുഖ തമിഴ് നടന്‍ കാര്‍ത്തിയും വ്യംഗ്യമായി അമ്മയുടെ നിലപാടിനെ തള്ളിപ്പറഞ്ഞിരുന്നു. തമിഴ് സിനിമാലോകത്ത് ആണ് ഇത്തരമൊരു സംഭവം നടന്നിരുന്നതെങ്കില്‍ തങ്ങള്‍ നടിക്കൊപ്പമാകും നിലകൊള്ളുക എന്നായിരുന്നു കാര്‍ത്തിയുടെ അഭിപ്രായം. ഒപ്പം ഡബ്ല്യു.സി.സി തങ്ങളുടെ നിലപാട് കടുപ്പിക്കുക കൂടി ചെയ്തതോടെ അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ തന്നെ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."