ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം സഊദിയിലെത്തി
ജിദ്ദ: ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി. സഊദി പ്രാദേശിക സമയം ഉച്ചക്ക് രണ്ടിനാണ് നിശ്ചയിച്ചതിലും 40 മിനുട്ട് നേരത്തെ വിമാനം മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ ഇറങ്ങിയത്.
ഡല്‍ഹിയില്‍ നിന്നുള്ള 410 തീര്‍ഥാടകരാണ് ഇന്ത്യയില്‍നിന്ന് എത്തിയ സംഘത്തിലുള്ളത്. ഇന്ത്യന്‍ അംബാസിഡര്‍ അഹമ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ് തുടങ്ങിയവരും സഊദി ഹജ്ജ് മന്ത്രാലയ പ്രതിനിധികളും ചേര്‍ന്ന് ഊഷ്മള വരവേല്‍പ്പാണ് ഇന്ത്യന്‍ സംഘത്തിന് നല്‍കിയത്. മദീനയുടെ പാരമ്പര്യ രീതിയിലായിരുന്നു സ്വീകരണം. ഇന്ത്യക്ക് പുറമെ പാക്കിസ്താനില്‍ നിന്നുള്ള തീര്‍ഥാടകരും മദീനിയിലാണിറങ്ങിയത്.
ബംഗ്ലാദേശില്‍ നിന്നുള്ള തീര്‍ഥാടകര്‍ ജിദ്ദ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. വിവിധ സമയങ്ങളിലായി ന്യൂഡല്‍ഹിക്ക് പുറമെ ഗയ, ഗുവാഹട്ടി, വാരണാസി, ശ്രീനഗര്‍, ലക്‌നോ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും ഇന്നലെ മദീനയിലെത്തി. ഇവര്‍ക്ക് താമസമൊരിക്കിയിരിക്കുന്നത് മര്‍കിസിയയില്‍ മസ്ജിദുന്നബവിക്ക് സമീപം അല്‍ മുക്താര്‍ ഇന്റര്‍നാഷനല്‍ ബില്‍ഡിങ്ങിലാണ്.
മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ മികച്ച സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. എട്ട് ദിവസമാണ് തീര്‍ഥാടകര്‍ മദീനയില്‍ താമസിക്കുക. ശേഷം ബസ് മാര്‍ഗം മക്കയിലേക്ക് പോവും.
ജിദ്ദ വഴിയുള്ള തീര്‍ഥാടകരുടെ വരവ് ഈ മാസം പതിനൊന്നിനാണ് ആരംഭിക്കുക. മലയാളി തീര്‍ഥാടകര്‍ 29 മുതല്‍ ജിദ്ദ വഴി മക്കയിലെത്തും. 1,28,700 ഹാജിമാരാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കുക.
ഇന്ത്യന്‍ തീര്‍ഥാടകരുടെ സേവനത്തിനായി മലയാളികള്‍ ഉള്‍പ്പെടെ 20 ഡോക്ടര്‍മാരും 30 പാര മെഡിക്കല്‍ ജീവനക്കാരും മറ്റു സേവനങ്ങള്‍ക്കായുള്ള ജീവനക്കാരും മദീന ഹജ്ജ് മിഷന്‍ ഓഫിസില്‍ സജ്ജമായിട്ടുണ്ട്. ഇവര്‍ ബുധനാഴ്ചയാണ് മദീനയിലെത്തിയത്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന നാലു ഡിസ്‌പെന്‍സറിയും ഹറമിന് പരിസരങ്ങളിലുണ്ട്. മസ്ജിദ് അബൂദര്‍റിനടുത്തുള്ള ഹജ്ജ് മിഷന്‍ ഓഫിസിനോട് ചേര്‍ന്നാണ് മുഖ്യ ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുന്നത്. നാലു ആബുലന്‍സ് ഉള്‍പ്പെടെ രോഗികളെ കിടത്തി ചികിത്സിക്കാനായി പത്തോളം ബെഡുകളും ഒരുക്കിയിട്ടുണ്ട്.
എയര്‍പോര്‍ട്ടില്‍ ഹാജിമാരെ സഹായിക്കല്‍, ഹറമില്‍നിന്ന് വഴിതെറ്റിയവരെ സഹായിക്കല്‍, രോഗികളെ ആശുപത്രിയില്‍ എത്തിക്കല്‍, മക്കയിലേക്ക് ബസ് മാര്‍ഗം പുറപ്പെടുമ്പോള്‍ തീര്‍ഥാടകരെ സഹായിക്കല്‍, താമസസ്ഥലങ്ങളിലുള്ള സഹായം തുടങ്ങിയ കാര്യങ്ങളാണ് മിഷന്റെ മേല്‍നോട്ടത്തില്‍ നടക്കുക. ഇതിനു പുറമെ വിവിധ മലയാളി സന്നന്ധ സംഘടനകളായ വിഖായ വളണ്ടിയേഴ്‌സ്, കെ.എം.സി.സി തുടങ്ങിയ സംഘവും ഹാജ്ജിമാരുടെ സേവനത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."